Advertisement

കേന്ദ്രത്തിന്റെ ഇണ്ടാസ് കേരളത്തിൽ നടപ്പാവില്ല; നീതി ആയോഗിന്റെ കുട്ടിപ്പതിപ്പ് വേണ്ടെന്ന് തോമസ് ഐസക്

September 15, 2022
Google News 3 minutes Read
Thomas Isaac'S facebook post against NITI AAYOG

കേന്ദ്രത്തിന്റെ ഇണ്ടാസ് കേരളത്തിൽ നടപ്പാവില്ലെന്നും നിയമ നിർമ്മാണത്തിലൂടെയല്ലാതെ സംസ്ഥാന സർക്കാർ സ്ഥാപിച്ചിരിക്കുന്ന ആസൂത്രണ ബോർഡിനെ എക്സിക്യുട്ടീവ് ഉത്തരവിലൂടെ ഇല്ലാതാക്കാനാവില്ലെന്നും മുൻമന്ത്രി തോമസ് ഐസക്. സംസ്ഥാന ആസൂത്രണ ബോർഡുകൾക്കു പകരം നീതി ആയോഗിന്റെ കുട്ടിപ്പതിപ്പ് സംസ്ഥാനങ്ങളിൽ സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സംസ്ഥാന അധികാരങ്ങളുടെ മേലുള്ള കൈയ്യേറ്റമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ( Thomas Isaac’S facebook post against NITI AAYOG ).

2015-ൽ കേന്ദ്ര സർക്കാർ ആസൂത്രണ കമ്മീഷൻ അവസാനിപ്പിച്ച് നീതി ആയോഗ് എന്ന ഉന്നത കൂടിയാലോചനാ സമിതിക്കു (think tank) രൂപം നൽകി. അതോടെ പഞ്ചവത്സര പദ്ധതികൾക്കു വിരാമമായി. കേരളത്തിലെ ആസൂത്രണ ബോർഡിന്റെ പ്രവർത്തനം കേന്ദ്ര സഹായത്തെ അടിസ്ഥാനമാക്കിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

സംസ്ഥാന ആസൂത്രണ ബോർഡുകൾക്കു പകരം നീതി ആയോഗിന്റെ കുട്ടിപ്പതിപ്പ് സംസ്ഥാനങ്ങളിൽ സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സംസ്ഥാന അധികാരങ്ങളുടെ മേലുള്ള കൈയ്യേറ്റമാണ്. സാമ്പത്തിക-സാമൂഹിക ആസൂത്രണം കൺകറന്റ് ലിസ്റ്റിൽ 20-ാമത്തെ ഇനമാണ്. കൺകറന്റ് ലിസ്റ്റിൽ ആയതുകൊണ്ട് നിയമ നിർമ്മാണത്തിലൂടെ അല്ലാതെ സംസ്ഥാന സർക്കാർ സ്ഥാപിച്ചിരിക്കുന്ന ആസൂത്രണ ബോർഡിനെ ഒരു എക്സിക്യുട്ടീവ് ഉത്തരവിലൂടെ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാരിനു കഴിയില്ല. അതുകൊണ്ട് കേന്ദ്രത്തിന്റെ ഇണ്ടാസ് കേരളത്തിൽ നടപ്പാവില്ല.

Read Also: ഇ.ഡിയെ ഒരു പുല്ലുപേടിയും ഇല്ല; ഇവിടെ കുതിരകയറാൻ നോക്കേണ്ടെന്ന് തോമസ് ഐസക്

2015-ൽ കേന്ദ്ര സർക്കാർ ആസൂത്രണ കമ്മീഷൻ അവസാനിപ്പിച്ച് നീതി ആയോഗ് എന്ന ഉന്നത കൂടിയാലോചനാ സമിതിക്കു (think tank) രൂപം നൽകി. അതോടെ പഞ്ചവത്സര പദ്ധതികൾക്കു വിരാമമായി. പദ്ധതി ധനസഹായമായി സംസ്ഥാന സർക്കാരുകൾക്ക് ലഭിച്ചിരുന്ന ഗ്രാന്റും അവസാനിച്ചു. അതുകൊണ്ട് കേരളത്തിലെ ആസൂത്രണ ബോർഡിന്റെ പ്രവർത്തനം കേന്ദ്ര സഹായത്തെ അടിസ്ഥാനമാക്കിയല്ല. നീതി ആയോഗിന്റെ മാതൃകയിൽ ഒരു സമിതിക്കു രൂപം നൽകിയാലും കേരളത്തിന് എന്തെങ്കിലും പ്രത്യേക ധനസഹായം ലഭിക്കാനും പോകുന്നില്ല.

