Advertisement

സഞ്ജു എ ടീം ക്യാപ്റ്റനായത് എന്തുകൊണ്ട് പോസിറ്റീവായി കാണണം?

September 17, 2022
Google News 3 minutes Read
sanju samson captain article

മലയാളി താരം സഞ്ജു സാംസൺ ഇന്ത്യ എ ടീം നായകനായതിനെതിരെ വിമർശനങ്ങളുയരുന്നുണ്ട്. ഇങ്ങനെ വിമർശനമുയർത്തുന്നതിൽ മലയാളികളാണ് മുന്നിൽ. ടി-20 ലോകകപ്പിൽ സഞ്ജുവിനെ പരിഗണിക്കാതിരുന്നതിനെതിരെ ആരാധകർ ഉയർത്തിയ പ്രതിഷേധങ്ങൾ തണുപ്പിക്കാനാണ് ബിസിസിഐ ഇങ്ങനെയൊരു നീക്കം നടത്തിയതെന്നാണ് ഉയരുന്ന വാദം. എന്നാൽ, എ ടീം നായക സ്ഥാനത്തേക്ക് സഞ്ജു എത്തുന്നത് വളരെ പോസിറ്റീവായി കാണേണ്ടതാണ്. (sanju samson captain article)

ഒന്നാമതായി, എ ടീം അത്ര ചെറിയ ടീമല്ല. വിവിധ ദേശീയ എ ടീമുകളുമായി പലപ്പോഴും പരമ്പരകളുണ്ടാവാറുണ്ട്. അടുത്തിടെ ആന്ധ്രാപ്രദേശ് വിക്കറ്റ് കീപ്പർ കെഎസ് ഭരത് എ ടൂറുകളുടെ പ്രാധാന്യം എടുത്തുപറഞ്ഞിരുന്നു. വിവിധ ടീമുകൾക്കെതിരെയും വിവിധ കണ്ടീഷനുകളിലും കളിക്കുമ്പോൾ താരങ്ങൾക്കുണ്ടാവുന്ന അനുഭവസമ്പത്ത് വളരെ വലുതാണ്. ഇത്തരത്തിൽ എ ടൂറുകൾ കളിച്ചത് തന്നെ സഹായിച്ചിട്ടുണ്ടെന്ന ഭരതിൻ്റെ പ്രസ്താവന വളരെ ശ്രദ്ധേയമാണ്. ഈ ടീമിൻ്റെ ക്യാപ്റ്റനാണ് സഞ്ജു. ചെറിയ ചുമതലയല്ല. സഞ്ജു ഇന്ത്യൻ ക്രിക്കറ്റിൻ്റെ ക്യാപ്റ്റൻ സ്ഥാനങ്ങൾ ഇതാദ്യമായല്ല വഹിക്കുന്നത്. 2014 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റനായിരുന്നു സഞ്ജു. അന്ന് മുതൽ സഞ്ജു ഇന്ത്യൻ ടീമിൻ്റെ റഡാറിലുണ്ട്. എന്നാൽ, ആഭ്യന്തര ക്രിക്കറ്റിലെ അസ്ഥിരതയാണ് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ സ്ഥിരമാവുന്നതിൽ നിന്ന് അകറ്റിനിർത്തിയത്. പക്ഷേ, ഇതിനെക്കാൾ അവസരം സഞ്ജു അർഹിച്ചിരുന്നു എന്നത് യാഥാർത്ഥ്യം. അതവിടെ നിൽക്കട്ടെ. 2021 സീസണിൽ രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനായ സഞ്ജു 2022 സീസണിൽ ടീമിനെ ഫൈനലിലെത്തിച്ചു. ക്യാപ്റ്റൻ ആയതിനു ശേഷം സഞ്ജുവിൻ്റെ പ്രകടനങ്ങൾക്ക് സ്ഥിരതയും കൈവന്നു. 2022ൽ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനങ്ങൾ നടത്തിയ താരങ്ങളിൽ ഒരാളാണ് സഞ്ജു.

Read Also: ന്യൂസീലൻഡ് എയ്ക്കെതിരെ ഏകദിന പരമ്പര; ഇന്ത്യ എ ടീമിനെ സഞ്ജു നയിക്കും

പിന്നെ എന്തുകൊണ്ട് സഞ്ജു ലോകകപ്പ് ടീമിൽ ഉൾപ്പെട്ടില്ല?

