ഭർത്താവിനെ കൊല്ലാൻ യുവതിയും കാമുകനും ക്വട്ടേഷൻ നൽകി, കേസ് ഭയന്ന് കാമുകൻ ജീവനൊടുക്കി

സ്വന്തം ഭർത്താവിനെ കൊലപ്പെടുത്താൻ 26 കാരിയായ യുവതിയും കാമുകനും ക്വട്ടേഷൻ നൽകി. എന്നാൽ കേസ് ഭയന്ന് കാമുകൻ ജീവനൊടുക്കി. ഭർത്താവിനെ കൊല്ലാനുള്ള ധൈര്യമില്ലാതിരുന്ന ക്വട്ടേഷൻ സംഘം വെറുതെ വിട്ടതോടെ ഭർത്താവ് ദിവസങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തി. ബെംഗളൂരു ദൊഡ്ഡബിഡരക്കല്ലു എന്ന സ്ഥലത്താണ് സംഭവമുണ്ടായത്.
അനുപല്ലവി എന്ന യുവതിയും കാമുകൻ ഹിമവന്ത് കുമാറുമാണ് ഭർത്താവ് നവീൻ കുമാറിനെ കൊല്ലാൻ ക്വട്ടേഷൻ സംഘത്തിന് കരാർ നൽകിയത്. ഭർത്താവിനെ കൊല്ലാൻ 90,000 രൂപ അഡ്വാൻസായി നൽകി. ജോലി പൂർത്തിയാകുമ്പോൾ 1.1 ലക്ഷം രൂപ നൽകാമെന്നും ഉറപ്പുനൽകി.
ജൂലൈ 23 ന് ഗുണ്ടകളിൽ രണ്ടുപേർ നവീനിന്റെ ക്യാബ് തമിഴ്‌നാട്ടിലേക്ക് പോകാൻ വാടകയ്‌ക്കെടുത്തു. മൂന്നാമനും കൂടെ കൂടി. പിന്നീട്, മൂവരും നവീനിനെ തട്ടിക്കൊണ്ടുപോയി വീട്ടിൽ പാർപ്പിച്ചു. എന്നാൽ, ഗുണ്ടകൾക്ക് നവീനെ കൊല്ലാൻ ധൈര്യമുണ്ടായിരുന്നില്ല. പകരം നവീനുമായി സൗഹൃദത്തിലാകുകയും പാർട്ടി നടത്തുകയും ചെയ്തു.
ഇതിനിടെ നവീനെ കൊലപ്പെടുത്തിയെന്ന് ബോധിപ്പിക്കാൻ ക്വട്ടേഷൻ സംഘം നവീന്റെ ദേഹത്ത് തക്കാളി കെച്ചപ്പ് ഒഴിച്ച് ചിത്രമെടുത്ത് ഹിമവന്തിനും അനുപല്ലവിക്കും അയച്ചുകൊടുത്തു. ഫോട്ടോ കണ്ട് ഭയന്ന ഹിമവന്ത് ഓഗസ്റ്റ് ഒന്നിന് ബാഗലഗുണ്ടെയിലെ വസതിയിൽ ആത്മഹത്യ ചെയ്തു. സംഭവം കേസ് ആകുമോ എന്ന് ഭയന്നാണ് ഇയാൾ ആത്മഹത്യ ചെയ്തത്.
Read Also: കാമുകനൊപ്പമുള്ള വിഡിയോ ഭർത്താവിന് അയച്ചു; മൂന്ന് കുട്ടികൾക്ക് വിഷം നൽകിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു
അതിനിടെ നവീന്റെ സഹോദരി സഹോദരനെ കാണാനില്ലെന്ന് കാണിച്ച് ഓഗസ്റ്റ് രണ്ടിന് പീനിയ പൊലീസിൽ പരാതി നൽകിയിരുന്നു. ഓഗസ്റ്റ് ആറിന് എല്ലാവരെയും ഞെട്ടിച്ച് നവീൻ വീട്ടിലെത്തി. പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങൾ ഇയാൾ വെളിപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോയ ഹരീഷ്, നാഗരാജു, മുഗിലൻ എന്നിവരെയും പൊലീസ് തിരിച്ചറിഞ്ഞു. ഇവരെ പൊലീസ് പിടികൂടി.
Story Highlights: Bengaluru woman plans to get husband killed, boyfriend dies by suicide after
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here