സിപിഐഎമ്മിനെതിരെ കുറിപ്പെഴുതി വച്ച് ഗൃഹനാഥന്റെ ആത്മഹത്യ; ആരോപണങ്ങള്‍ നിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ്

സിപിഐഎം നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് പെരുനാട്ടില്‍ പാര്‍ട്ടി അനുഭാവി ബാബു ആത്മഹത്യ ചെയ്ത കേസില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ നിഷേധിച്ചു. താന്‍ കൈക്കൂലിക്കാരന്‍ അല്ല എന്നും ബാബുവിനെ കുടുംബം പാലത്തിനായി നേരത്തെ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കൈയേറിയതാണെന്നും പ്രസിഡന്റ് ട്വന്റിഫോറിനോട് പറഞ്ഞു.
പെരുനാട് പഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പ്രകടനങ്ങള്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ വച്ച് പൊലീസ് തടയുകയായിരുന്നു.
ജില്ലാ കമ്മിറ്റി അംഗവും പ്രസിഡന്റുമായ പി എസ് മോഹനന്‍, ലോക്കല്‍ സെക്രട്ടറി റോബിന്‍ എന്നിവര്‍ കൈക്കൂലിയായി പണം ആവശ്യപ്പെട്ടു എന്ന ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശമാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ഇന്നലെ രാവിലെയാണ് സിപിഐഎം അനുഭാവിയായ ബാബു വീടിന് സമീപത്തെ റബ്ബര്‍തോട്ടത്തില്‍ തൂങ്ങി മരിച്ചത്. ബാബുവിന്റെ വീടിനോട് ചേര്‍ന്നുള്ള രണ്ടേകാല്‍ സെന്റ് സ്ഥലം അനധികൃതമായി ഏറ്റെടുത്ത് ശുചിമുറി ഉള്‍പ്പെടെ നിര്‍മ്മിക്കാന്‍ പഞ്ചായത്ത് ശ്രമിച്ചതിലുള്ള മനോ വിഷമത്തിലാണ് ബാബുവിന്റെ ആത്മഹത്യ എന്ന് കുടുംബവും ആരോപിച്ചിരുന്നു. ബാബുവിന്റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലാണ് പി എസ് മോഹനും റോബിനും പദ്ധതി പിന്‍വലിക്കാന്‍ കൈക്കൂലിയായി പണം ആവശ്യപ്പെട്ടു എന്ന പരാമര്‍ശം ഉള്ളത്.
പി എസ് മോഹനന് മൂന്ന് ലക്ഷവും റോബിന് ഒരു ലക്ഷവും നല്‍കണമെന്നായിരുന്നു ആവശ്യമെന്നും ബാബുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഈ കത്താണ് നിലവില്‍ ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയത്. ജില്ലാ കമ്മിറ്റി അംഗം കൈക്കൂലി ആവശ്യപ്പെട്ടു എന്ന ആരോപണത്തെ എങ്ങനെ പ്രതിരോധിക്കും എന്നാണ് പ്രധാന പ്രശ്നം. പി എസ് മോഹനന്‍ സിഐടിയുവിന്റെ ചുമതല വഹിച്ചപ്പോഴും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സംഘടനാ നടപടിക്ക് വിധേയനായ വ്യക്തിയാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി അനുഭാവിയുടെ ആത്മഹത്യാക്കുറിപ്പിലെ ആരോപണം പാര്‍ട്ടി അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പ്രശ്നത്തെ രാഷ്ട്രീയമായി നേരിടാന്‍ ബിജെപി അടക്കം മുന്നിട്ടിറങ്ങിയ സാഹചര്യത്തില്‍ പാര്‍ട്ടി മെമ്പര്‍മാരെ ഉള്‍പ്പെടെ തൃപ്തരാക്കുന്ന വിശദീകരണത്തിനാണ് സിപിഐഎം ശ്രമിക്കുന്നത്.
Story Highlights: man suicide after writing note against CPIM panchayat president denied allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here