Advertisement

ഇ.ഡിയെ ഒരു പുല്ലുപേടിയും ഇല്ല; ഇവിടെ കുതിരകയറാൻ നോക്കേണ്ടെന്ന് തോമസ് ഐസക്

September 3, 2022
Google News 4 minutes Read
TM.Thomas Isaac with Facebook post against ED

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇ.ഡിയെ ഒരു പുല്ലുപേടിയും ഇല്ലെന്നും ഇവിടെ കുതിരകയറാൻ നോക്കേണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. എന്തിനാണ് ഇ.ഡി തനിക്ക് സമൻസ് അയച്ചതെന്നാണ് അദ്ദേഹം പോസ്റ്റിലൂടെ ചോദിക്കുന്നത്. ( TM.Thomas Isaac with Facebook post against ED ).

സ്വകാര്യ വിവരങ്ങളടക്കം നീണ്ട രേഖകളുടെ ലിസ്റ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അർത്ഥം എന്താണ്. പ്രാഥമിക ഘട്ടത്തില്‍ തന്നെ ഇത്രയും വിവരങ്ങള്‍ തേടുന്നത് എന്തിനാണെന്ന് കോടതി തന്നെ ചോദിച്ചിട്ടുണ്ട്. ഹര്‍ജിക്കാരന്റെ സ്വകാര്യതയെ മാനിക്കാതെയുള്ള നിലപാടുകളാണ് ഇ.ഡി കൈക്കൊള്ളുന്നത്. ചുരുക്കത്തിൽ ഇ.ഡി ആശയക്കുഴപ്പത്തിലാണെന്ന് വ്യക്തമാണ്. പതിനായിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളല്ലേ, എന്തെങ്കിലും കാലിൽ തടയുമെന്നാണ് ഇ.ഡിയുടെ ചിന്ത. അതിനായിരിക്കണം എന്നെ വിളിപ്പിച്ചത്. ഇനിയിപ്പോൾ രണ്ടിലൊന്ന് ഇ.ഡി കോടതിയിൽ പറഞ്ഞേ തീരൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Read Also: ഇ.ഡി. അന്വേഷണത്തെ ചോദ്യം ചെയ്ത് തോമസ് ഐസക് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും

തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

എന്തിനാണ് ഇ.ഡി എനിക്ക് സമൻസ് അയച്ചത്? എന്തിനു വേണ്ടിയാണ് എന്റെ സ്വകാര്യ വിവരങ്ങളടക്കം നീണ്ട ലിസ്റ്റ് രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്?. ആഗസ്റ്റ് 10നായിരുന്നു ഇ.ഡി സമന്‍സുകള്‍ക്കെതിരെ ഞാൻ ഹൈക്കോടതിയെ സമീപിച്ചത്. ആഗസ്റ്റ് 11ന് കേസ് പരിഗണിച്ചപ്പോള്‍ ഇ.ഡിക്ക് ഉത്തരമുണ്ടായിരുന്നില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ഇ.ഡി തന്നെ പറഞ്ഞു. പ്രാഥമിക ഘട്ടത്തില്‍ തന്നെ ഇത്രയും വിവരങ്ങള്‍ തേടുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഹര്‍ജിക്കാരന്റെ സ്വകാര്യതയെ മാനിക്കണം. അതിനാല്‍ സ്വകാര്യവിവരങ്ങള്‍ തേടുന്നത് എന്തിനാണെന്ന് വ്യക്തത വരുത്താന്‍ ഇ.ഡി തയ്യാറാകണമെന്നുമായിരുന്നു കോടതി നിലപാട്. ഹര്‍ജിയില്‍ മറുപടി ഫയല്‍ ചെയ്യാന്‍ ഇ.ഡിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. അധിക സമയം വേണമെന്ന ആവശ്യമാണ് ഇ.‍ഡി തുടർച്ചയായി ഉന്നയിക്കുന്നത്.

