‘ഇത് ഓണസമ്മാനം’; കൊച്ചിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി

കൊച്ചിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മണത്തിന് തറക്കല്ലിട്ടു. പേട്ട–എസ്.എന്‍. ജംക്ഷന് പാതയും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. ഇരട്ടിപ്പിച്ച കുറുപ്പന്തറ–ചിങ്ങവനം റെയില്‍പാത രാജ്യത്തിന് സമര്‍പ്പിച്ചു. മൂന്ന് റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിനും തുടക്കമായി. പുതിയ പദ്ധതികള്‍ കേരളത്തിനുള്ള ഓണസമ്മാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മെട്രോ പുതിയപാത കൊച്ചിയുടെ വികസനത്തിന് പുതിയമുഖം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗതാഗതക്കുരുക്കും മലീനീകരണവും കുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോട്ടയം ഇരട്ടപ്പാത വികസനത്തെക്കുറിച്ചും പ്രധാനമന്ത്രി വിവരിച്ചു. കേരളത്തിന്‍റെ റെയിൽവേ വികസനത്തിലെ നാഴികകല്ലാകും പദ്ധതി. ശബരിമല തീർത്ഥാടകർക്കും സാധാരണക്കാർക്കും ഏറ്റവും ഗുണം ചെയ്യുന്നതാണ് പദ്ധതിയെന്ന് മോദി ചൂണ്ടികാട്ടി. രാജ്യത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള വികസനം നടക്കുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തിന്‍റെ അടിസ്ഥാന വികസനത്തിന് ഒരു ലക്ഷം കോടിയുടെ പദ്ധതി നൽകുമെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചു. കാലം മാറുന്നതിനനുസരിച്ചുള്ള വികസനം എല്ലാ രംഗത്തും ഉണ്ടാകണം. അതിന് വേണ്ടിയുള്ള കേരളത്തിന്‍റെ ശ്രമങ്ങൾക്ക് കേന്ദ്രം സഹായം നൽകും. സിയാൽ കൺവെൻഷൻ സെന്‍ററിൽ നടന്ന പരിപാടിയിലാണ് മെട്രോ വികസനം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനടക്കമുള്ളവർ വേദിയിൽ സന്നിഹിതരായിരുന്നു.
അതിനിടെ കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി മെട്രോ പാത നീട്ടൽ നാടിന് സമർപ്പിക്കുന്ന വേദിയിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് സഹായം അഭ്യർത്ഥിച്ചത്. കെ റെയിൽ പേര് എടുത്തുപറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ സഹായം അഭ്യർഥിക്കൽ. കേരളത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാൻ കേന്ദ്ര സഹായം വേണമെന്നായിരുന്നു ചടങ്ങിന് അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി വേദിയിൽ ആവശ്യപ്പെട്ടത്.
Story Highlights: kochi metro inauguration narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here