Advertisement

ആരാണ് യഥാർത്ഥ വലത് കമ്മ്യുണിസ്റ്റ് ? ലോകായുക്ത ഉയർത്തുന്ന പ്രിവി പഴ്‌സ് പ്രേതം

August 23, 2022
Google News 2 minutes Read
who is the real right communist
  • ഞാറയ്ക്കലിൽ സിപിഐഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ സിപിഐ ഓഫിസ് ആക്രമിച്ച സംഭവം പി രാജീവും പി രാജുവും കൂടി കലൂർ ലെനിൻ സെന്ററിലിരുന്ന് ഒരു ചായകുടിച്ചാൽ തീരുന്ന പ്രശ്‌നത്തിനപ്പുറം മറ്റെന്താണ്?

  • പക്ഷേ, ലോകായുക്തയിലെ ഭേദഗതി നീക്കം പഴയ പ്രിവി പഴ്‌സ് നിയമത്തിനു ശേഷം സിപിഐക്കു കിട്ടിയ ഏറ്റവും നല്ല വടിയാണ്

കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ കേരളത്തിലെ ഇടതുപക്ഷത്തിന് രണ്ടു പ്രതിപക്ഷമേ ഉണ്ടായിരുന്നുള്ളു. ഒന്ന് വിഎസ് അച്യുതാനന്ദൻ. രണ്ടു സിപിഐ. മുഖ്യമന്ത്രിയായിരുന്നപ്പോഴും വിഎസ് തന്നെ ആയിരുന്നു സിപിഐഎമ്മിൻറെ പ്രതിപക്ഷം. സ്വന്തം മന്ത്രിമാർ ഭരിക്കുമ്പോഴും വെളിയം ഭാർഗവൻ മുതൽ സി കെ ചന്ദ്രപ്പൻ വരെയുള്ള സിപിഐ നേതാക്കളായിരുന്നു ആ സർക്കാരിന്റെ മറുപക്ഷം.
സിപിഐഎമ്മിൽ നേതാക്കളെല്ലാം മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണയ്ക്കുന്നവരായി മാറിയതിനു പാർട്ടി നൽകിയ വിശേഷണാണ് ‘വിഭാഗീയത ഇല്ലാതായി’ എന്നത്. ആ ഗ്രൂപ്പിലേക്ക് ഒരു മടിയുമില്ലാതെ സിപിഐയേയും ചേർത്ത ആളാണ് കാനം രാജേന്ദ്രൻ എന്നു പറയുന്നത് മറ്റാരുമല്ല. അതേ പാർട്ടിയുടെ സമ്മേളന പ്രതിനിധികൾ തന്നെയാണ്. എറണാകുളത്തെ സിപിഐ ഇപ്പോൾ പോരാടുന്നത് സിപിഐഎമ്മിനോടല്ല. സ്വന്തം സെക്രട്ടറി കാനം രാജേന്ദ്രനോടാണ്. ( who is the real right communist )

സിപിഐയുടെ നിലനിൽപ്

‘കാനത്തെ പുറത്താക്കു, സിപിഐയെ രക്ഷിക്കൂ’ എന്നാണ് എറണാകുളത്ത് എൽദോ ഏബ്രഹാം എംഎൽഎയ്ക്കു പൊലീസിൻറെ തല്ലുകൊണ്ടപ്പോൾ ആലപ്പുഴയിലെ സിപിഐ ഓഫിസിൽ പതിച്ച പോസ്റ്റർ. തല്ലിയത് പിണറായി വിജയൻ ഭരിക്കുന്ന പൊലീസ് ആണെങ്കിലും പ്രതി കാനം രാജേന്ദ്രനാണ്. അങ്ങനെ കാനത്തെ പ്രതിയാക്കിയത് സിപിഐഎമ്മുകാരല്ല. സിപിഐക്കാർ തന്നെയാണ്.
ലോകായുക്തയിൽ സിപിഐ കൊണ്ടുവരാൻ പോകുന്ന ഭേദഗതി സിപിഐഎമ്മിനെ രക്ഷിക്കാൻ കൂടി ഉദ്ദേശിച്ചുള്ളതാണ്. വിജ്ഞാപനത്തിൽ എന്തെങ്കിലും മാറ്റം വരുത്തി സഭയിൽ അവതരിപ്പിച്ചാൽ അത് നിയമക്കുരുക്കാകും. ലോകായുക്ത വിധിയിൽ പുനഃപരിശോധനയ്ക്ക് സർക്കാരിന് പൂർണ അധികാരം നൽകുന്ന ഇപ്പോഴത്തെ ബിൽ നിയമമായാൽ കോടതി അതു കാണുന്ന മാത്രയിൽ എടുത്തു കൊട്ടയിൽ ഇടുകയും ചെയ്യും. അതിനുള്ള ഏക മറുമരുന്നാണ് സഭയിൽ ഭേദഗതി അവതരിപ്പിച്ച് അതു പാസാക്കി എടുക്കുക എന്നത്.