തുടര്‍ന്ന് കേസ് ആഗസ്റ്റ് 16ന് വീണ്ടും പരിഗണിച്ചു. എന്നാല്‍ അന്ന് മറുപടി നല്‍കാന്‍ ഇ.ഡിക്ക് സാധിച്ചില്ല. കോടതി കൂടുതല്‍ സമയം അനുവദിച്ചു. ഇന്നലെ വീണ്ടും കേസ് പരിഗണിച്ചപ്പോഴും ഇ.ഡി അധിക സമയം വേണമെന്ന ആവശ്യം ആവര്‍ത്തിക്കുകയായിരുന്നു. ഒന്നരവർഷത്തിലേറെയായി കിഫ്ബിക്കെതിരായ അന്വേഷണങ്ങൾ ആരംഭിച്ചിട്ട്. എന്നിട്ടും ഇപ്പോഴും ഞാൻ ചെയ്ത കുറ്റം എന്താണെന്നോ, കുറ്റക്കാരൻ അല്ലെങ്കിൽ എന്തിന് ഞാൻ രേഖകൾ ഹാജരാക്കണം എന്നതിനെക്കുറിച്ചോ വിശദീകരണം നൽകാൻ ഇ.ഡിക്കു കഴിഞ്ഞിട്ടില്ല. കോടതി സെപ്തംബർ 23-ാം തീയതി വരെ സമയം അനുവദിച്ചിരിക്കുകയാണ്. സ്റ്റേ ഇല്ലെങ്കിലും അതുവരെ എനിക്കെതിരായോ കിഫ്ബിക്കെതിരായോ ഒരു തുടർനടപടികളും സ്വീകരിക്കാൻ ഇ.ഡിക്ക് അനുവാദമില്ല.

കോടതിയിൽ മറ്റൊരു സംഭവവികാസവുംകൂടി ഉണ്ടായിട്ടുണ്ട്. നിരന്തരമായി കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിച്ച് പീഡിപ്പിക്കുന്നതിനെതിരെ അവരും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഹാജരാക്കിയ രേഖകളും വസ്തുതകളും വീണ്ടും വീണ്ടും ഹാജരാക്കുന്നതിന് ഇ.ഡി ആവശ്യപ്പെടുന്നത് “application of mind” ഇല്ലാതെ കേസ് കൈകാര്യം ചെയ്യുന്നതിന്റെ സൂചനയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഇത്തവണ കോടതി കിഫ്ബിയുടെ മറ്റൊരു വാദത്തിനുകൂടി പരിഗണന നൽകി. മസാലബോണ്ട് ഇറക്കിയിട്ടുള്ളത് കിഫ്ബി മാത്രമല്ലല്ലോ. മറ്റ് എത്ര ഏജൻസികളുടെ നടപടിക്രമം ഇ.ഡി അന്വേഷിച്ചിട്ടുണ്ട്? അവരിൽ നിന്ന് ഏതു വ്യത്യസ്ത രീതിയാണ് കിഫ്ബി അവലംബിച്ചത്? സെപ്തംബർ 18-നുള്ളിൽ ഇതിനുള്ള ഉത്തരവും സമർപ്പിക്കണം.

ചുരുക്കത്തിൽ ഇ.ഡി ആശയക്കുഴപ്പത്തിലാണ്. മുകളിൽ നിന്നുള്ള നിർദ്ദേശം കൊണ്ടായിരിക്കണം, സുപ്രിംകോടതി പാടില്ലെന്നു വിധിച്ചിട്ടുള്ള ഒരു “fishing and roving enquiry” യുമായി ഇ.ഡി ഇറങ്ങി പുറപ്പെട്ടത്. പതിനായിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളല്ലേ, എന്തെങ്കിലും കാലിൽ തടയുമെന്നു ചിന്തിച്ചുകാണും. ഇപ്പോഴും ഒന്നും തടഞ്ഞുകിട്ടിയിട്ടില്ല. ഇനിയൊട്ടു കിട്ടാനും പോകുന്നില്ല. എന്നാലും മുകളിൽ നിന്നുള്ള സമ്മർദ്ദംമൂലം അന്വേഷണം തുടർന്നേ തീരൂ. വാർത്തകൾ സൃഷ്ടിച്ചേ തീരൂ. അതിനായിരിക്കണം എന്നെ വിളിപ്പിച്ചത്. ഇനിയിപ്പോൾ രണ്ടിലൊന്ന് ഇ.ഡി കോടതിയിൽ പറഞ്ഞേ തീരൂ. 23-ാം തീയതി വരെ കാത്തിരിക്കാം. ഒറ്റകാര്യമേ പറയാനുള്ളൂ – വടക്കേ ഇന്ത്യയിലെ ചില നേതാക്കന്മാരെ കണ്ട് ഇവിടെ കുതിരകയറാൻ നോക്കണ്ട. ഒരു പുല്ലുപേടിയും ഇല്ല.

Story Highlights: TM.Thomas Isaac with Facebook post against ED

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here