Advertisement

‘സാനിറ്ററി നാപ്കിൻ മാറാൻ മൂപ്പന്റെ മകൾ കാണിച്ചുതന്ന ശുചിമുറി അവളുടെ എല്ലാ മാസത്തെയും കഷ്ടതയെ ഓർമിപ്പിച്ചു’; അകം പൊള്ളിക്കുന്ന അനുഭവക്കുറിപ്പ്

September 24, 2022
Google News 3 minutes Read

സമസ്ത മേഖലയിലും വികസനക്കുതിപ്പിലാണ് കേരളം. ഓരോ പദ്ധതികൾ പ്രഖ്യാപിക്കുന്പോഴും കൈയടിച്ച് പാസാക്കാറുണ്ട് നമ്മൾ. എന്നാൽ ഈ വികസനം എല്ലാ മനുഷ്യരിലേക്കും എത്തുന്നുണ്ടോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം. അട്ടപ്പാടിയിലെ ഊരുകളിൽ കണ്ട കാഴ്ചകൾ അതിന്റെ ഒരു വലിയ ഉദാഹരണമാണ്. ( reporters diary about attappadi )

അട്ടപ്പാടിയെ കുറിച്ച് അറിയാന്‍ ശ്രമിച്ച് തുടങ്ങിയത് ഡിഗ്രി കാലത്താണ്.
ഡിഗ്രി രണ്ടാം വര്‍ഷ പ്രൊജക്ടിന്റെ ഭാഗമായാണ് ആദ്യമായി അട്ടപ്പാടിയില്‍ പോകുന്നത്. വീണ്ടും അട്ടപ്പാടിക്ക് വണ്ടി കയറുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ കണ്ട അട്ടപ്പാടിയിലെ മാറ്റങ്ങള്‍ അറിയാനായിരുന്നു ശ്രമം. എന്നാല്‍ ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടതിനേക്കാൾ ദുരിത ജീവിതം നയിക്കുന്ന അട്ടപ്പാടിയെയാണ് ഇത്തവണ ഞാന്‍ തൊട്ടറിഞ്ഞത്.

താഴെതുടുക്കി ഊരിലെത്തുമ്പോള്‍ എനിക്ക് മാസമുറയുടെ രണ്ടാം ദിവസമായിരുന്നു.
സാനിറ്ററി നാപ്കിന്‍ മാറാന്‍ മൂപ്പന്റെ മകള്‍ കാണിച്ചുതന്ന ശുചിമുറി അവളുടെ
എല്ലാ മാസത്തെയും കഷ്ടതയെ ഓര്‍മിപ്പിച്ചു. ആ ഊരിലെ മെച്ചപ്പെട്ട ഒരു ശുചി മുറിയായിരുന്നു അത്.

Read Also: അട്ടപ്പാടിയിലെ 5 ഊരുകളിലേക്ക് ഇന്നും റോഡ് സൗകര്യമില്ല | ട്വന്റിഫോർ അന്വേഷണം

കുനിഞ്ഞ് വേണം അകത്ത് കയറാന്‍. മഴക്കാലത്ത് അതിലൂടെ വെള്ളം ഒലിച്ചിറങ്ങും. രാത്രി കാലങ്ങളില്‍ ഇഴജന്തുകളെയും ഭയക്കണം…

ആ ഊരില്‍ കൗമരക്കാരായ പത്തിലേറെ പെണ്‍കുട്ടികളുണ്ട്. ഒരു ദിവസം ഞാന്‍
നേരിട്ട ബുദ്ധിമുട്ടുകള്‍ എല്ലാമാസവും അവര്‍ നേരിടുന്നതാണ്. സാനിറ്ററി നാപ്കിനുകള്‍ക്ക് പകരം മെന്‍സ്ട്രല്‍ കപ്പുവരെ എത്തി നില്‍ക്കുന്ന ഈ കാലത്ത് ഇന്നും തുണികള്‍ മാത്രമാണ് ആര്‍ത്തവകാലങ്ങളിലെ ഈവരുടെ ഏക ആശ്രയം.