ടീം കോമ്പിനേഷൻ തന്നെയാണ് സഞ്ജുവിന് തിരിച്ചടി ആയത്. വലംകയ്യൻ വിക്കറ്റ് കീപ്പറാണ് സഞ്ജു. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎലിലുമൊക്കെ മൂന്ന്, നാല് നമ്പറുകളിലാണ് കളിക്കുന്നതെങ്കിലും ദേശീയ ടീമിൽ ആദ്യ നാല് സ്ഥാനങ്ങൾ ഫില്ലാണ്. അഞ്ചാം നമ്പരിൽ കളിക്കുന്ന ഋഷഭ് പന്താണ് ടീമിലെ വീക്ക് ലിങ്ക്. ഈ സ്ഥാനത്ത് സഞ്ജു കളിക്കണമെന്നായിരുന്നു ആരാധകരുടെ ആവശ്യം. പ്രകടനം പരിഗണിക്കുമ്പോൾ ഈ ആവശ്യത്തിൽ ന്യായമുണ്ടെങ്കിലും ഇന്ത്യൻ മധ്യനിരയിലെ ഒരേയൊരു ഇടങ്കയ്യനാണെന്നത് പന്തിന് അനുകൂലമാവുന്നു. അക്സർ പട്ടേൽ ടീമിലുണ്ടെങ്കിലും ലോവർ ഓർഡർ ആയതിനാൽ പന്തിൻ്റെ പ്രാധാന്യം ഏറുകയാണ്. ഓസ്ട്രേലിയയിൽ ഒരു ടൂർണമെൻ്റ് കളിക്കാൻ പോകുമ്പോൾ മുഴുവൻ വലങ്കയ്യൻ ബാറ്റർമാരുമായി ഇറങ്ങിയാൽ എതിർ ടീമുകൾക്ക് തന്ത്രം മെനയാൻ എളുപ്പമാവും. അതിനാൽ, ഒരു ടീമിൽ ഇടങ്കയ്യന്മാരും വലങ്കയ്യന്മാരും ഉണ്ടാവേണ്ടതുണ്ട്. ആദ്യ അഞ്ച് സ്ഥാനങ്ങളിലെ ആദ്യ ഇടങ്കയ്യൻ എന്നത് പന്തിൻ്റെ മേന്മ തന്നെയാണ്. യുവരാജിനു ശേഷം മധ്യനിരയിൽ മികച്ച ഒരു ഇടങ്കയ്യൻ എന്തുകൊണ്ട് ഉണ്ടായില്ല എന്ന ചോദ്യത്തിന് ബിസിസിഐ തന്നെ ഉത്തരം പറയണം.

ഇനി, പരുക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജ ഉണ്ടായിരുന്നെങ്കിൽ സഞ്ജു ടീമിൽ ഇടം പിടിക്കുമായിരുന്നോ എന്ന ചോദ്യത്തിന് സാധ്യതയില്ല എന്ന് തന്നെ പറയണം. ജഡേജയ്ക്ക് പകരമാണ് അക്സർ ടീമിലുള്ളത്. ജഡേജ മാച്ച് ഫിറ്റ് ആയിരുന്നെങ്കിൽ അതേ പ്രൊഫൈലുള്ള അക്സർ റിസർവിൽ ഉൾപ്പെട്ടേനെ. ശരിക്കും ഈ സ്ക്വാഡിൽ ശ്രേയാസ് അയ്യർക്ക് പകരം റിസർവ് നിരയിലാണ് സഞ്ജു ഉൾപ്പെടേണ്ടിയിരുന്നത്. ഷോർട്ട് ബോളിൽ മുട്ടുവിറയ്ക്കുന്ന ശ്രേയാസ് ഓസ്ട്രേലിയൻ പിച്ചുകളിൽ എങ്ങനെ സർവൈവ് ചെയ്യുമെന്ന് കണ്ടറിയണം.

എ ടീമിനെ നയിക്കുന്നതുകൊണ്ടുള്ള നേട്ടം?

