ശരാശരി 60, സ്ട്രൈക്ക് റേറ്റ് 89; പരമ്പരയിൽ ഏറ്റവുമധികം റൺസ് നേടിയത് സഞ്ജു സാംസൺ

ന്യൂസീലൻഡ് എയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മൂന്നിലും ആധികാരിക വിജയം നേടിയാണ് ഇന്ത്യ എ പരമ്പര തൂത്തുവാരിയത്. മലയാളി താരം സഞ്ജു സാംസണിൻ്റെ നായകത്വത്തിലാണ് ടീം ഇന്ത്യ എ കളിച്ചത്. വളരെ മികച്ച രീതിയിൽ ടീമിനെ നയിച്ചതിനൊപ്പം പരമ്പരയിൽ ഏറ്റവുമധികം റൺസ് നേടാനും സഞ്ജുവിനു സാധിച്ചു. 3 മത്സരങ്ങൾ കളിച്ച താരം ആകെ പരമ്പരയിൽ 120 റൺസാണ് നേടിയത്. (sanju samson top scorer)
ആദ്യ മത്സരത്തിൽ 29 റൺസെടുത്ത് പുറത്താവാതെ നിന്ന സഞ്ജു, രണ്ടാം മത്സരത്തിൽ 37 റൺസെടുത്ത് പുറത്തായി. ഇന്ന് നടന്ന അവസാന മത്സരത്തിൽ 54 റൺസ് നേടിയ സഞ്ജു ആയിരുന്നു ടീമിൻ്റെ ടോപ്പ് സ്കോറർ. 60 ശരാശരിയും 89 സ്ട്രൈക്ക് റേറ്റും സൂക്ഷിച്ചാണ് സഞ്ജു പരമ്പരയിൽ മികച്ച പ്രകടനം നടത്തിയത്.
അവസാന മത്സരത്തിൽ ന്യൂസീലൻഡിനെതിരെ 106 റൺസ് വിജയം നേടിയതോടെയാണ് ഇന്ത്യ എ പരമ്പര തൂത്തുവാരിയത്. ഇന്ത്യ മുന്നോട്ടുവച്ച 285 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസീലൻഡ് എ 38.3 ഓവറിൽ 178 റൺസെടുക്കുന്നതിനിടെ ഓൾഔട്ടായി. 83 റൺസെടുത്ത ഡെയിൻ ക്ലീവർ ന്യൂസീലൻഡ് ടോപ്പ് സ്കോററായി. രാജ് ബവ ഇന്ത്യക്കായി 4 വിക്കറ്റ് വീഴ്ത്തി.
Read Also: സഞ്ജു ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റനാവുമെന്ന് റിപ്പോർട്ട്
52 റൺസിൻ്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുമായി ന്യൂസീലൻഡ് എയുടെ തുടക്കം മികച്ചതായിരുന്നു. ചാഡ് ബോവ്സിനെ പുറത്താക്കിയ രാഹുൽ ചഹാർ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. തുടർന്ന് നിശ്ചിത ഇടവേളകളിൽ ന്യൂസീലൻഡിന് വിക്കറ്റ് നഷ്‌മായി. വിക്കറ്റ് കീപ്പർ ഡെയിൻ ക്ലീവർ മാത്രമാണ് കിവീസ് നിരയിൽ പിടിച്ചുനിന്നത്. 29 റൺസെടുത്ത മൈക്കൽ റിപ്പൺ ആണ് കിവീസ് നിരയിലെ രണ്ടാമത്തെ ഉയർന്ന സ്കോറുകാരൻ.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ എ 49.3 ഓവറിൽ 284 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ (54) ടോപ്പ് സ്കോറർ ആയപ്പോൾ ശാർദുൽ താക്കൂർ (51), തിലക് വർമ (50) എന്നിവരും ഇന്ത്യക്കായി തിളങ്ങി.
Story Highlights: sanju samson top scorer india a
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here