കേരള പൊലീസിന് പോപ്പുലർ ഫ്രണ്ടിനെ ഭയമാണെങ്കിൽ കേന്ദ്രസേനയുടെ സഹായം തേടണം; കെ.സുരേന്ദ്രൻ

കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള പൈശാചികമായ ഹർത്താലാണ് പോപ്പുലർ ഫ്രണ്ട് നടത്തിയതെന്നും അവർക്ക് അഴിഞ്ഞാടാൻ സർക്കാർ അവസരം ഒരുക്കിയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹർത്താലിൽ ആംബുലൻസുകൾ വരെ ആക്രമിക്കപ്പെട്ടത് ഇതിന്റെ ഉദാഹരണമാണെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. (k surendran against kerala police and PFI)
എൻഐഎക്ക് പോപ്പുലർ ഫ്രണ്ടിന്റെ പോക്കറ്റുകളിൽ റെയിഡ് നടത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് ഇവരെ അടക്കിനിർത്താൻ കേരള പൊലീസിന് സാധിക്കുന്നില്ല. പോപ്പുലർ ഫ്രണ്ടിനെ പൊലീസിന് ഭയമാണെങ്കിൽ കേന്ദ്രസേനയുടെ സഹായം തേടാൻ എന്തുകൊണ്ട് സർക്കാർ തയ്യാറായില്ലെന്നും സുരേന്ദ്രൻ ചോദിച്ചു.
നൂറോളം കെഎസ്ആർടിസി ബസുകൾ തകർക്കുകയും യാത്രക്കാർക്കും കണ്ടക്ടർമാർക്കും പരുക്കേൽക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥൻമാരെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ഭീകരവാദ സ്വഭാവത്തിന് തെളിവാണ്. മൂകാംബികയിലേക്ക് പോകുന്ന തീർത്ഥാടകരെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്തു. എല്ലാത്തിനും കാരണം സർക്കാരിന്റെ പരാജയമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ജനങ്ങൾക്ക് ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുമെന്ന ഡിജിപിയുടെ വാക്ക് വെറും വാക്കായി. മട്ടന്നൂരിൽ ആർഎസ്എസ്സിന്റെ കാര്യാലയത്തിനും മഞ്ചേരിയിൽ ബിജെപി ഓഫീസിന് നേരെയും ആക്രമണം നടന്നു. കേരളത്തിൽ ഇന്ന് വരെ ഒരു ഹർത്താലിനോട് പോലും ഇത്രയും തണുപ്പൻ സമീപനം പൊലീസ് എടുത്തിട്ടില്ല.
സർക്കാരിന്റെ ഭാഗത്ത് നിന്നും ഹർത്താലിനെതിരെ അപലപനീയമായ നടപടികളാണ് ഉണ്ടായിരിക്കുന്നത്. ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണം. കേരളത്തിൽ വലിയതോതിൽ ആയുധ ക്യാമ്പുകൾ നടക്കുന്നുണ്ട്. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും പിടിക്കുന്ന ഭീകരർക്കും പരിശീലനം കിട്ടുന്നത് കേരളത്തിലാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Story Highlights: k surendran against kerala police and PFI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here