ഏഷ്യാ കപ്പ്: അഫ്ഗാനിസ്താൻ പാകിസ്താനെ തോല്പിക്കുമോ?; ഇന്ത്യക്ക് ഇന്ന് നിർണായകം

ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യക്ക് മത്സരമില്ല. പക്ഷേ, ഇന്ത്യയുടെ ഫൈനൽ പ്രവേശനത്തിന് അഫ്ഗാനിസ്താനും പാകിസ്താനും തമ്മിലുള്ള ഇന്നത്തെ മത്സരം ഏറെ നിർണായകമാവും. പാകിസ്താനെതിരെ ഇന്ന് അഫ്ഗാനിസ്താൻ ജയിച്ചെങ്കിൽ മാത്രമേ ഇന്ത്യക്ക് ഫൈനൽ പ്രവേശനത്തിനുള്ള നേരിയ സാധ്യത നിലനിൽക്കുന്നുള്ളൂ. പാകിസ്താൻ ഈ കളി ജയിച്ചാൽ അഫ്ഗാനിസ്താനൊപ്പം ഇന്ത്യയും ഏഷ്യാ കപ്പിൽ നിന്ന് പുറത്താവും. (asia cup pakistan afghanistan)
സൂപ്പർ ഫോറിൽ പാകിസ്താനും ശ്രീലങ്കയും പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യയുടെ ഫൈനൽ സാധ്യതകൾ തുലാസിലായത്. അഫ്ഗാനിസ്താൻ നേരത്തെ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. ഇതോടെ രണ്ട് ജയവുമായി ശ്രീലങ്ക ഫൈനൽ ഉറപ്പിച്ചു. ഇന്നത്തെ കളിയിൽ പാകിസ്താനെ തോല്പിക്കാൻ അഫ്ഗാനിസ്താനു സാധിച്ചാൽ ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ ടീമുകൾക്ക് ഒരു ജയം വീതമാവും. ഇന്ത്യക്ക് ഇനി അഫ്ഗാനിസ്താനുമായി മത്സരമുണ്ട്. ഈ കളി ഉയർന്ന മാർജിനിൽ ജയിക്കാൻ കഴിഞ്ഞാൽ ഇന്ത്യക്ക് ഫൈനൽ പ്രതീക്ഷ വെക്കാം. എന്നാൽ, അപ്പോഴുമുണ്ട് പ്രശ്നം. പാകിസ്താന് ഇനി ശ്രീലങ്കയുമായി കളിയുണ്ട്. ആ കളി ശ്രീലങ്ക തന്നെ ജയിക്കണം. അങ്ങനെയെങ്കിൽ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ ഫൈനൽ കളിക്കും.
Read Also: ‘ഷമിയെപ്പോലെ ഒരു ബൗളർ വീട്ടിലിരിക്കുന്നു എന്നത് അതിശയിപ്പിക്കുന്നു’; രവി ശാസ്ത്രി
ഇന്ത്യ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം 6 വിക്കറ്റും ഒരു പന്തും ശേഷിക്കേ ശ്രീലങ്ക മറികടക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ കുസൽ മെൻഡിസ്, പാത്തും നിസ്സാങ്ക എന്നിവരാണ് ലങ്കയുടെ വിജയ ശിൽപികൾ. ക്യാപ്റ്റൻ ദാസുൻ ഷനക പുറത്താകാതെ 33 റൺസും ഭാനുക രാജപക്സെ പുറത്താകാതെ 25 റൺസും നേടി ടീമിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. ഇന്ത്യയ്ക്കായി യുസ്വേന്ദ്ര ചാഹൽ 34 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. രവിചന്ദ്രൻ അശ്വിൻ ഒരു വിക്കറ്റും നേടി.
പാകിസ്താനെതിരെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം 5 വിക്കറ്റും ഒരു പന്തും ബാക്കിനിൽക്കെ പാകിസ്താൻ മറികടന്നു. ഇന്ത്യക്കായി വിരാട് കോലി (60), രോഹിത് ശർമ (28) എന്നിവർ തിളങ്ങിയപ്പോൾ പാകിസ്താനു വേണ്ടി മുഹമ്മദ് റിസ്‌വാൻ (71), മുഹമ്മദ് നവാസ് (42) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു.
Story Highlights: asia cup pakistan afghanistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here