സിദ്ദിഖ് കാപ്പന്റെ ജാമ്യം മാധ്യമ സ്വാതന്ത്ര്യ സംരക്ഷണത്തിൽ ചരിത്രപരം; കെ.യു.ഡബ്ലു.ജെ
![Siddique Kappan’s Bail; KUWJ with response](https://www.twentyfournews.com/wp-content/uploads/2022/09/image11-2.jpg?x52840)
രണ്ടു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം മുൻസെക്രട്ടറിയുമായ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ച സുപ്രീംകോടതി ഉത്തരവ് സ്വാഗതാർഹവും മാധ്യമ സ്വാതന്ത്ര്യ സംരക്ഷണത്തിൽ ചരിത്രപരവുമാണ്. സംഭവ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് ചെയ്യുക എന്ന മാധ്യമപ്രവർത്തകന്റെ കൃത്യനിർവ്വഹണത്തിന് ഇടയിലായിരുന്നു കാപ്പന്റെ അറസ്റ്റ്. ഉത്തർപ്രദേശിലെ ഹാത്റസിൽ നടന്ന അതിക്രൂരമായ സംഭവം നേരിട്ടു മനസിലാക്കി റിപ്പോർട്ട് ചെയ്യാനായുളള യാത്രക്കിടെയായിരുന്നു അറസ്റ്റ്. യു.പി പൊലീസ് കള്ളക്കേസുണ്ടാക്കി യു.എ.പി.എ ചുമത്തി ജയിലിലടച്ചു. ( Siddique Kappan’s Bail; KUWJ with response ).
മാധ്യമപ്രവർത്തകനായ കാപ്പനെ ഭീകരവാദിയായി ചിത്രീകരിക്കാൻ പല രീതിയിലുള്ള ആരോപണങ്ങളും പ്രചാരണങ്ങളും പൊലീസും ഒരു വിഭാഗവും കെട്ടിച്ചമച്ചു. ഹേബിയസ് കോർപ്പസ് ഹർജിയുമായി പത്രപ്രവർത്തക യൂണിയൻ സുപ്രീംകോടതിയെ സമീപിച്ചതു മുതൽ പല തരത്തിലും കേസ് വൈകിപ്പിക്കാനും അട്ടിമറിക്കാനും യു.പി സർക്കാറും പൊലീസും ശ്രമിക്കുകയുണ്ടായി. കാപ്പനു നീതിക്കായുള്ള പോരാട്ടത്തിൽ ഉറച്ചു നിന്ന പത്രപ്രവർത്തക യൂണിയനും അതിന്റെ ഭാരവാഹികൾക്കുമെതിരേ വ്യാജപരാതികളും ആക്ഷേപങ്ങളും ചിലർ ഉയർത്തി.
സിദ്ദിഖ് കാപ്പന്റെ ഭാര്യക്കെതിരേയും ആരോപണങ്ങളുയർത്തി. എല്ലാറ്റിനേയും അതിജീവിച്ചാണ് പത്രപ്രവർത്തക യൂണിയനും കാപ്പന്റെ കുടുംബവും നിയമപോരാട്ടവുമായി മുന്നോട്ടു പോയത്. ഭരണഘടന ഉറപ്പു നൽകുന്ന മാധ്യമസ്വാതന്ത്ര്യത്തിനെതിരേ ഭരണകൂട വേട്ടയാടൽ നടന്നപ്പോഴൊക്കെ നീതിക്കുവേണ്ടി നിൽക്കാനും അതതു സമയത്തു നീതിപീഠത്തെ സമീപിക്കാനും യൂണിയനു സാധിച്ചു. ഇത്തരം പോരാട്ടങ്ങളുടെ ആകെത്തുകയാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധി.
Read Also: സിദ്ദിഖ് കാപ്പന്റെ ജാമ്യം; അഭിപ്രായസ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്ന് തെളിഞ്ഞതായി സീതാറാം യെച്ചൂരി
രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യ സംരക്ഷണത്തിൽ ചരിത്രപരമായ അധ്യായമായി ഈ കേസിലെ നിയമ പോരാട്ടം വിലയിരുത്തപ്പെടുമെന്ന് ഞങ്ങൾ കരുതുന്നു. അതിനായി ഒപ്പം നിന്ന ഡൽഹി യൂണിയൻ ഓഫ് ജേണലിസ്റ്റ്സ് (ഡി.യു.ജെ), പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ, അഴിമുഖം ഉൾപ്പെടെയുള്ള മാധ്യമസ്ഥാപനങ്ങൾ, ഹേബിയസ് കോർപ്പസ് ഹർജിയിൽ ആദ്യഘട്ടത്തിൽ യൂണിയനു വേണ്ടിയും ഇപ്പോൾ സിദ്ദിഖ് കാപ്പന്റെ കുടുംബത്തിനു വേണ്ടിയും ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, സിദ്ദിഖിനു വേണ്ടി ഹാജരായ അഡ്വ. ദുഷ്യന്ത് ദവേ, യൂണിയനു വേണ്ടി കേസിന്റെ മേൽനോട്ടം വഹിച്ച അഡ്വ.വിൽസ് മാത്യൂസ്, സിദ്ദിഖിന്റെ കുടുംബത്തിനു വേണ്ടി കേസിൽ മേൽനോട്ടം നിർവഹിച്ച അഡ്വ. ഹാരീസ് ബീരാൻ, യു.പി ഹൈക്കോടതിയിൽ അഭിഭാഷകരായ ഐ.ബി.സിങ്, ഇഷാൻ ബാഗേൽ, കേസിൽ സഹായിച്ച മറ്റ് അഭിഭാഷകർ, മാധ്യമസുഹൃത്തുക്കൾ, പൊതു സമൂഹം, സിദ്ദീഖിന്റെ കുടുംബാംഗങ്ങൾ തുടങ്ങി എല്ലാവർക്കും പത്രപ്രവർത്തക യൂണിയൻ നന്ദിയും അഭിവാദ്യവും അറിയിക്കുന്നു.
സിദ്ദിഖ് കാപ്പന്റെ നിരപരാധിത്വം തെളിയിക്കാനും മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കാനും വേണ്ടിയുളള പോരാട്ടം ഇനിയും തുടരുമെന്ന് കെ യു ഡബ്ള്യു ജെ സംസ്ഥാന പ്രസിഡന്റ് എം.വി വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും അറിയിച്ചു.
Story Highlights: Siddique Kappan’s Bail; KUWJ with response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here