ആലപ്പുഴയിൽ വഴിത്തർക്കത്തിനിടെ കൊലപാതകം; രണ്ട് പേർ കസ്റ്റഡിയിൽ

ആലപ്പുഴ മാവേലിക്കരയിൽ വഴിത്തർക്കത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചുനക്കര സ്വദേശി ദിലീപ് ഖാനാണ് കൊല്ലപ്പെട്ടത്. സഹോദരങ്ങളായ യാക്കൂബ്, സുബൈദ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. ദിലീപ് ഖാൻ്റെ മൃതദേഹം മാവേലിക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ന് വൈകിട്ടായിരുന്നു സംഭവം. കൊല്ലപ്പെട്ട ദിലീപ് ഖാനും കസ്റ്റഡിയിലുള്ള യാക്കൂബും സുബൈദയും തമ്മിൽ ഏറെക്കാലമായി വഴിത്തർക്കം നിലനിന്നിരുന്നു. ഇന്ന് ദിലീപ് ഖാൻ്റെ വഴിയിലൂടെ യാക്കൂബിൻ്റെയും സുബൈദയുടെയും ആവശ്യത്തിനായി ഒരു ഓട്ടോറിക്ഷ എത്തി. ഓട്ടോ തൻ്റെ വഴിയിലൂടെ സഞ്ചരിക്കാൻ അനുവദിക്കില്ലെന്ന് ദിലീപ് ഖാൻ നിലപാടെടുത്തു. ഇതോടെ മൂവരും തമ്മിൽ തർക്കമുണ്ടായി. ഈ തർക്കത്തിനിടെയാണ് ഇയാൾ കൊല്ലപ്പെട്ടത്. സുബൈദയും യാക്കൂബും ചേർന്ന് ദിലീപ് ഖാനെ കല്ലുപയോഗിച്ച് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ദിലീപ് ഖാൻ്റെ ബന്ധുക്കൾ മൊഴിനൽകിയിരിക്കുന്നത്.
Story Highlights: alappuzha murder 2 held
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here