Advertisement

പലപ്പോഴും ‘പാര്‍ട്ടി രക്ഷകനായി’; വിഭാഗീയതയില്‍ ഗോപി കോട്ടമുറക്കല്‍ പുറത്തായപ്പോള്‍ എറണാകുളം ജില്ലാ സെക്രട്ടറി, ചെങ്കൊടിയേന്താന്‍ എം.വി.ഗോവിന്ദനെത്തുമ്പോള്‍

August 28, 2022
Google News 2 minutes Read
Who is MV m v govindan

സിപിഐഎമ്മിന്റെ സൈദ്ധാന്തികമായി മുഖമായി എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി എത്തുമ്പോള്‍ കടമ്പകളേറെയാണ്. മുന്നണിയേയും പാര്‍ട്ടിയേയും ഒരു നൂലില്‍ കോര്‍ത്ത മുത്തുകള്‍ പോലെ കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകുകയെന്നത് മുഖ്യം. മുന്നണി സംവിധാനത്തില്‍ അസ്വാരസ്യങ്ങള്‍ ഉള്‍പ്പെടെയുണ്ടായപ്പോഴെല്ലാം ‘അകം എരിയുന്നത് പുറം അറിയരുതെന്നത് പോലെ’ കോടിയേരി ബാലകൃഷ്ണന്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. കോടിയേരിയുടെ അതേ ലഗസി തന്നെയാണ് എം.വി.ഗോവിന്ദനെന്നെ പാര്‍ട്ടിയുടെ ‘ഗോവിന്ദന്‍ മാഷിന്റെ’യും ശൈലി ( Who is MV m v govindan ).

പ്രതിസന്ധി ഘട്ടങ്ങളില്‍ പലപ്പോഴും അദ്ദേഹം അത്തരത്തില്‍ പാര്‍ട്ടിയുടെ ചുമതലകള്‍ തോളേറ്റിയിട്ടുണ്ട്. വി.എസ്.അച്യുതാനന്ദന്‍ പിണറായി വിജയന്‍ വിഭാഗീയത പാര്‍ട്ടിയെ ശക്തമായി വേട്ടയാടിയിരുന്ന കാലത്ത് പിണറായിക്കൊപ്പം അടിയുറച്ചു നിന്ന കണ്ണൂരിലെ കരുത്തനായി നേതാവായിരുന്നു എം.വി.ഗോവിന്ദന്‍. അക്കാലത്ത് വി.എസ് പക്ഷത്തിന് ഭൂരിപക്ഷമുള്ള ജില്ലാ കമ്മിറ്റിയായിരുന്നു എറണാകുളം. എന്നാല്‍ ജില്ലാ സെക്രട്ടറിയുടെ പദവിയിലിരുന്നത് പിണറായിയോട് അടുപ്പം പുലര്‍ത്തിയിരുന്ന ഗോപി കോട്ടമുറക്കലും.

ഒടുവില്‍ വിഭാഗീയതയുടെ ഭാഗമായി ഒളി ക്യാമറ വിവാദത്തില്‍പ്പെട്ട് ഗോപി കോട്ടമുറക്കലിനെതിരെ നടപടിയെടുത്ത് ജില്ലാ കമ്മിറ്റിയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. ക്യാമറ ദൃശ്യങ്ങളുമായി പരാതി നല്‍കിയ വി.എസ് പക്ഷ നേതാക്കള്‍ക്കെതിരെയും പാര്‍ട്ടി നടപടി എടുത്തു. പാര്‍ട്ടിയുടെ ഈ നടപടി എറണാകുളത്ത് അണികള്‍ക്കിടയില്‍ പോലും പലതരത്തിലുള്ള അസ്വാരസ്യങ്ങള്‍ക്കിടയാക്കി. പാര്‍ട്ടിയുടെ അടിത്തറ തന്നെ ജില്ലയില്‍ തകരുന്ന നിലയിലേക്ക് വിഭാഗീയതയുടെ പുതിയ മുഖം നീങ്ങുമെന്നു കണ്ടതോടെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തന്നെ നേരിട്ട് ഇടപെട്ടു. ഗോപി കോട്ടമുറക്കലിന് പകരം ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി കണ്ണൂരുകാരനായ എം.വി.ഗോവിന്ദനെ എറണാകുളത്തേക്കയച്ചു.

