ഭാരത് ജോഡോ യാത്ര: കേരളത്തിൽ നിന്ന് ചാണ്ടി ഉമ്മൻ ഉൾപ്പെടെ 8 സ്ഥിരാംഗങ്ങൾ

രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യിലെ സ്ഥിരം അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്ന് 8 അംഗങ്ങളാണ് ഉള്ളത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 150 ദിവസങ്ങളിലായി നടത്തുന്ന യാത്രയില്‍ ആകെ 117 സ്ഥിരം അംഗങ്ങളാണുള്ളത്. ഈ മാസം 7 ന് വൈകിട്ട് അഞ്ചിന് കന്യാകുമാരിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ യാത്ര ഉദ്ഘാടനം ചെയ്യും.
ചാണ്ടി ഉമ്മന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥന സെക്രട്ടറി ജി മഞ്ജുകുട്ടന്‍, കെ.എസ്.യു ജനറല്‍ സെക്രട്ടറി നബീല്‍ നൗഷാദ്, മഹിള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ, ഷീബ രാമചന്ദ്രന്‍, കെ.ടി ബെന്നി, സേവാദള്‍ മുന്‍ അധ്യക്ഷന്‍ എം.എ സലാം, ഗീത രാമകൃഷ്ണന്‍ എന്നിവരാണ് പദയാത്രയില്‍ കേരളത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അനുഗമിക്കുന്ന സ്ഥിരാംഗങ്ങൾ.
കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന യാത്ര മൂന്ന് ദിവസത്തെ പര്യടന ശേഷം സെപ്റ്റംബർ 11 ന് രാവിലെയാണ് കേരള അതിർത്തിയിലെത്തുന്നത്. കേരള അതിർത്തിയായ കളിക്കാവിളയിൽ നിന്ന് യാത്രയ്ക്ക് സ്വീകരണം നൽകും. രാവിലെ ഏഴു മുതൽ 10 വരെയും വൈകീട്ട് നാലു മുതൽ രാത്രി ഏഴുവരെയുമായി ഓരോ ദിവസവും 25 കി.മീറ്റർ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നത്. തിരുവനന്തപുരം മുതൽ തൃശൂർ വരെ ദേശീയപാത വഴിയും തുടർന്ന് തൃശ്ശൂരി ൽനിന്ന് നിലമ്പൂർ വരെ സംസ്ഥാനപാത വഴിയുമാണ് ജാഥ കടന്നുപോകുന്നത്.
തിരുവനന്തപുരം ജില്ലയിൽ 11, 12, 13, 14 തീയതികളിൽ പര്യടനം നടത്തി 14 ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കും. 15, 16 തീയതികളിൽ കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന യാത്ര 17, 18, 19, 20 തീയതികളിൽ ആലപ്പുഴയിലും 21, 22ന് എറണാകുളം ജില്ലയിലും 23, 24, 25 തീയതികളിൽ തൃശൂർ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാട്ടും പര്യടനം നടത്തും. 27 ന് ഉച്ചയ്ക്കുശേഷം മലപ്പുറം ജില്ലയിൽ പ്രവേശിക്കും. 28നും 29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂർത്തിയാക്കി കർണാടകയിലേക്ക് കടക്കും.
Story Highlights: Bharat Jodo Yatra: 8 permanent members including Chandi Oommen from Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here