Advertisement

ജെൻഡർ ന്യൂട്രലിനെതിരെ ഇന്ന് സമസ്തയുടെ സെമിനാർ; പള്ളി ഖത്തീബുമാർ പങ്കെടുക്കും

August 24, 2022
Google News 2 minutes Read
gender neutral samastha seminar

സർക്കാർ പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ ജൻഡർ ന്യൂട്രൽ പരിഷ്കാരങ്ങൾക്ക് ഊന്നൽ നൽകുന്നതിനെതിരെ സമസ്ത ഇന്ന് കോഴിക്കോട് സെമിനാർ സംഘടിപ്പിക്കും. വെള്ളിയാഴ്ച പ്രാർത്ഥനകളിൽ വിശ്വാസികളെ ബോധവത്കരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് സെമിനാർ. ജിഫ്രി മുത്തുക്കോയ തങ്ങളാണ് ഉദ്ഘാടനം. പള്ളി ഖത്തീബുമാർ സെമിനാറിൽ പങ്കെടുക്കും. ഇവർ പള്ളികളിൽ വിശ്വാസികളെ ബോധവത്കരിക്കാനാണ് സമസ്തയുടെ തീരുമാനം. യൂണിഫോമിന്റെ പേരിൽ പ്രത്യേക രാഷ്ട്രീയ അജണ്ടയാണ് സർക്കാർ നടപ്പാക്കാൻ പോകുന്നതെന്നാണ് സമസ്തയുടെ ആരോപണം. (gender neutral samastha seminar)

ജെൻഡർ ന്യൂട്രൽ എന്ന പേരിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്താൻ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞിരുന്നു. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികളുടെ ശ്രദ്ധ പാളിപ്പോകും. ആണും പെണ്ണും ഒന്നിച്ചിരിക്കുന്നത് അപകടമാണ്. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ വിദ്യാർത്ഥികൾക്ക് സ്വഭാവദൂഷ്യമുണ്ടാവുമെന്നും പിഎംഎ സലാം വാർത്താസമ്മേളനത്തിൽ പറയുന്നു.

Read Also: ജെൻഡർ ന്യൂട്രൽ വിവാദം; ലീഗിൻ്റെ താഴേത്തട്ടിൽ നിന്ന് നേതൃത്വത്തിനെതിരെ വിമർശനം ഉയരുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ലിബറലിസത്തിൻ്റെ നിഗൂഢമായ ദുരുദ്ദേശ്യമാണ് നിർദ്ദേശത്തിനു പിന്നിൽ. ഇത് എല്ലാ മതവിശ്വാസികളുടെയും പ്രശ്നമാണ്. മതവിശ്വാസങ്ങളിൽ കാലാനുസൃത മാറ്റം എന്നൊന്നില്ല. ജപ്പാനിൽ ഫ്രീ സെക്സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞു. പുരുഷ വസ്ത്രം സ്ത്രീയിൽ അടിച്ചേല്പിക്കുന്നതിനു പകരം സ്ത്രീകളുടെ വസ്ത്രം ധരിച്ച് പുരുഷന്മാർക്ക് സ്ത്രീകളെ ബഹുമാനിച്ചുകൂടേ? എന്നും പിഎംഎ സലാം ചോദിച്ചു.

ജെൻഡർ ന്യൂട്രാലിറ്റി നടപ്പായാൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ പറഞ്ഞത്. കൂടുതൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ട്. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോൾ സ്വവർഗ ലൈംഗികതയിൽ എന്തിനാണ് കേസ് എടുക്കുന്നത്. ആൺകുട്ടികൾ മുതിർന്ന പുരുഷന്മാരുമായി ബന്ധപ്പെട്ടാൽ കേസ് എടുക്കുന്നത് എന്തിനാണെന്നും എംകെ മുനീർ ചോദിച്ചു. ഇതിനെതിരെ പ്രതികരിച്ചത് കൊണ്ട് തന്നെ ഇസ്ലാമിസ്റ്റ് ആക്കിയാലും കുഴപ്പമില്ലെന്നും മുനീർ പറഞ്ഞു. കെഎടിഎഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മുനീർ.

എന്നാൽ, ഒരിടത്തും ജൻഡർ ന്യൂട്രൽ യൂണിഫോം സർക്കാർ അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. ത്യല്യതാ യൂണിഫോം നടപ്പാക്കണം എന്നുള്ള സ്‌കൂളുകൾ പി ടി എയുമായി ആലോചിച്ചു സർക്കാരിനെ അറിയിച്ചാൽ പരിഗണിക്കും. സർക്കാരിന് പ്രത്യേക നിർബന്ധം ഇല്ല. നിലപാട് സർക്കാർ വ്യക്തമാക്കിയിട്ടും തെറ്റിദ്ധാരണ പരക്കുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.

Story Highlights: gender neutral samastha seminar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here