ബിജെപി നേതാവിൻ്റെ മകൻ 19കാരിയെ കൊലപ്പെടുത്തിയ കേസ്; റിസോർട്ടിനു തീവച്ച് നാട്ടുകാർ

ബിജെപി നേതാവിൻ്റെ മകൻ 19കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ കൃത്യം നടന്ന ഉത്തരാഖണ്ഡ് റിസോർട്ടിൻ്റെ കെട്ടിടത്തിനു തീവച്ച് നാട്ടുകാർ. പൊട്ടിയ ജനാലകളിലൂടെ പുക പുറത്തുവരുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തീ ഉടൻ അണച്ചതായാണ് വിവരം. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നിർദ്ദേശ പ്രകാരം കൊലപാതകം നടന്ന റിസോർട്ടിൻ്റെ ഒരു ഭാഗം ബുൾഡോസർ കൊണ്ട് പൊളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നാട്ടുകാർ മറ്റൊരു ഭാഗത്ത് തീവച്ചത്. പ്രതി പുൽകിത് ആര്യയുടെ റിസോർട്ട് ആണ് ഇത്.
വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയാണ് കേസിൽ അറസ്റ്റിലായത്. റിസപ്ഷണിസ്റ്റ് അങ്കിത ഭണ്ടാരിയുടെ കൊലപാതകത്തിലാണ് അറസ്റ്റ്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകി.
ഋഷികേഷിനു സമീപമാണ് പുൽകിത് ആര്യയുടെ റിസോർട്ട്. ഇവിടെ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന അങ്കിതയെ തിങ്കളാഴ്ച മുതൽ കാണാതായിരുന്നു. മാതാപിതാക്കളുടെ പരാതിക്ക് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പുൽകിതും മറ്റ് രണ്ട് ജീവനക്കാരും ചേർന്ന് അങ്കിതയെ കൊലപ്പെടുത്തിയെന്ന് കണ്ടത്തിയത്. ഈ രണ്ട് പേരും അറസ്റ്റിലായി. ഇന്ന് പുലർച്ചെ കനാലിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി.
Story Highlights: Resort Fire BJP Leader Son Arrested For Staff Murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here