പതിനാല് കിലോമീറ്റര്‍ കാല്‍ നടയായും പിന്നീട് കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഒരു മണിക്കൂര്‍ ജീപ്പില്‍ യാത്ര ചെയ്തുമാണ് ഗലസി ഊരിലെ പെണ്‍കുട്ടികള്‍ സാനിറ്ററി നാപ്കിനുകള്‍ വാങ്ങുന്നത്. ഓണ്‍ലൈനിലൂടെ സാനിറ്ററി നാപ്കിനുകള്‍ വീട്ടില്‍ എത്തുന്ന ഈ കാലത്ത് ഈ കഷ്ടത നിറഞ്ഞ യാത്ര എനിക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു.

‘ചേച്ചി, ഞങ്ങള്‍ പാഡ് ഉപയോഗിക്കുന്നത് കുറവാണ്, തുണിയാണ് ഉപയോഗിക്കുന്നത്. പാഡ് വാങ്ങാന്‍ മുക്കാലി വരെ പോകണം’ എന്ന പതിനെട്ടുകാരിയുടെ മറുപടിയിൽ വല്ലാത്ത വേദന തോന്നി.

അതിലും കഷ്ടമായിരുന്നു മുരുഗളയിലെ അവസ്ഥ. പേരിന് ഒരു ശുചിമുറി പോലും മുരുഗള ഊരിലില്ല. വാതില്‍ പോലും ഇല്ലാത്ത വീടിന്റെ നാല് ചുമരുകള്‍ക്കിയില്‍ നിന്ന് അവര്‍ എങ്ങനെ ആര്‍ത്തവകാലം തള്ളിനീക്കുന്നുവെന്ന് ഞാന്‍ ആലോചിച്ചുപോയി. ആര്‍ത്തവകാലം മാത്രമല്ല ദിവസേനയുള്ള ദിനചര്യയ്ക്ക് പോലും കാടിനെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ. ഇരുട്ട് വീണ് തുടങ്ങുമ്പോള്‍ എത്തുന്ന വന്യമൃഗങ്ങളെ ഭയന്നുവേണം പുറത്ത് ഇറങ്ങാന്‍. ഇത് മുരുഗളയിലെ മാത്രം അവസ്ഥയില്ല. കുറുമ്പര്‍ വിഭാഗം താമസിക്കുന്ന താഴെതുടുക്കി, മേലെ തുടുക്കി, ഗലസി എന്നീ ഊരുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. അട്ടപ്പാടിയിൽ മൂന്ന് ആദിവാസി വിഭാഗങ്ങളിലായി 16855 സ്ത്രികളാണുള്ളത്.

അ‌ട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലായി മൂന്ന് ആദിവാസി വിഭാഗമാണുള്ളത്.192 ഊരുകളിലായി 11016 കുടുംബങ്ങൾ. ആകെ ജനസംഖ്യയെന്ന് പറയുന്നത് 32956.അടിസ്ഥാന സൗകര്യവികസനം എന്താണെന്ന് പോലും അറിയാത്ത ഊരുകള്‍ നമ്മുക്ക് അട്ടപ്പാടിയില്‍ കാണാം.