എന്താണ് നീതി ആയോഗിനോടുള്ള വിമർശനത്തിന് ആധാരം? ആസൂത്രണത്തിൽ നിന്നുള്ള പരിപൂർണ്ണമായ പിൻവാങ്ങലിനെയാണ് ഈ പുതിയ സ്ഥാപനം പ്രതിനിധാനം ചെയ്യുന്നത്. പ്ലാനിംഗ് കമ്മീഷനിൽ സംസ്ഥാനങ്ങൾക്കു പ്രാതിനിധ്യം ഉണ്ടായിരുന്നില്ലെങ്കിലും തുടർച്ചയായ ആശയവിനിമയം ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനങ്ങൾ. പദ്ധതിയുമായി ബന്ധപ്പെട്ട് ദേശീയ വികസന സമിതി അഞ്ച് വർഷം കൂടുമ്പോൾ നിർബന്ധമായും മുഖ്യമന്ത്രിമാരുടെ പങ്കാളിത്തത്തോടെ യോഗവും ചേരുമായിരുന്നു. എന്നാൽ നീതി ആയോഗ് കേന്ദ്ര സർക്കാരിന്റെ ഒരു ഉപദേശക സമിതി മാത്രമാണ്. നിയോലിബറൽ നയങ്ങൾ കരുപ്പിടിപ്പിക്കാനുള്ള ഒരു ഉപദേശക സമിതി. സംസ്ഥാന പ്രാതിനിധ്യത്തിനു പകരം കോർപ്പറേറ്റ് പങ്കാളിത്തമാണ് ഇതിന്റെ സ്വഭാവം. ഇത്തരമൊരു കോർപ്പറേറ്റ് സമിതിക്കു കേരളത്തിൽ സ്ഥാനമില്ല.

കേരളം ഉയർത്തുന്ന ഇടതുപക്ഷ ജനാധിപത്യ ബദലിന്റെ ഭാഗമാണ് ആസൂത്രണ ബോർഡ്. പുതിയ പ്രൊജക്ടുകളും പരിപാടികളും ഏറ്റെടുക്കുംമുമ്പ് അവയുടെ മുൻ-പിൻ ബന്ധങ്ങളും, വരും വരായ്കളും സൂക്ഷമമായി പരിശോധിച്ച് പഞ്ചവത്സര പദ്ധതികളുടെ അടിസ്ഥാനത്തിൽ കേരളത്തിന്റെ വികസനം ഉറപ്പുവരുത്താനാണ് നാം ശ്രമിക്കുന്നത്. ഇതിനു രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ വിദഗ്ദരുടെ പങ്കാളിത്തം ആസൂത്രണ ബോർഡിൽ ഉറപ്പുവരുത്തുന്നു. പ്രത്യേകിച്ച് കോർപ്പറേറ്റ് പ്രാതിനിധ്യത്തിന്റെ ആവശ്യമില്ല.

പഞ്ചവത്സര പദ്ധതികൾ അവസാനിച്ചതോടെ ആസൂത്രണ കമ്മീഷൻ തീരുമാനമെടുത്തിരുന്ന കേന്ദ്ര ബജറ്റിന്റെ നാലിലൊന്ന് വരുന്ന വികസന ഫണ്ട് പൂർണ്ണമായും കേന്ദ്ര ധനകാര്യ മന്ത്രിയുടെ ഇഷ്ടപ്രകാരമായി വിനിയോഗം. സംസ്ഥാനങ്ങൾക്കു നൽകിയിരുന്ന പദ്ധതി ധനസഹായവും നിലച്ചു. അതിനു പകരം ആവശ്യം വരുമ്പോൾ ബിജെപി സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രിക്ക് പാക്കേജ് പ്രഖ്യാപിക്കാനുള്ള ഫണ്ടായി തീർന്നു അത്. ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം 32-ൽ നിന്നും 40 ശതമാനമായി ഉയർത്തിയത് ഫലത്തിൽ ഇല്ലാതാക്കിയത് രണ്ട് രീതിയിലാണ്.

ആദ്യത്തേത്, സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടതില്ലാത്ത സെസും സർചാർജ്ജും വർദ്ധിപ്പിക്കുക. മറ്റൊന്ന്, പദ്ധതി ധനസഹായം നിർത്തലാക്കുക. അതോടൊപ്പം കേന്ദ്രാവിഷ്കൃത പദ്ധതികളിൽ കേന്ദ്രം നൽകുന്ന വിഹിതം കുറയ്ക്കുക. ഇതൊക്കെ സംസ്ഥാനങ്ങളുടെ ധനസ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിച്ചു. ഇനിയിപ്പോൾ പരിമിതമായ സംസ്ഥാന വിഹിതം എങ്ങനെ ചെലവാക്കാമെന്നുള്ള കാര്യത്തിലും തങ്ങളുടെ ശിങ്കിടികളെ സംസ്ഥാന നീതി ആയോഗിൽ നിയമിച്ച് കൈകടത്താനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനെ ചെറുക്കേണ്ടിയിരിക്കുന്നു.

Story Highlights: Thomas Isaac’S facebook post against NITI AAYOG

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here