‘തീയിൽ കുരുത്തത് വെയിലത്ത് വാടില്ല, മോദി വെയിലൊന്നും രാഹുലിന് ഏൽക്കില്ല’; രാഹുൽ ഗാന്ധി കാണാതെ പോയതിൽ പരിഭവം പങ്കുവച്ച് മലയാളി അധ്യാപകൻ

ഭാരത്ത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കേരളത്തിലൂടെ നടന്ന രാഹുൽ ഗാന്ധി തന്നെ കാണാതെ പോയതിൽ പരിഭവം പങ്കുവച്ച് മലയാളി അധ്യാപകൻ കെ സി ജേക്കബ്. രാഹുൽ ഗാന്ധിയെ ഡൽഹിയിലെ സെൻ്റ്. കൊളംബസ് സ്കൂളിലും, അതിന് ശേഷം അദ്ദേഹത്തിന്റെ വീട്ടിലും പോയി പഠിപ്പിച്ച അധ്യാപകനാണ് എറണാകുളം കാക്കനാട്ടുകാരനായ കെ സി ജേക്കബ്. (rahul gandhi’s malayali teacher k c jacob)
രാഹുൽ ഗാന്ധിയുമായി കുട്ടിക്കാലത്ത് കുറെയേറെ സമയം ചിലവഴിക്കാൻ അധ്യാപകനായ കെ സി ജേക്കബിന് സാധിച്ചു. 40 വർഷം മുമ്പുള്ള അദ്ദേഹത്തിന്റെ അധ്യാപന ജീവിതവും രാഹുൽ ഗാന്ധിക്കൊപ്പമുള്ള അനുഭവങ്ങളും അദ്ദേഹം ട്വന്റിഫോറിനോട് പങ്കുവച്ചു. രാഹുൽ ഗാന്ധി എന്നെങ്കിലും നേരിട്ട് വന്ന് കാണും എന്ന പ്രതീക്ഷയിലാണ് മലയാളി അധ്യാപകൻ കെ സി ജേക്കബ്.
കുട്ടിക്കാലത്തെ രാഹുൽ ഗാന്ധിക്കൊപ്പമുള്ള യാത്ര
ഒരു ദിവസം സെൻ്റ്. കൊളംബസ് സ്കൂളിലെ ഐറിഷ് പ്രിൻസിപ്പൽ അധ്യാപകരോട് ചോദിച്ചു രാഹുൽ ഗാന്ധിയെ വീട്ടിൽ പോയി പഠിപ്പിക്കണം ആരാ അദ്ദേഹത്തെ പഠിപ്പിക്കുക എന്ന്. ഞാൻ കൈപൊക്കി പോകാം എന്ന് പറഞ്ഞു. അങ്ങനെ രാഹുലിന്റെ വീട്ടിൽ പോയി പൊലീസ് സുരക്ഷയോടെ വീട്ടിൽ എത്തി. വീട്ടിൽ എത്തിയപ്പോൾ അവിടുള്ള പട്ടി കടിക്കാനായി ചാടി ഉടൻ അത് കണ്ട് രാഹുൽ പിടിച്ചുമാറ്റി. പിന്നെ രാഹുലിനെ പഠിപ്പിക്കാൻ തുടങ്ങി. അന്നുമുതൽ മറക്കാനാകാത്ത ഓർമ്മകളാണ് മനസിൽ സൂക്ഷിക്കുന്നതും.

അന്നും ഇന്നും നല്ല മനുഷ്യനാണ് രാഹുൽ ഗാന്ധി
വിദ്യാർത്ഥി ആയ രാഹുൽ ഗാന്ധിക്കും രാഷ്ട്രീയക്കാരനായ രാഹുൽ ഗാന്ധിക്കും ഒരു വ്യതാസവുമില്ല. അന്നും ഇന്നും നല്ല മനുഷ്യനാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തിൽ ഒരുമാറ്റവും ഞാൻ കണ്ടിട്ടില്ല. സ്കൂൾ ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും അവൻ ഒന്നാമതായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടയിൽ നിന്നുള്ള ജീവിതം അദ്ദേഹത്തിന് മടുത്തതായി തോന്നുന്നില്ല. അദ്ദേഹത്തിന്റെ സർക്കിളിലായി കുറച്ച് കൂട്ടുകാർ ഉണ്ട്.
കേരളത്തോടുള്ള ഇഷ്ടമാണ് ഇവിടുത്തെ എം പി ആയതും

സ്‌കൂളിലെ ഫോട്ടോഗ്രാഫി ടീമിൽ അംഗമായിരുന്നു അതുമായി ബന്ധപ്പെട്ട കേരളത്തിൽ വരാനിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മുത്തശി ഇന്ദിര ഗാന്ധി മരിച്ചത്. തുടർന്ന് യാത്ര ക്യാൻസൽ ആവുകയായിരുന്നു. അന്ന് കേരളത്തോടുള്ള ഇഷ്ടമാണ് ഇപ്പോ അവൻ എം പി ആയത്. ഇവിടെ വന്നിട്ട് അവൻ വീട്ടിൽ കയറാതെ പോയതിൽ പലർക്കും സംശയവും സങ്കടവുമുണ്ട്.
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല
ഇന്ദ്രിര ഗാന്ധിയുടെ മരണം കഴിഞ്ഞ് ഒരുമാസം ആയിട്ടേയുള്ളു. അത് കഴിഞ്ഞാണ് വീട്ടിൽ പഠിപ്പിക്കാൻ പോയതും. പക്ഷെ അവൻ ആ വിഷമ സാഹചര്യങ്ങലിൽ നിന്നും തിരിച്ചുവന്നു. രാജീവ് ഗാന്ധിയുടെ മരണവുമായി ബന്ധപ്പെട്ട് തകർച്ചകൾ നേരിട്ടെങ്കിലും കുട്ടികാലത്ത് അതൊക്കെ അവൻ നേരിട്ടു. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല അതുകൊണ്ട് മോദി വെയിലൊന്നും അദ്ദേഹത്തിന് ഏൽക്കില്ല. ഒരു ദിവസം രാഹുൽ ഗാന്ധി പ്രധാനമന്ത്രി കസേരയിൽ ഇരിക്കും.
പദയാത്ര രഥയാത്രയിലേക്ക് മാറ്റണം

ഭാരത് ജോഡോ യാത്രയ്ക്ക് വിശ്രമം ആവാം. പദയാത്ര രഥയാത്രയിലേക്ക് മാറ്റണം. ഇത്രയും ദൂരം നടക്കുന്നത് ശരീരത്തിന് ആപത്താണ് അതുകൊണ്ട് കാറിലും നടന്നും ഒക്കെ സഞ്ചരിക്കുന്നത് ആണ് നല്ലത്. ഭാരത് ജോഡോ യാത്രയ്ക്ക് കാക്കനാട് വരുമ്പോൾ രാഹുൽ ഇവിടെ വരുമെന്ന് ഉറപ്പിച്ചു. എം പി ഹൈബി ഈഡനോട് പറഞ്ഞതുമായിരുന്നു പക്ഷെ നടന്നില്ല.ഒരുപാട് മറക്കാനാകാത്ത സംഭവങ്ങളായിരുന്നു പഠനകാലത്ത് രാഹുലുമായി ഉണ്ടായത്. രാഹുൽ ഗാന്ധി നേരിട്ട് വന്ന് കാണും എന്ന പ്രതീക്ഷയാണ് ഇപ്പോഴുമുള്ളത്.
Story Highlights: rahul gandhi’s malayali teacher k c jacob
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here