അട്ടപ്പാടിയില്‍ മൂന്ന് വിഭാഗം ആദിവാസികളാണുള്ളത്. അതില്‍ കുറുമ്പര്‍ വിഭാഗം താമസിക്കുന്ന ഊരുകളില്‍ ഇന്നും വെളിച്ചമില്ല, വഴിയോ വെള്ളമോ ഇല്ല. മൊബൈല്‍ സിഗ്‌നലുകളുമില്ല. മുക്കാലി ടൗണില്‍ നിന്ന് അരമണിക്കൂര്‍ ജീപ്പില്‍ സഞ്ചരിച്ചാണ് ഞങ്ങള്‍ തണ്ടികുണ്ടില്‍ എത്തിയത്. വനത്തിലൂടെ നാല് കിലോമീറ്റര്‍ സഞ്ചരിച്ച് വേണമായിരുന്നു മുരുഗള ഊരിലെത്താന്‍. അതിന് ചെറുന്നാലി പുഴ കടക്കണം. അക്കരെ എത്താന്‍ രണ്ട് മരക്കഷ്ണങ്ങള്‍ മാത്രം ആശ്രയം. ആ മരത്തടിക്കഷ്ണങ്ങളിലൂടെ കടന്നുപോകാന്‍ ഒരു നിമിഷം ഞാന്‍ ഭയന്നു. ഈ മരക്കഷ്ണത്തിന്റെ പാലം കടന്നാണ് മരുഗളയിലെ അയ്യപ്പന്‍ തന്റെ കുഞ്ഞിന്റെ മൃതശരീരവുമായി ആശുപത്രിയിലേക്ക് ഓടിയത്.

ഞാന്‍ ആ പുഴ മുറിച്ചു കടന്നത് ഒരാളുടെ സാഹയത്തോടെയായിരുന്നു. ഒരു വയസായ കുഞ്ഞ് മുതല്‍ പ്രായമായവര്‍ വരെ ഈ മരക്കഷ്ണത്തിലൂടെ പുഴ മുറിച്ച് കടന്നാണ് പുറംലോകത്ത് എത്തുന്നത്. മഴക്കാലത്ത് ഈ മരക്കഷ്ണങ്ങള്‍ വെള്ളത്തില്‍ ഒലിച്ച് പോകും. മഴക്കാലത്ത് രണ്ട് ഊരുകളാണ് പുറലോകവുമായി ബന്ധമില്ലാത്തെ ഒറ്റപ്പെട്ട് പോകുന്നത്.

Read Also: പച്ചക്കറി വികസനം മുതൽ പരമ്പരാഗത കൃഷി വികാസ് യോജന വരെ; അട്ടപ്പാടിയിൽ സർക്കാർ പദ്ധതികൾ നിർജീവം

വീണ്ടും ഒരു തവണ കൂടി പുഴ മുറിച്ചു കടക്കണം. അവിടെ മരക്കഷ്ണത്തിന് പകരം ഒരു തൂക്ക് പാലമുണ്ട്. പാലത്തിന്റെ പണി കഴിഞ്ഞിട്ട് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. മുരുഗളയില്‍ നിന്ന് വീണ്ടും കിലോമീറ്ററുകള്‍ നടക്കണം കിണറ്റുകര ഊരിലെത്താന്‍. വനത്തിലൂടെയുള്ള യാത്ര അത്ര എളുപ്പമല്ല. മഴ തുടങ്ങിയതുകൊണ്ടുതന്നെ അട്ടയുടെ ശല്യമുണ്ടായിരുന്നു. ചോര കുടിക്കുന്ന എത്ര അട്ടയുടെ കടി കിട്ടിയെന്ന് അറിയില്ല. കുത്തനെയുള്ള കയറ്റവും ഇറക്കവുമായി നടന്നത് എത്ര കിലോമീറ്ററെന്ന് ഇന്നും അറിയില്ല. പകുതി ദൂരം താണ്ടുമ്പോള്‍ തന്നെ ക്ഷീണം അനുഭവപ്പെടും. പിന്നെ കുറച്ച് നേരം ഇരുന്നിട്ടാണ് യാത്ര തുടരുന്നത്. കിണറ്റുകര ഊരില്‍ സൗരോര്‍ജ പദ്ധതി നടപ്പിലാക്കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പുണ്ടായിരുന്നു. എന്നാല്‍ നട്ടുച്ചയ്ക്ക് പോലും ഇരുട്ട് മൂടിക്കിടക്കുന്ന കിണറ്റുകരയില്‍ സൗരോര്‍ജ പദ്ധതി എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപിച്ചതെന്ന് അവിടെ എത്തുന്നവര്‍ക്ക് തോന്നുന്ന സ്വാഭാവികമായ സംശയമാണ്.

