Advertisement

ബഫര്‍സോണ്‍: ഉപഗ്രഹസർവേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധനയും നടത്തും

August 29, 2022
Google News 2 minutes Read

ബഫര്‍സോണ്‍ മേഖലകളിലെ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, ഇതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച് വിവര ശേഖരണത്തിന് ഉപഗ്രഹസർവേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

സാങ്കേതികവിദ്യാ സംവിധാനം വഴിയുള്ള കണക്കെടുപ്പിലെ വിശദാംശങ്ങള്‍ നേരിട്ടുള്ള പരിശോധന വഴി ഉറപ്പിക്കും. ഇക്കാര്യങ്ങള്‍ പഠിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമതി രൂപീകരിക്കും. സമിതി ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്നു മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കും.

തദ്ദേശ സ്വയംഭരണം, റവന്യൂ, കൃഷി, വനം എന്നീ വകുപ്പുകള്‍ വകുപ്പുതലത്തില്‍ ലഭ്യമാക്കിയ വിവരങ്ങള്‍ ചീഫ് സെക്രട്ടറി ക്രോഡീകരിക്കും. ഉപഗ്രഹ സംവിധാനം വഴി തയ്യാറാക്കിയ ഡാറ്റയും വകുപ്പുതല ഡാറ്റയും വിദഗ്ധ സമിതി പരിശോധിക്കും. 115 വില്ലേജുകളിലാണ് ബഫര്‍സോണ്‍ വരുന്നത്. ഇവയുടെ യഥാര്‍ത്ഥ വിവരം കൃത്യമായി രേഖപ്പെടുത്താനാണ് വിദഗ്ധസമിതി രൂപീകരിച്ചത്.

സുപ്രീം കോടതി ആവശ്യപ്പെട്ടത് പ്രകാരം സാങ്കേതികവിദ്യാ സഹായത്തോടെ ഉപഗ്രഹ സംവിധാനം വഴി ബഫര്‍സോണിലുള്ള കെട്ടിടങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും മറ്റും കണക്കെടുപ്പ് സംസ്ഥാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പുനഃപരിശോധനാ ഹര്‍ജി സംസ്ഥാനം ഫയല്‍ ചെയ്തിട്ടുണ്ട്. തുറന്ന കോടതിയില്‍ വേഗത്തില്‍ വാദം കേള്‍ക്കണം എന്ന ആവശ്യം സംസ്ഥാനം ഉന്നയിക്കും.

യോഗത്തില്‍ മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, പി രാജീവ്, കെ രാജന്‍, പി പ്രസാദ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Story Highlights: Buffer Zone: In addition to satellite survey, direct inspection will also be conducted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here