കേരളത്തിലെ മലയോര മേഖലകളിൽ ഇന്ന് മഴ കനക്കും

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മലയോര മേഖലകളിൽ മഴ കനക്കും. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ 11 ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. അതീവ ജാഗ്രതാ നിർദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്. ( rain in hilly areas of Kerala today ).
കേരളത്തിൽ എട്ടാംതീയതി വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. സെപ്റ്റംബർ 6, 7,8 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് വ്യാപക മഴ പ്രതീക്ഷിക്കുന്നത്.
Read Also: ആകാശത്ത് അപൂർവ മഴവിൽ കാഴ്ച; വിഡിയോ
അതേസമയം ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇന്ന് ലക്ഷദ്വീപ് തീരം, മാലിദ്വീപ് തീരം, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിലും സെപ്തംബർ ആറുമുതൽ എട്ടുവരെ കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നുള്ള തെക്കൻ തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
സെപ്തംബർ ഏഴിനും എട്ടിനും വടക്ക് ആൻഡമാൻ കടലിലും, മധ്യ- കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചിലവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
Story Highlights: rain in hilly areas of Kerala today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here