അടുത്ത ദിവസത്തെ ഞങ്ങളുടെയാത്ര താഴതുടുക്കി, മേലെ തുടുക്കി, ഗലസി എന്നീ ഊരുകളിലേക്കായിരുന്നു. വീണ്ടും കുത്തനെയുള്ള കയറ്റവും ഇറക്കവുമായി നടന്നത് കിലോമീറ്ററുകള്‍. ക്യാമറ ബാഗും മറ്റ് അവശ്യ സാധനങ്ങളുമായി ഞങ്ങള്‍ യാത്ര തുടങ്ങിയത് രാവിലെ 8 മണിക്ക്. താഴെതുടുക്കി ഊരിലെത്തിയത് 12 മണി കഴിഞ്ഞാണ്. പണി തീരാത്ത വീടുകളാണ് ഭൂരിഭാഗവും.

‘ആറ് വര്‍ഷമായി വീടുപണി തുടുങ്ങിയിട്ട്, ഇന്നും പണി തീര്‍ന്നിട്ടില്ല. വെട്ടമില്ല, വാതില്ല’ വീടിന്റെ അവസ്ഥയെ കുറിച്ച് ഗീതമ്മ പറഞ്ഞ വാക്കുകളായിരുന്നു.

സര്‍ക്കാരിന്റെ ഭവന പദ്ധതിയില്‍ വീട് ലഭിച്ചു. എന്നാല്‍ വര്‍ഷം ആറ് കഴിഞ്ഞിട്ടും വീടിന്റെ പണി എങ്ങുമെത്തിയില്ല. ഇത് ഗീതമ്മയുടെ മാത്രം അവസ്ഥയല്ല. ഞങ്ങള്‍ പോയ പല ഊരുകളിലും ഇത് തന്നെയാണ് അവസ്ഥ. പരാതി പറയാനാണെങ്കില്‍ ഏറെയുണ്ട് ഇവര്‍ക്ക്. കഴിഞ്ഞ വ‍ർഷം ഭവന പദ്ധതിയ്ക്കായി സ‍ർക്കാർ അനുവദിച്ചത് നാല് കോടി രൂപയാണ്. എന്നാൽ പണിപൂ‍ർത്തിയാക്കിയത് വെറും 13 വീടുകൾ.

കൊവിഡ് കാലത്തെ വിദ്യാഭ്യസത്തെ കുറിച്ച് ഒരു പതിനെട്ടുകാരിയുടെ ബൈറ്റ് എടുക്കാന്‍ വേണ്ടി മൈക്ക് കുത്തുമ്പോഴാണ് ഞാന്‍ മറ്റൊരു കാര്യം ശ്രദ്ധിക്കുന്നത്. അവളുടെ വസ്ത്രത്തില്‍ നിറയെ പിന്നുകള്‍. അതേപ്പറ്റി ഞാന്‍ അവളോട് ചോദിച്ചു. ‘കുപ്പായം കീറിയതുകൊണ്ട് പിന്നുകൊണ്ട് കുത്തിവച്ചതാണെന്നാണ് അവള്‍ പറഞ്ഞത്. ചെറുതായിട്ട് കീറിയാല്‍ പോലും വസ്ത്രം ഉപേക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. അവിടെയാണ് ആ കുട്ടി കുപ്പായം നിറയെ പിന്‍ കുത്തിവച്ച് ഉപയോഗിക്കുന്നത്. ഊരില്‍ ഓടികളിച്ചു നടന്ന കുട്ടികള്‍ക്ക് മിഠായി കൊടുക്കാന്‍ പോയപ്പേഴാണ് ഞാന്‍ അവരോട് അങ്കനവാടിയെ കുറിച്ച് ചോദിക്കുന്നത്.

