കൊല്ലത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

യുവതിയെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. തിരുവനന്തപുരം ആര്യനാട് വള്ളിമംഗലം തടത്തഴികത്ത് വീട്ടിൽ അശോകൻ മകൻ അനന്തു (23) ആണ് അഞ്ചാലുംമൂട് പൊലീസിൻ്റെ പിടിയിലായത്. കടവൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ തങ്കശ്ശേരി സ്വദേശിനി ജിഷ എന്ന യുവതിയെ ആണ് ഇയാൾ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.
യുവതിയുമായി അനന്തു മുൻപ് അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസം ജോലികഴിഞ്ഞ് ആശുപത്രിക്ക് പുറത്തിറങ്ങിയ യുവതിയെ അനന്തു കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കാറിൽ കയറ്റികൊണ്ട് പോവുകയും ഫോൺ ചെയ്യാൻ ശ്രമിച്ചപ്പോൾ മർദ്ദിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു. വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വിരോധം മൂലമാണ് തട്ടിക്കൊണ്ടുപോയി വിവാഹം നടത്താൻ പ്രതി തീരുമാനിച്ചത്. എന്നാൽ യുവതിയുടെ കടുത്ത എതിർപ്പിനെ തുടർന്ന് ഈ ശ്രമത്തിൽ നിന്നും പ്രതി പിന്മാറുകയും തുടർന്ന് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത അഞ്ചാലുംമൂട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അഞ്ചാലുംമൂട് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Story Highlights: man kidnap lady wedding arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here