സ്വവർഗ്ഗരതി നിരോധന നിയമം പിൻവലിക്കുമെന്ന് സിംഗപ്പൂർ

പുരുഷന്മാർക്കിടയിലെ സ്വവർഗ്ഗരതി നിരോധന നിയമം പിൻവലിക്കുമെന്ന് സിംഗപ്പൂർ. 377 എ നിയമം പിൻവലിക്കുന്നതായി സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ് ദേശീയ ടിവിയിലൂടെ പ്രഖ്യാപിച്ചു. എൽജിബിടിക്യു കമ്മ്യൂണിറ്റികളുടെ വർഷങ്ങൾ നീണ്ട സംവാദങ്ങൾക്കും പോരാട്ടങ്ങൾക്കും ഒടുവിലാണ് തീരുമാനം. ഇത് മനുഷ്യരാശിയുടെ വിജയമാണെന്ന് എൽജിബിടിക്യു കമ്മ്യൂണിറ്റി പ്രതികരിച്ചു.
സ്വവർഗരതിക്കെതിരായ എതിർപ്പിനെ മാറ്റിവച്ച്, സ്വവർഗാനുരാഗികൾ തമ്മിലുള്ള ലൈംഗികത അംഗീകരിക്കാനും, സെക്ഷൻ 377 എ റദ്ദാക്കാനും സിംഗപ്പൂർ തയ്യാറാണെന്ന് വിശ്വസിക്കുന്നുതായി പ്രധാനമന്ത്രി പറഞ്ഞു. “സ്വവർഗ്ഗരതി നിയമവിധേയമാക്കാൻ തീരുമാനിച്ചു. ഇതാണ് വേണ്ടത്, സിംഗപ്പൂർ ജനത തീരുമാനം അംഗീകരിക്കും. എല്ലായിടത്തും സ്വവർഗ്ഗാനുരാഗികൾക്ക് ഇപ്പോൾ സ്വീകാര്യത ലഭിക്കുന്നുണ്ട്” ലീ സിയാൻ ലൂംഗ് കൂട്ടിച്ചേർത്തു.
PM Lee: The Govt will repeal s377A & decriminalise sex between men. I believe this is the right thing to do & that most Singaporeans will now accept it. This will bring the law into line with current social mores & I hope, provide some relief to gay Singaporeans.#NDR2022 #NDRsg
— leehsienloong (@leehsienloong) August 21, 2022
വൈകിയെങ്കിലും തീരുമാനം അനിവാര്യമായിരുന്നു എന്ന് സ്വവർഗ്ഗാനുരാഗ പ്രവർത്തകർ പറഞ്ഞു. കഠിന പോരാട്ടത്തിനൊടുവിൽ നേടിയെടുത്ത വിജയമാണിത്. ഭയത്തിന് മേലുള്ള സ്നേഹത്തിന്റെ വിജയം, സമ്പൂർണ്ണ സമത്വത്തിലേക്കുള്ള ആദ്യ പടിയാണിതെന്നും എൽജിബിടിക്യു കമ്മ്യൂണിറ്റി കൂട്ടിച്ചേർത്തു. അതേസമയം പ്രസംഗത്തിൽ ലീ നടത്തിയ മറ്റൊരു പ്രഖ്യാപനത്തിലും കമ്മ്യൂണിറ്റി ആശങ്ക പ്രകടിപ്പിച്ചു.
സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹമെന്ന നിർവചനത്തിന് നിയമപരിരക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത് സ്വവർഗ്ഗവിവാഹം നിയമവിധേയമാക്കുന്നത് ബുദ്ധിമുട്ടാക്കും. എൽജിബിടി പ്രവർത്തകർ ഇതിനെ നിരാശാജനകമെന്ന് വിളിക്കുകയും സമൂഹത്തിൽ വിവേചനം കൂടുതൽ ശക്തമാക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇന്ത്യ, തായ്‌വാൻ, തായ്‌ലൻഡ് എന്നിവയ്ക്ക് ശേഷം എൽജിബിടി അവകാശങ്ങൾക്കായി നിയമഭേദഗതി വരുത്തുന്ന ഏഷ്യയിലെ പുതിയ രാജ്യമായി സിംഗപ്പൂർ മാറി.
Story Highlights: Singapore to end ban on gay sex
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here