ക്യാപ്റ്റൻസി എക്സ്പീരിയൻസ് അത്ര ചെറിയ കാര്യമല്ല. നിലവിൽ ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്മാരുടെ പരിഗണനയിലുള്ള ശ്രേയാസ് അയ്യർ ഉൾപ്പെടെ ഇന്ത്യ എ ടീമിനെ നയിച്ചിട്ടുണ്ട്. ദേശീയ ടീമിൽ കളിക്കാൻ അർഹതയുള്ള, എന്നാൽ പല കാരണങ്ങൾ കൊണ്ട് അവസരം ലഭിക്കാത്തവരാണ് എ ടൂറുകളിൽ കളിക്കാറ്. അതുകൊണ്ട് തന്നെ ആ മത്സരങ്ങൾക്ക് പ്രാധാന്യവുമുണ്ട്. അങ്ങനെയൊരു ടീമിനെ നയിക്കുക എന്നതും ചെറിയ കാര്യമല്ല. സമീപകാലത്ത് ഏകദിനങ്ങളിൽ നടത്തിയ പ്രകടനങ്ങൾ പരിഗണിക്കുമ്പോൾ സഞ്ജു ഏകദിന ടീമിൽ കൂടുതൽ കളിച്ചേക്കുമെന്ന തോന്നലുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബിസിസിഐയുടെ ഈ നീക്കം പോസിറ്റീവ് തന്നെയാണ്.

Read Also: സഞ്ജുവിനെ പരിഗണിക്കുക ഏകദിനത്തിൽ?; ദക്ഷിണാഫ്രിക്കക്കെതിരെ താരം കളിച്ചേക്കുമെന്ന് സൂചന

മറ്റു ചിലത്

സഞ്ജു ഒരു പെർഫക്ട് ഏകദിന ബാറ്ററായിരുന്നെങ്കിലും ദേശീയ ടീമിൽ ഇടംപിടിക്കാനായാണ് തൻ്റെ ശൈലി മാറ്റിയത്. തനിക്ക് അവസരം ലഭിക്കുക 4-6 സ്ഥാനങ്ങളിലാണെന്ന് മനസ്സിലാക്കിയ സഞ്ജു ലോഫ്റ്റഡ് ഷോട്ടുകൾ കൂടുതൽ കളിച്ച് തൻ്റെ ശൈലി മാറ്റി. നാച്ചുറലി ഏകദിന ശൈലിയിൽ കളിക്കുന്ന സഞ്ജു ഈ ശൈലിയിലേക്ക് മാറിവന്നതാണ്. 2014ൽ ഇയാൻ ബിഷപ്പ് ചെയ്ത ഒരു ട്വീറ്റുണ്ട്. 19കാരനായ സഞ്ജു ഇന്ത്യ എയുടെ ഓസ്ട്രേലിയൻ ടൂറിൽ തകർത്തടിക്കുന്നത് കണ്ട് ഉന്മത്തനായ ബിഷപ്പിൻ്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

അന്ന് 2015 ലോകകപ്പ് ടീമിൽ സഞ്ജു ഉൾപ്പെടുമെന്ന പ്രത്യാശയും ബിഷപ്പ് പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴും സഞ്ജുവിൻ്റെ കടുത്ത ആരാധകനാണ് ബിഷപ്പ്.

ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി പറഞ്ഞത്, ഓസ്ട്രേലിയയിൽ സഞ്ജുവിനെക്കാൾ കൂടുതൽ ഷോട്ട് കളിക്കാൻ കഴിവുള്ള താരം ഇന്ത്യൻ ടീമിൽ ഇല്ലെന്നാണ്. സഞ്ജു ലോകകപ്പ് ടീമിൽ ഉൾപ്പെടണമെന്നും രവി ശാസ്ത്രി അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ, എന്നിട്ടും സഞ്ജുവിന് സ്ഥാനം ലഭിച്ചില്ല. അതിൽ നിരാശയുണ്ടെങ്കിലും ബിസിസിഐയുടെ പദ്ധതികളിൽ സഞ്ജു ഉണ്ടെന്നത് സുവ്യക്തം. കാര്യവട്ടത്ത് കളി നടക്കുമ്പോൾ മോശമായ രീതിയിൽ പ്രതിഷേധിക്കാൻ പദ്ധതിയിടുന്നവർ ഒന്നുകൂടി ആലോചിക്കണം. ഇനിയും രാജ്യാന്തര മത്സരങ്ങൾ ഇവിടെ വരേണ്ടതാണ്. മാന്യമായ പ്രതിഷേധങ്ങളാവാം. പക്ഷേ, അത് അതിരുവിടരുത്.

Story Highlights: sanju samson a team captain article

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here