Advertisement

‘ബ്ലാസ്റ്റേഴ്സിലേക്ക് വരാതിരിക്കാൻ കാരണമെന്ത്?’; മനസുതുറന്ന് പെരേര ഡിയാസ്

August 28, 2022
Google News 2 minutes Read
pereyra diaz kerala blasters

കഴിഞ്ഞ സീസണിൽ ഫൈനൽ കളിച്ച കേരള ബ്ലാസ്റ്റേഴ്സിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത താരമാണ് അർജൻ്റൈൻ താരം പെരേര ഡിയാസ്. ഈ സീസണിലും ക്ലബിൽ തന്നെ തുടർന്നേക്കുമെന്ന് കരുതപ്പെട്ടെങ്കിലും താരം മുംബൈ സിറ്റി എഫ്സിക്കായി കരാർ ഒപ്പിട്ടത് ആരാധകർക്ക് ഞെട്ടലായിരുന്നു. താരം എന്തുകൊണ്ട് ക്ലബിൽ തുടർന്നില്ല എന്ന ചോദ്യമാണ് അന്ന് മുതൽ ആരാധകർ ചോദിക്കുന്നത്. ഇപ്പോഴിതാ ഡിയാസ് അതിനു മറുപടി പറയുകയാണ്. (pereyra diaz kerala blasters)

ബ്ലാസ്റ്റേഴ്സിലേക്ക് തിരികെയെത്തുമെന്ന വിശ്വാസത്തിൽ ഏതാണ്ട് മൂന്ന് മാസത്തോളം താൻ കാത്തിരുന്നു എന്ന് ഡിയാസ് പറയുന്നു. ആ സമയത്ത് ഗൾഫ് രാജ്യങ്ങളിലെ ക്ലബുകളിൽ നിന്നൊക്കെ ഓഫർ വന്നിരുന്നു. അതൊന്നും സ്വീകരിച്ചില്ല. ഒടുവിൽ ബ്ലാസ്റ്റേഴ്സിന് മറ്റ് പദ്ധതികളാണെന്ന് ഞാനറിഞ്ഞു. അത് എനിക്ക് വലിയ ഞെട്ടലായി. ബ്ലാസ്റ്റേഴ്സിൽ ഇനി തുടരാൻ കഴിയില്ലെന്ന് ഉറപ്പായപ്പോഴാണ് മുംബൈ സിറ്റിയിൽ നിന്ന് ഓഫർ വരുന്നത്. അത് സ്വീകരിക്കാൻ ഏറെ ആലോചിക്കേണ്ടിവന്നില്ല. മുംബൈയുടെ പ്രഫഷണലിസം ആ ഓഫർ സ്വീകരിക്കാനുള്ള ഒരു കാരണമായിരുന്നു. ഒപ്പം സിറ്റി ഫുട്ബോൾ ​ഗ്രൂപ്പെന്ന ബ്രാൻഡും അവർക്കുണ്ട്. ആ സമയത്തും മറ്റ് ചില രാജ്യങ്ങളിൽ നിന്ന് ഓഫറുകൾ വന്നെങ്കിലും പുതിയൊരു രാജ്യത്ത് പുതിയൊരു ക്ലബിനൊപ്പം ചേർന്ന് അവിടെ സെറ്റിൽ ആകേണ്ടതിന്റെ ബുദ്ധിമുട്ടിലേക്ക് കടക്കാൻ ആഗ്രഹിച്ചില്ലെന്നും ഡിയാസ് പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Read Also:വിദേശത്തല്ല, ഡിയാസ് ഐഎസ്എലിൽ തന്നെയുണ്ട്; ഇനി മുംബൈ സിറ്റിയിൽ കളിക്കും

അർജൻ്റൈൻ ക്ലബായ പ്ലാറ്റൻസിൽ നിന്ന് വായ്പാടിസ്ഥാനത്തിലെത്തിയ ഡിയാസ് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ താരം തിരികെ പ്ലാറ്റൻസിലേക്ക് പോകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, പ്ലാറ്റൻസുമായുള്ള കരാർ അവസാനിപ്പിച്ച് ഡിയാസ് ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവക്കുമെന്ന് പിന്നീട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഈ റിപ്പോർട്ടുകളൊക്കെ അസ്ഥാനത്താക്കിയാണ് താരം ക്ലബ് വിട്ടത്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി എട്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് ഡിയാസ് നേടിയത്. ഫൈനൽ വരെയെത്തിയ ബ്ലാസ്റ്റേഴ്സിൻ്റെ പ്രകടനത്തിൽ ഡിയാസ് നിർണായക പ്രകടനങ്ങളാണ് നടത്തിയത്.

Story Highlights: pereyra diaz kerala blasters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here