Advertisement

ഓണം വാരാഘോഷം സെപ്തംബര്‍ ആറുമുതല്‍ 12 വരെ, ദുല്‍ഖര്‍ സല്‍മാനും അപര്‍ണാ ബാലമുരളിയും മുഖ്യാതിഥികള്‍

September 3, 2022
Google News 3 minutes Read
Onam Celebration, Dulquer Salmaan and Aparna Balamurali as Chief Guests

രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഓണാഘോഷക്കാലം. സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം സെപ്തംബര്‍ ആറുമുതല്‍ 12 വരെ നടക്കും. ആഘോഷങ്ങളുടെ ഉദ്ഘാടനം സെപ്തംബര്‍ ആറിന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവര്‍ അറിയിച്ചു. ( Onam Celebration, Dulquer Salmaan and Aparna Balamurali as Chief Guests ).

മികച്ച ചലച്ചിത്ര നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ അപര്‍ണ ബാലമുരളി, സിനിമാതാരം ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവരും സന്നിഹിതരാകും. തുടര്‍ന്ന് കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ഇലഞ്ഞിത്തറ മേളവും കൈരളി ടിവിയുടെ നേതൃത്വത്തില്‍ പിന്നണി ഗായകരായ വിജയ് യേശുദാസ്, റിമി ടോമി എന്നിവര്‍ നയിക്കുന്ന സംഗീതസദസുമുണ്ടാകും.

Read Also: ‘ശിവന്‍കുട്ടി അപ്പൂപ്പന്’കത്തെഴുതി കുഞ്ഞുമക്കള്‍; ഓണാഘോഷത്തിന് ക്ഷണം

തിരുവനന്തപുരം ജില്ലയില്‍ ആകെ 32 വേദികളിലായി എണ്ണായിരത്തിലേറെ കലാകാരന്മാരാണ് വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നത്. പാരമ്പര്യ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത – ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളുമെല്ലാം ഇത്തവണ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. നവ്യ നായര്‍, പാരീസ് ലക്ഷ്മി, എന്നിവരുടെ നൃത്തവും തൈക്കുടം ബ്രിഡ്ജ് ബാന്‍ഡ്, അഗം ബാന്‍ഡ് എന്നിവരുടെ സംഗീത പ്രകടനവും നിശാഗന്ധിയിലെ മുഖ്യആകര്‍ഷണമാകും.

കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പിന്നണി ഗായിക സിതാരയുടെ ഗാനമേളയും രമേഷ് നാരായണന്‍ അവതരിപ്പിക്കുന്ന സിംഫണി ഫ്യൂഷനും അരങ്ങേറും. മറ്റൊരു പ്രധാന വേദിയായ ഗ്രീന്‍ഫീഡ് സ്റ്റേഡിയത്തില്‍ എല്ലാ ദിവസവും രാത്രി വിവിധ ചാനലുകളുടെ നേതൃത്വത്തില്‍ പരിപാടികള്‍ അറങ്ങേറും. പതിവുപോലെ ഇത്തവണയും പൂജപ്പുര മൈതാനമാണ് ഗാനമേളകള്‍ക്ക് വേദിയാകുന്നത്.

ഇതിന് പുറമെ വൈലോപ്പിളി സംസ്‌കൃതി ഭവന്‍, ഭാരത് ഭവന്‍, സൂര്യകാന്തി, പബ്ലിക് ഓഫീസ് പരിസരം,ഗാന്ധിപാര്‍ക്ക്, മ്യൂസിയം പരിസരം, അയ്യങ്കാളി ഹാള്‍, കാര്‍ത്തിക തിരുനാള്‍ തീയേറ്റര്‍, ശംഖുമുഖം, നെടുമങ്ങാട്, മുടവൂര്‍ പാറ ബോട്ട് ക്ലബ് പരിസരം, ശ്രീവരാഹം, വേളി ടൂറിസ്റ്റ് വില്ലേജ്, പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാല, കഴക്കൂട്ടം, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ ഗ്രൗണ്ട്, കോട്ടയ്ക്കകം ചിത്തിര തിരുനാള്‍ പാര്‍ക്ക്, ആക്കുളം എന്നിവിടങ്ങളും വേദികളാണ്. സെപ്തംബര്‍ 12 വൈകിട്ട് അഞ്ച് മണിക്ക് വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെ നീളുന്ന വര്‍ണശബളമായ ഘോഷയാത്രയോടെ ഇത്തവണത്തെ ഓണംവാരാഘോഷം സമാപിക്കും.

Story Highlights: Onam Celebration, Dulquer Salmaan and Aparna Balamurali as Chief Guests

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here