ഇന്ന് അയ്യങ്കാളി ജയന്തി; അടിച്ചമർത്തപ്പെട്ടവരുടേയും നീതി നിഷേധിക്കപ്പെട്ടവരുടേയും ശബ്ദമായിരുന്ന പോരാളി

ഇന്ന് അയ്യങ്കാളി ജയന്തി. ജാതിവ്യവസ്ഥയ്ക്കും അനാചാരങ്ങൾക്കും എതിരെ അഹോരാത്രം പോരാടിയ അയ്യങ്കാളിയുടെ 159ആം ജൻമവാർഷികദിനം. അടിച്ചമർത്തപ്പെട്ടവരുടേയും നീതി നിഷേധിക്കപ്പെട്ടവരുടേയും ശബ്ദമായിരുന്നു അയ്യങ്കാളി.
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ ജനിച്ച അയ്യങ്കാളി 1907ൽ സാധുജന പരിപാലന സംഘം സ്ഥാപിച്ചു. അസമത്വം അനുഭവിച്ച എല്ലാ ജാതിമതസ്ഥരുടേയും ഉന്നമനമായിരുന്നു സംഘടനയുടെ ലക്ഷ്യം. സഞ്ചാരസ്വാതന്ത്ര്യം, വിദ്യാഭ്യാസത്തിനുള്ള അവകാശം, ന്യായമായ കൂലി എന്നിവ നേടിയെടുക്കാൻ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചു. തൊഴിലാളികൾ അയ്യങ്കാളിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു. സമൂഹത്തിന്റെ മുകൾത്തട്ടിലുള്ളവർ മാത്രമുപയോഗിച്ചിരുന്ന വില്ലുവണ്ടിയിൽ തിരുവനന്തപുരത്തെ പൊതുവഴിയിലൂടെ സഞ്ചരിച്ച് ജാതിമേധാവിത്വത്തെ വെല്ലുവിളിച്ചു.
അരയ്ക്കു മേലോട്ടും മുട്ടിനു കീഴോട്ടും മുണ്ടു നീട്ടിയുടുക്കാൻ അവർണർക്ക് വിലക്കുണ്ടായിരുന്ന ആ കാലത്ത് മുണ്ടും അരക്കയ്യൻ ബനിയനും വെളുത്ത തലക്കെട്ടും ധരിച്ചുള്ള യാത്ര ചരിത്രത്തിലേക്കായിരുന്നു എല്ലാ ജാതിക്കാർക്കും പൊതുനിരത്തിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്യ്രം ലഭിച്ചതോടെയാണ് ആ സമരം അവസാനിച്ചത്. അധഃസ്ഥിത വിഭാഗങ്ങളിലെ വിദ്യാർഥികളെ സർക്കാർ സ്‌കൂളുകളിൽ പ്രവേശിപ്പിക്കാനായിരുന്നു അടുത്ത പോരാട്ടം. ഒരു വർഷത്തോളം നീണ്ട പ്രക്ഷോഭത്തിന്റെ ഫലമായി 1910 ൽ എല്ലാവർക്കും വിദ്യാഭ്യാസത്തിന് അനുമതി ലഭിച്ചു.
ദളിത് സ്ത്രീകൾ കഴുത്തിലണിഞ്ഞിരുന്ന കല്ലുമാലകൾ ഉപേക്ഷിക്കാൻ അയ്യങ്കാളി ആഹ്വാനം ചെയ്തു. 1914 ലെ കല്ലുമാല സമരം കേരള ചരിത്രത്തിലെ സുപ്രധാനഅധ്യായമായി . 1914 മേയ് മാസത്തിൽ ‘സാധുജന പരിപാലിനി’ പത്രം തുടങ്ങി. ക്ഷേത്രപ്രവേശന വിളംബരം നടത്തിയതിന് തിരുവിതാംകൂർ മഹാരാജാവിനെ അഭിനന്ദിക്കാനെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യങ്കാളിയെ സന്ദർശിച്ചു. അരികുവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറിയ നവോത്ഥാനനായകൻ വിടവാങ്ങിയത് 1941 ജൂൺ 18നാണ്.
Story Highlights: ayyankali jayanthi today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here