സൽമാൻ റുഷ്ദിയുടെ ‘സാത്താനിക് വേഴ്സസ്’ ആമസോൺ ബെസ്റ്റ് സെല്ലേഴ്സ് പട്ടികയിൽ ഒന്നാമത്
കുത്തേറ്റതിനു പിന്നാലെ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ വിവാദ പുസ്തകം ‘ദി സാത്താനിക് വേഴ്സസ്’ ആമസോൺ ബെസ്റ്റ് സെല്ലേഴ്സ് പട്ടികയിൽ ഒന്നാമത്. ഓഗസ്റ്റ് 16നാണ് പുസ്തകം പട്ടികയിൽ ഒന്നാമത് എത്തിയത്. ഇപ്പോഴും പുസ്തകം ആദ്യ സ്ഥാനങ്ങളിലുണ്ട്. പുസ്തകം ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണ്. (salman rushdie satanic verses)
ഈ മാസം 12ന് ഇന്ത്യൻ സമയം രാത്രി 8.30നാണ് ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തിൽ കുത്തിവീഴ്ത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂജഴ്സിയിൽ നിന്നുള്ള ഹാദി മറ്റാർ (24) ആണു പിടിയിലായതെന്ന് ന്യൂയോർക്ക് പൊലീസ് അറിയിച്ചു. ആക്രമണത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല.
ഈ മാസം 14ന് അദ്ദേഹത്തെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. അദ്ദേഹത്തിൻ്റെ മകൻ സഫർ റുഷ്ദി തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പരുക്ക് ഗുരുതരമാണെങ്കിലും പിതാവിൻ്റെ നർമബോധത്തിന് ഇടിവ് സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Read Also: വെന്റിലേറ്ററിൽ നിന്ന് മാറ്റി; സൽമാൻ റുഷ്ദിയുടെ ആരോഗ്യനിലയിൽ പുരോഗതി
റുഷ്ദിയെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റി. അദ്ദേഹത്തിന് ചില വാക്കുകൾ സംസാരിക്കാൻ കഴിഞ്ഞു. ഇപ്പോഴും ഗുരുതരാവസ്ഥയിൽ തന്നെയാണ് റുഷ്ദി എന്നും മകൻ സഫർ റുഷ്ദി അറിയിച്ചു. റുഷ്ദിയുടെ ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടേക്കുമെന്ന് അദ്ദേഹത്തിൻ്റെ ഏജൻ്റ് ആൻഡ്രൂ വൈലി പറഞ്ഞു.
സൽമാൻ റുഷ്ദിക്കെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയ 24കാരനായ ഹാദി മറ്റാർ ഇറാൻ അനുഭാവിയാണെന്നാണ് വിവരം. ഇയാൾക്കെതിരെ ന്യൂയോർക്ക് പൊലീസ് ഇതുവരെ കുറ്റമൊന്നും ചുമത്തിയിട്ടില്ല. റുഷ്ദിയുടെ ആരോഗ്യാവസ്ഥ കൂടി പരിഗണിച്ചായിരിക്കും പ്രതിക്കെതിരെ കുറ്റം ചുമത്തുക. സൽമാൻ റുഷ്ദി പ്രസംഗിക്കാൻ വേദിയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് ഹാദി ആക്രമണം നടത്തിയത്.
33 വർഷം മുൻപ് ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള ഖുമൈനി റുഷ്ദിയെ വധിക്കാനായി പുറപ്പെടുവിച്ച ഫത്‌വ, ഹാദി ഇപ്പോൾ നടപ്പാക്കുകയായിരുന്നോ എന്ന സംശയമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്. റുഷ്ദിയെ വധിക്കാൻ ആഹ്വാനം ചെയ്തിരുന്ന ഇറാൻ സർക്കാരിനോട് ഹാദി മറ്റാറിന് അനുഭാവമുണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
1989ൽ സൽമാൻ റുഷ്ദിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ച ആയത്തുള്ള ഖുമൈനിയുടെ ഫോട്ടോയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലുള്ളത്. റുഷ്ദിയുടെ നാലാമത്തെ നോവലായ സേറ്റാനിക് വേഴ്‌സസിനെ പ്രവാചകനിന്ദ ആരോപിച്ച് ഇറാനിൽ നിരോധിച്ചിരുന്നു. 1989 ഫെബ്രുവരി 14നാണ് റുഷ്ദിയെ വധിക്കാൻ ആയത്തുള്ള ഖുമൈനി മതശാസന പുറപ്പെടുവിച്ചത്.
Story Highlights: salman rushdie satanic verses bestseller
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here