കേരളത്തില്‍ തെരുവുനായ മൂലം ആദ്യ കാറപകടം നടന്നിട്ട് 108 വര്‍ഷം; ഇരയായത് രാജകുടുംബാംഗവും

തെരുവ് നായ്ക്കള്‍ മൂലമുണ്ടാകുന്ന വാഹന അപകടങ്ങള്‍ ഇപ്പോള്‍ സ്ഥിരം വാര്‍ത്തയാണ്. എന്നാല്‍, ചരിത്രത്തില്‍ എഴുതി ചേര്‍ക്കപ്പെട്ട, തെരുവ് നായ മൂലം ഉണ്ടായ ഒരു കാറപകടമുണ്ട്. കേരളത്തില്‍ത്തന്നെ ആദ്യത്തെ കാറപകടം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത് പോലും. അപകടത്തില്‍ മരണപ്പെട്ടതാകട്ടെ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനും. 1914 സെപ്റ്റംബര്‍ 20 നായിരുന്നു ആ കാറപകടം നടന്നത്. 108 വര്‍ഷം തികയുന്നു ആ അപകടത്തിന്. മാവേലിക്കര വഴി തിരുവനന്തപൂരത്തേക്കുള്ള യാത്രയിലായിരുന്നു കാര്‍. കേരളവര്‍മ വലിയകോയിത്തമ്പുരാനും അനന്തരവന്‍ ഡോ.എ.ആര്‍. രാജരാജവര്‍മ്മയും മറ്റ് രണ്ട് പേരുമാണ് അന്ന് കാറിലുണ്ടായിരുന്നത്. അനന്തപുരം കൊട്ടാരത്തില്‍ നിന്നുള്ള മടക്കയാത്രയിലായിരുന്നു ഇവര്‍. ( first car accident in kerala because of stray dog)
അന്നത്തെ കാലമാണ്, ആധുനിക രീതിയിലുള്ള കാറുകളില്‍ നിന്ന് വളരെ വ്യത്യാസമുണ്ടായിരുന്നു ആ കാറിന്, തമ്പുരാനൊപ്പം അകമ്പടിക്കാര്‍ ഉണ്ടാകുമല്ലോ, കാറില്‍ ആണെങ്കിലും പല്ലക്കിലാണെങ്കിലും അകമ്പടിക്കാര്‍ കൂടെ കൂടും. ഇന്നത്തെ ബോഡി ഗാര്‍ഡ്‌സിനെപോലെ. ഈ അകമ്പടിക്കാര്‍ നില്‍ക്കുവാന്‍ തക്ക വണ്ണം കാറിന്റെ ഇരു വശങ്ങളിലും പലകകള്‍ ഉറപ്പിച്ചിട്ടുണ്ട്. ഇങ്ങനെ യാത്ര തുടരുന്നതിനിടയിലാണ് ഒരു നായ വണ്ടിയ്ക്ക് കുറുകെ ചാടിയത്. നായയെ തൊഴിക്കാനോ മറ്റോ, അകമ്പടിക്കാരില്‍ ഒരാള്‍ കാലൊന്ന് പൊന്തിച്ചു, കാര്‍ നേരെ ചെന്ന് വീണത് വഴിയരികിലെ ഒരു കുഴിയിലാണ്.
അപകടത്തില്‍ പരുക്കേറ്റ വലിയകോയിത്തമ്പുരാന്‍ രണ്ട് ദിവസത്തെ ശുശ്രുഷകള്‍ക്കിടെ മരണപ്പെടുകയാണുണ്ടായത്. ‘എ.ആര്‍.രാജരാജവര്‍മ’ എന്ന ഗ്രന്ഥാത്തിലും കാറപകടത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ മലയാള സാഹിത്യത്തിലെ സംഭാവനകള്‍ പ്രശംസിച്ച് അദ്ദേഹം അറിയപ്പെടുന്നത് പോലും കേരള കാളിദാസന്‍ എന്നാണ്. അപ്പോള്‍, പറഞ്ഞു വരുന്നത് തെരുവ് നായ്ക്കള്‍ മൂലമുണ്ടാകുന്ന വാഹന അപകടങ്ങള്‍ ഇന്നും ഇന്നലെയോ തുടങ്ങിയതല്ല, കേരളത്തില്‍ റോഡിലുണ്ടായ ആദ്യത്തെ വാഹന അപകടത്തിന്റെ കാരണം പോലും തെരുവ് നായ ആണെന്നിരിയ്‌ക്കേ,റോഡിലെ കുഴികള്‍കൊണ്ട് തന്നെ പൊറുതിമുട്ടുന്ന മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ നായ കുറുകെ ചാടി ഉണ്ടാകുന്ന അപകടങ്ങളുടെ ട്രെന്‍ഡ് ഏറിവരുകയാണ്.
ഇതിനിടെ തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. തെരുവുനായ ശല്യം ഇപ്പോള്‍ രാജ്യവ്യാപകമായി തന്നെ ഉണ്ട്, എന്നാല്‍ നായ്ക്കളുടെ ശല്യം ഒഴിവാക്കാന്‍ നായ്ക്കളെ കൊല്ലുന്നത് സാക്ഷര കേരളത്തിന് ചേര്‍ന്നതല്ലെന്ന് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ കോടതിയില്‍ വാദിയ്ക്കുകയും ചെയ്തിരുന്നു.തെരുവുനായകളെ കൊല്ലുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നും കോടതി പരാമര്‍ശിച്ചിരുന്നു.
Story Highlights: first car accident in kerala because of stray dog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here