ഭേദഗതി കൊണ്ടുവന്നു പാസായാലും ഇല്ലെങ്കിലും ലോകായുക്ത ബിൽ 50 വർഷത്തിനു ശേഷം സിപിഐക്ക് സിപിഐഎമ്മിനെ തല്ലാൻ കിട്ടിയ വടിയാണ്. വലിയ ഒരു അനീതിക്ക് സിപിഐഎം ഒരുങ്ങിയെന്നും അതു തടയാൻ കഴിഞ്ഞെന്നും സിപിഐ നേതാക്കൾക്ക് പാർട്ടി സമ്മേളനങ്ങളിൽ പറയാനുള്ള സാഹചര്യമാണ് ഒരുങ്ങിയത്. ഇതിനു മുൻപ് സിപിഐഎം സിപിഐക്കു മുന്നിൽ ചെറുതായത് പ്രിവി പഴ്‌സ് ബില്ലിലാണ്.

പ്രിവി പഴ്‌സിലെ സിപിഐഎം

സിപിഐഎമ്മിന് ഇന്നും യുക്തിഭദ്രമായി വിശദീകരിക്കാൻ കഴിയാത്തതാണ് പ്രിവി പഴ്‌സ് ബില്ലിൽ ഉണ്ടായ വീഴ്ച. മുൻ രാജാക്കന്മാർക്ക് നൽകിയിരുന്ന പ്രിവി പഴ്‌സ് നിർത്തലാക്കാൻ ഇന്ദിരാഗാന്ധി തീരുമാനിച്ചു. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവന്നു. ലോക്‌സഭയിൽ സർക്കാരിന് ബഹുഭൂരിപക്ഷം ഉണ്ടായിരുന്നു. 154ന് എതിരേ 339 വോട്ടുമായി പാസായി. എന്നാൽ രാജ്യസഭയിൽ കഥ മാറി. മുന്നിൽ രണ്ടു ഭൂരിപക്ഷത്തിനു വേണ്ടതിൽ നിന്ന് ഒരു വോട്ട് കുറവായതിനാൽ ബിൽ പരാജയപ്പെട്ടു. സിപിഐഎമ്മും സിപിഐയും ഫോർവേഡ് ബ്‌ളോക്കും എസ്എസ്പിയും ഒക്കെ ഇക്കാര്യത്തിൽ കോൺഗ്രസിന് ഒപ്പമായിരുന്നു. എല്ലാവരും വോട്ട് ചെയ്തിരുന്നെങ്കിൽ പാസാവുകയും ചെയ്യുമായിരുന്നു.

ആ ബിൽ രാജ്യസഭയിൽ ഒരു വോട്ടിന് പരാജയപ്പെട്ടപ്പോൾ വോട്ട് ചെയ്യാൻ എത്താതിരുന്ന രണ്ടു സിപിഐഎം എംപിമാർ ഉണ്ടായിരുന്നു. പശ്ചിമബംഗാളിൽ നിന്നുള്ള യുസിഎൻ സെൻഗുപ്തയും അരുൺ പ്രകാശ് ചാറ്റർജിയും. ബംഗാളിൽ മഴ ആയതുകൊണ്ട് വന്നില്ല എന്ന ഇരുവരുടേയും വിശദീകരണം പാർട്ടി സ്വീകരിച്ചു. അവർക്കെതിരേ ഒരു നടപടിയും ഉണ്ടായില്ല. അതോടെ രാജാക്കന്മാർക്കു വേണ്ടി നിന്ന പാർട്ടിയാണ് സിപിഐഎം എന്ന് സിപിഐ പറയാൻ തുടങ്ങി.
രാജ്യസഭയിൽ ഒറ്റ വോട്ടിന് പരാജയപ്പെട്ട ആ ബില്ലിന് പിന്നെ എറെക്കാലം കഷ്ടകാലം തന്നെ ആയിരുന്നു. ബിൽ പരാജയപ്പെട്ടതോടെ ഇന്ദിരാഗാന്ധി ഓർഡിനൻസ് കൊണ്ടുവന്നു. ആ ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്നു കണ്ടെത്തി സുപ്രീം കോടതിയുടെ ഏഴംഗം ബഞ്ച് റദ്ദാക്കി. സിപിഐഎമ്മിൻറെ രണ്ട് വോട്ട് കിട്ടിയിരുന്നെങ്കിൽ പാസാകുമായിരുന്ന ബിൽ ആണ് ഈ നിലയ്ക്കായത്.