അങ്കനവാടിയില്‍ പോകാത്തത് എന്തായെന്ന എന്റെ ചോദ്യത്തിന് ആ കുട്ടികള്‍ മറുപടി തന്നില്ല. ആ കുട്ടികളില്‍ ഒരാളുടെ ചേച്ചി എന്നോട് പറഞ്ഞത് ‘ടീച്ചര്‍ വരാറില്ല, അതുകൊണ്ടുതന്നെ അങ്കനവാടി പ്രവര്‍ത്തിക്കുന്നില്ല’ എന്നാണ്. ടീച്ചര്‍ എപ്പോഴെങ്കിലും വരും, അപ്പോള്‍ മാത്രമാണ് അങ്കനവാടി തുറക്കുന്നതെന്നും ആ കുട്ടി പറഞ്ഞു.

ഞങ്ങള്‍ക്ക് വേണ്ടി അവര്‍ അങ്കനവാടി തുറന്ന് കാണിച്ചുതന്നു. മുളകൊണ്ട് മറച്ച അങ്കനവാടി. തറയാണെങ്കില്‍ മണ്ണ്. മഴക്കാലത്ത് അങ്കനവാടിയുടെ ഉള്ളിലൂടെ വെള്ളം ഒഴുകിപോകും. ഇഴജന്തുകളുടെ ശല്യവുമുണ്ടെന്ന് കൂടെ വന്ന ഒരാള്‍ പറഞ്ഞു. അങ്കനവാടിയുടെ ഒരു മൂലയില്‍ കാസേരകള്‍ കൂട്ടിവച്ചിരിക്കുന്നു, കളിപ്പാട്ടങ്ങളോ മറ്റ് സാധനങ്ങളോ ഇല്ല. ചാര്‍ട്ട് പേപ്പറില്‍ ചിതല്‍ കയറി തുടങ്ങിയിരിക്കുന്നു.

വൈകുന്നേരം മഴ തുടങ്ങിയതുകൊണ്ട് പിന്നെ ഷൂട്ട് ഒന്നും നടന്നില്ല. ഞങ്ങള്‍ താമസിച്ച ഊരുമൂപ്പന്റെ വീട്ടിലുള്ളവരെ പരിചയപ്പെട്ടാന്‍ അടുക്കളയില്‍ ചെന്നപ്പോഴാണ് ഇരുട്ടത്തിരുന്നാണ് അവര്‍ പാചകം ചെയ്യുന്നതെന്ന് മനസിലായത്.

ചെറിയ ഒരു അടുപ്പാണ് അവിടെയുള്ളത്. പാചകം ചെയ്യുന്നതാണെങ്കില്‍ നിലത്തിരുന്ന്. മണ്ണെണ്ണ വിളക്കിന്റെ നുറുങ്ങുവെട്ടത്തിലാണ് കറിക്ക് അരിയുകയും ചോറുവയ്ക്കുന്നതും. ഒരാള്‍ക്ക് നേരെ നില്‍ക്കാന്‍ പോലും കഴിയുന്നതല്ല ആ അടുക്കള. സോളാര്‍ സ്ഥാപിച്ച ആ ഊരില്‍ ഞങ്ങള്‍ ഒരു സോളാര്‍ വിളക്ക് പോലും കത്തുന്നത് കണ്ടില്ല. ഇരുട്ടിലാണെന്നും ഇവര്‍. ഇവരുടെ ഇരുട്ട് നിറഞ്ഞ ജീവിതത്തില്‍ വെളിച്ചമേകാന്‍ അധികൃതരുടെ സത്യസന്ധമായ ഇടപെടല്‍ അനിവാര്യമാണ്.