Read Also: എം.വി.​ഗോവിന്ദൻ സിപിഐഎം സംസ്ഥാന സെക്രട്ടറി

കൊച്ചിക്കാരനല്ലാത്ത ഒരാള്‍ക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് പരിഹസിച്ചവര്‍ പോലും അന്നുണ്ടായിരുന്നു. എം.വി.ഗോവിന്ദന്റെ സംഘാടക മികവിന് മുന്നില്‍ പരിഹസിച്ചവരെല്ലാവരും ഇളിഭ്യരായി. ജില്ലാ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളേയും എണ്ണ ഇട്ട യന്ത്രപോലെ അദ്ദേഹം പ്രവര്‍ത്തിപ്പിച്ചു. ജില്ലയില്‍ പാര്‍ട്ടിക്ക് വലിയ മുന്നേറ്റം തന്നെ ജില്ല സെക്രട്ടറി പദവിയിലിരുന്ന് കൊണ്ട് എറണാകുളത്ത് അദ്ദേഹത്തിന് കൈവരിക്കാനായി. അതിനുശേഷം അത്തരത്തിലൊരു മുന്നേറ്റം ഇന്നോളം എറണാകുളം ജില്ലയില്‍ പാര്‍ട്ടിക്ക് നടത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്നത് തന്നെ സംശയമാണ്.

അന്ന് ജില്ലയില്‍ നിലനിന്നിരുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പരിധി വരെ അറുതി വരുത്തുന്നതിനും പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചു. സിപിഐഎം വര്‍ഗബഹുജന സംഘടനയായ ബാലസംഘത്തിന്റെ സംസ്ഥാന ചുമതല വഹിച്ചിരുന്ന അദ്ദേഹം കുട്ടികളുടെ സംഘടനയില്‍ തുടങ്ങി കര്‍ഷതൊഴിലാളി വരെയുള്ള വര്‍ഗബഹുജന സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പോലും മികവുറ്റതാക്കി. ഒടുവില്‍ ചിട്ടയായി രീതിയില്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ ജില്ലാ സെക്രട്ടറിയായി ദിനേശ് മാണിയുടെ തെരഞ്ഞെടുത്താണ് അന്ന് അദ്ദേഹം എറണാകുളത്തെ ചുമതലയില്‍ നിന്ന് പിന്മാറിയത്.

ഇ.പി.ജയരാജന്‍ വെടിയേറ്റ് ചികിത്സയിലായപ്പോഴും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചതും എം.വി. ഗോവിന്ദനായിരുന്നു. അത്തരത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലാകുന്ന ഘട്ടത്തിലെല്ലാം പാര്‍ട്ടി ചുമതലകളേറ്റെടുത്ത് സംഘടനയെ കൂട്ടിയോജിപ്പിച്ച് മുന്നോട്ട് കൊണ്ടു പോയ പാരമ്പര്യമാണ് എം.വി.ഗോവിന്ദന്റെ കൈക്കരുത്ത്.

കെഎസ്‌വൈഎഫ് പ്രവര്‍ത്തകനായാണ് ഗോവിന്ദന്‍ സിപിഐഎമ്മിലേക്കു വരുന്നത്. തുടര്‍ന്ന് കെഎസ്‌വൈഎഫിന്റെ ജില്ലാ പ്രസിഡന്റായി. മൊറാഴ സ്‌കൂളിലെ കായിക അധ്യാപക ജോലി രാജിവച്ചാണ് സിപിഐഎമ്മിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാര്‍ ടൂറിസം സൊസൈറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. എണ്‍പതുകളില്‍ ഡിവൈഎഫ്‌ഐ. സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇ.പി.ജയരാജന്‍ വെടിയേറ്റ് ചികിത്സയിലായപ്പോള്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചത് എം.വി. ഗോവിന്ദനായിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയുടെ ചുമതലയും നിര്‍വഹിച്ചിട്ടുണ്ട്.

മൊറാഴയിലെ കെ.കുഞ്ഞമ്പുവിന്റേയും മീത്തിലെ വീട്ടില്‍ മാധവിയുടേയും ആറു മക്കളില്‍ രണ്ടാമന്‍. തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്സണായിരുന്ന പി.കെ.ശ്യാമളയാണ് ഭാര്യ: ശ്യാംജിത്ത്, കുട്ടന്‍ എന്നിവര്‍ മക്കള്‍.

Story Highlights: Who is MV m v govindan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here