വലതു കമ്യൂണിസ്റ്റുകാർ

വലതു കമ്യൂണിസ്റ്റ് പാർട്ടി എന്ന് ദേശാഭിമാനി ഇന്നും വിളിക്കുന്ന സിപിഐ ആയിരുന്നു പ്രിവി പഴ്‌സിൽ യഥാർത്ഥ ഇടത് എന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇവിടെയും അതു തന്നെയാണ് ചോദ്യം. ലോകായുക്തയിൽ യഥാർത്ഥ ഇടത് ആരാണ്? രണ്ടു മന്ത്രിമാർ മന്ത്രിസഭയിൽ വിയോജിച്ചതും കാനം രാജേന്ദ്രനും പന്യൻ രവീന്ദ്രനും എകെജി സെന്ററിൽ പോയി ചർച്ച നടത്തിയതും എപ്പോഴാണ്? രണ്ടാം വട്ടം ഓർഡിനൻസ് പുതുക്കാൻ ഗവർണർ തയ്യാറാകാതെ വന്നതിനു പിന്നാലെയാണ് ഇതു രണ്ടും സംഭവിച്ചത്. ആദ്യം ഓർഡിനൻസ് കൊണ്ടുവന്നപ്പോൾ എവിടെ ആയിരുന്നു സിപിഐയുടെ മന്ത്രിമാർ. ആ ഓർഡിനൻസിന്റെ കാലാവധി കഴിയുന്നതുവരെ എന്തുകൊണ്ടാണ് കാനം രാജേന്ദ്രനും പന്ന്യൻ രവീന്ദ്രനും ഒരു വട്ടം പോലും മുഖ്യമന്ത്രിയേയോ നിയമമന്ത്രിയേയോ കാണാതിരുന്നത്.

അതിന് ഒരു കാരണമേയുള്ളു. കാനം രാജേന്ദ്രൻ നയിക്കുന്ന സിപിഐ സിപിഐഎമ്മിൻറെ വിഭാഗീയതയില്ലാത്ത ഔദ്യോഗിക ഗ്രൂപ്പിൽ ലയിച്ചതാണ്. അപ്പോൾ ഇപ്പോൾ വിയോജിച്ചതോ? ഇസ്മാഈൽ ഗ്രൂപ്പിന്റെ വിമർശനം പേടിച്ച് എന്നൊക്കെ പറയും എന്നേയുള്ളു. അതൊന്നുമല്ല കാരണം. ആ പാർട്ടിയിൽ പഴയ വെളിയം ഭാർഗവൻറേയും സി കെ ചന്ദ്രപ്പൻറേയും താൻപോരിമയുള്ള ചിലരെങ്കിലും ബാക്കിയുണ്ട്. സമ്മേളനങ്ങളിൽ അവർക്കു മുന്നിൽ പിടിച്ചു നിൽക്കാൻ ഇത്രയൊക്കെ വേണം. സർക്കാരിന് ഒരു സഹായം ആവുകയും ചെയ്യും. എന്നാലും നാളെ ഒരു വാർത്ത എഴുതുമ്പോൾ ദേശാഭിമാനി വലതു കമ്യൂണിസ്റ്റ് എന്നു തന്നെ വിളിക്കുമല്ലോ എന്ന ഒറ്റ പ്രതിസന്ധിയേ ഇപ്പോൾ ബാക്കിയുള്ളൂ.

Story Highlights: who is the real right communist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here