Read Also: അകംപൊള്ളുന്ന അട്ടപ്പാടി; ഇന്നും വൈദ്യുതിയെത്താത്ത അട്ടപ്പാടിയിലെ ഊരുകള്‍

ഞങ്ങള്‍ അവിടെയുള്ളപ്പോഴാണ് പ്ലാമരം എന്ന ഊരില്‍ ആനയുടെ ചവിട്ടേറ്റ് മല്ലിക എന്ന വീട്ടമ്മ മരിക്കുന്നത്. അവിടെ സന്ദര്‍ശിച്ചപ്പോഴാണ് വന്യജീവി ശല്യം എത്രമാത്രം രൂക്ഷമാണെന്ന് മനസിലായത്. പ്രദേശത്ത് മൊബൈല്‍ സിഗ്നലില്ല. അതുകൊണ്ടുതന്നെ ആന ഇറങ്ങിയാല്‍ ആ വിവരം ആരെയും അറിയിക്കാന്‍ കഴിയില്ലെന്ന് മരിച്ച മല്ലികയുടെ ഭര്‍ത്താവ് പറഞ്ഞു. രണ്ട് കുട്ടികളാണ് ഇവര്‍ക്ക്. ആ കുഞ്ഞുങ്ങള്‍ക്ക് ഇനി ആകെയുള്ള ആശ്രയം ആ പിതാവാണ്.

അമ്മ നഷ്ടമായത്തിന്റെ വേദനയില്‍ കരഞ്ഞു കലങ്ങിയ കണ്ണുമായി ആ പെണ്‍കുട്ടി എന്നെ നോക്കുന്നുണ്ടായിരുന്നു. ആ നോട്ടത്തില്‍ അവള്‍ എന്തെക്കൊയോ പറയാന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നി. എല്ലാ സൗകര്യങ്ങളുമായി ജീവിക്കുന്നവര്‍ക്ക് ഇവരുടെ വേദന ഒരു പക്ഷേ മനസിലായേക്കില്ല. വന്യജീവികളുടെ ആക്രമണങ്ങളില്‍നിന്ന് സംരക്ഷണം ഒരുക്കണമെന്ന ഇവരുടെ മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കൃത്യമായ ഒരു നടപടിക്ക് വേണ്ടി ഇവര്‍ ഇനി എത്ര നാള്‍ കാത്തിരിക്കേണ്ടിവരും? ഉത്തരം പറയാന്‍ അധികാരികള്‍ ബാധ്യസ്ഥരാണ്.

അട്ടപ്പാടിയിൽ എത്തി കഴിഞ്ഞാണ് ആദിവാസി ഭൂമിയിലെ കയ്യേറ്റങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നത്. മരപ്പാലം ഊരിലെ നഞ്ചിയെ കാണുന്ന നിമിഷം വരെ അവർ നേരുടുന്ന പ്രശ്നങ്ങളുടെ തീവ്രത അറിയില്ലായിരുന്നു. നഞ്ചിയമ്മയെ മരപ്പാലം ഊരിലേക്ക് വിവാഹം കഴിച്ചു കൊണ്ടുവന്നതാണ്. ആ കാലഘട്ടം മുതൽ ആ പ്രദേശത്ത് അവരായിരുന്നു കൃഷി ചെയ്തിരുന്നത്. ഒരു സുപ്രഭാതത്തിൽ ആ ഭൂമിക്ക് വേറെ അവകാശികൾ ഉണ്ടാകുന്നു. പോലീസിന്റെയും വില്ലേജ് ഓഫീസർമാരുടെയും സഹായത്തോടെ വ്യാജ രേഖയുടെ മറവിലാണ് നഞ്ചിയമ്മയുടെ ഭർത്താവിന്റെ പേരിലുള്ള ഭൂമി ഭൂമാഫിയ സംഘം കയ്യേറിയത്. പോലീസിൽ പരാതി നൽകി. പ്രയോജനം മെന്നുമുണ്ടായില്ല. കോടതിയുടെ സഹായത്തോടെയാണ് ഭൂമാഫിയയുടെ കയ്യേറ്റം.

