നിർമ്മിച്ചിരിക്കുന്നത് പുല്ല് ഉപയോഗിച്ച്; നൂറുകണക്കിന് ആളുകൾ സഞ്ചരിച്ച തൂക്കുപാലം

മനുഷ്യന്റെ നിർമിതികൾ പലതും ഒരുപോലെ ആവേശവും അത്ഭുതവും നിറയ്ക്കുന്നവയാണ്. അത്തരത്തിൽ കാഴ്ചക്കാരിൽ അത്ഭുതമാകുകയാണ് ഒരു തൂക്കുപാലം. ഒരു തൂക്ക് പാലത്തിന് എന്തായിരിക്കും ഇത്ര പ്രത്യേകത എന്ന് ചിന്തിക്കുന്നവരും ഉണ്ടാകും. പാലത്തിന്റെ നിർമിതിയിൽ ഉപയോഗിച്ചിരിക്കുന്ന വസ്തു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും. പുല്ല് ഉപയോഗിച്ചാണ് ഈ പാലം ഒരുക്കിയിരിക്കുന്നത്. പുല്ല് ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ഈ പാലത്തിലൂടെ ആർക്കെങ്കിലും സഞ്ചരിക്കാൻ കഴിയുമോ എന്ന് കരുതുന്നവരും ഉണ്ടാകും. എന്നാൽ വർഷങ്ങൾക്ക് മുമ്പ് മനുഷ്യൻ നടന്നിരുന്നു എന്ന് മാത്രമല്ല സാധനങ്ങൾ പേറികൊണ്ട് മൃഗങ്ങൾ നടന്നതും ഈ പാലത്തിലൂടെയാണത്രെ.
ചരിത്രത്തിലെ നിരവധി കഥകൾ പേറുന്ന പെറുവിലാണ് അമ്പരപ്പിക്കുന്ന ഈ പാലങ്ങൾ കാണുന്നത്. പെറുവിലെ ഗോത്രവിഭാഗത്തിൽപ്പെട്ട ഒരു കൂട്ടം ആളുകളാണ് ഈ നിർമാണത്തിന് പിന്നിൽ. ‘ഇച്ചു’ എന്ന ഒരിനം പുൽച്ചെടികളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. യാതൊരുവിധ യന്ത്രങ്ങളുടെ സഹായവും ഇല്ലാതെ പൂർണമായും കൈ ഉപയോഗിച്ചാണ് ഇവയുടെ നിർമാണം.
ഇച്ചു പുല്ലുകൾ കൂട്ടമായി എടുത്ത് ഇവയുടെ ബലം ഉറപ്പുവരുത്തിയാണ് ഇവർ പാലം ഒരുക്കിയിരിക്കുന്നത്. എന്നാൽ വർഷംതോറും ഇവയുടെ കേടുവന്ന ഭാഗങ്ങൾ മുറിച്ചുമാറ്റുന്നതിനായും ഇവർ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ വർഷങ്ങളോളം സഞ്ചാരമാർഗമായി ഈ പുൽ തൂക്കുപാലങ്ങൾ ഇവിടുത്തുകാർ ഉപയോഗിച്ചിരുന്നു.
പെറുവിലെ ചില പ്രദേശങ്ങളിൽ ഇപ്പോഴും ഇത്തരം പാലങ്ങൾ കാണാൻ സാധിക്കും. ക്വിസ്വാ ചക്ക എന്ന പേരിൽ അറിയപ്പെടുന്ന ഈ പാലത്തിന് നിലവിൽ 600 വർഷത്തെ പഴക്കമുണ്ട്. ഈ പ്രദേശത്തെ പ്രധാന ഭാഗങ്ങളെത്തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം 2013 മുതൽ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും ഇടംനേടിയിട്ടുണ്ട്.
Story Highlights: hand woven bridge of grass
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here