വർഷങ്ങളായി കൃഷി ചെയ്ത ഭൂമി…. അതിൽനിന്നും പടിയിറക്കപ്പെട്ടത്തിന്റെ കഥയായിരുന്നു നന്ഞ്ചിയമ്മയ്ക്ക് ഞങ്ങളോട് പറയാനുണ്ടായിരുന്നത്. ജെസിബിയുമായി വന്ന സംഘം ഭൂമിയിലെ കുടിലുകൾ വരെ പൊളിച്ചു… കൃഷിഭൂമിയിൽ നിന്ന് ഇറക്കിവിട്ടു… ഇനിയെന്തു ചെയ്യണം എന്ന് അറിയാതെയാണ് ആ കുടുംബം നിസ്സഹായതോടെ ഞങ്ങളെ നോക്കിയത്. നടന്ന സംഭവങ്ങൾ വിവരിക്കുമ്പോൾ നഞ്ചിയമ്മ വല്ലാതെ പേടിക്കുന്നുണ്ടായിരുന്നു… അവരുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.. ഭൂമാഫിയ സംഘത്തിന്റെ ഭീഷണി ഉണ്ടെന്നുവരെ ആ അമ്മ പറഞ്ഞു… ഇനി എന്ത് ചെയ്യണം എന്ന് നിസ്സഹായതയോടെയുള്ള ചോദ്യത്തിനുമുന്നിൽ മറുപടി പോലും ഞങ്ങൾക്കുണ്ടായിരുന്നില്ല… ആരും ചോദിക്കാനും പറയാനും ഉണ്ടാകില്ലയെന്ന ധൈര്യത്തിന്റെ പുറകിലാണ് ഭൂമാഫിയ സംഘത്തിന്റെ ഈ കൊടുംക്രൂരതകൾ.. ഇത് നഞ്ചിയമ്മയുടെ മാത്രം അനുഭവമല്ല… അട്ടപ്പാടിയിലെ നിരവധി ആദിവാസികളുടെ അനുഭവമാണ്… വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തുമെന്നാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. അതെങ്കിലും പാഴ്വാക്ക് ആകാതിരിക്കട്ടെ.

Read Also: ‘വ്യാജരേഖകളുണ്ടാക്കി ഭീഷണിപ്പെടുത്തുന്നു’; അട്ടപ്പാടിയിൽ ആദിവാസികളുടെ ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിയതായി പരാതി

ഇതിനിടയില്‍ എന്നെ അത്ഭുതപ്പെടുത്തിയത് അവരുടെ കൃഷിയാണ്. ഒരു ഊരിന് വേണ്ടത് അവര്‍ തന്നെ കൃഷി ചെയ്യുന്നു. കടുക് മുതല്‍ ചോളം വരെ. ഒരു വലിയ പ്രദേശത്തെ കാട് വെട്ടിത്തെളിച്ച് വേണ്ടെതെല്ലാം അവര്‍ ഒന്നിച്ച് കൃഷി ചെയ്യുന്നു. കൃഷിയ്ക്ക് കാവല്‍ നില്‍ക്കുന്നതും കള പറിക്കുന്നതും എല്ലാം അവര്‍ ഒന്നിച്ചാണ്. ഇവരുടെ ഈ കൂട്ടായ്മയെയാണ് നമ്മള്‍ മറ്റൊരു പ്രദേശത്തേക്ക് പറിച്ച് നടാന്‍ ശ്രമിക്കുന്നത്. മാറ്റി സ്ഥാപിക്കുകയല്ല പരിഹാരം. വേണ്ടത് അവരുടെ അവാസ്ഥവ്യവസ്ഥയെ തകര്‍ക്കാത്തെയുള്ള കൃത്യമായ നടപടിയാണ്. മാറ്റം വരട്ടെ. ഇനി ഒരു തവണ കൂടി അവിടെ പോകുമ്പോള്‍ വികസനം എത്തിയ അട്ടപ്പാടിയെ കാണാന്‍ കഴിയട്ടെ.

Story Highlights: reporters diary about attappadi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here