പ്രിയ സഖാവിന് ചെങ്കൊടി പുതപ്പിച്ച് പിണറായി വിജയൻ

വിട പറഞ്ഞ സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ (68) ഭൗതീകശരീരത്തിൽ ചെങ്കൊടി പുതപ്പിച്ച് മുഖ്യമന്ത്രി പിറണായി വിജയൻ. ഇല്ലാ, ഇല്ലാ മരിക്കുന്നില്ല പ്രിയ സഖാവ് മരിക്കുന്നില്ലെന്ന മുദ്രാവാക്യം വാനിൽ ഉയർന്നു. മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് കോടിയേരിയെ ചെങ്കൊടി പുതപ്പിച്ചു. അങ്ങനെ രാഷ്ട്രീയ കേരളം കോടിയേരിക്ക് വിട പറയുകയാണ്. തലശേരിൽ ടൗൺ ഹാളിൽ നടന്ന പൊതുദർശന ചടങ്ങിലാണ് ചെങ്കൊടി പുതപ്പിച്ചത്. അതുകണ്ട് നിന്ന പാർട്ടി അണികൾക്കും നേതാക്കൾക്കും സങ്കടം അടക്കാനായില്ല. പുഞ്ചിരിക്കുന്ന മുഖവുമായി എന്നും എല്ലാവരേയും വരവേറ്റ കോടിയേരിയുടെ ഭൗതീകശരീരം കണ്ട് നേതാക്കളുൾപ്പെടെയുള്ളവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഭൗതീകശരീരം തലശേരി ടൗൺ ഹാളിൽ എത്തിച്ചപ്പോൾ വികാര നിർഭരമായ നിമിഷത്തിനാണ് ടൗൺ ഹാൾ സാക്ഷ്യം വഹിച്ചത്. മൃതദേഹം ടൗൺ ഹാളിൽ എത്തിച്ചതിന് പിന്നാലെയാണ് കോടിയേരിയുടെ ഭാര്യ വിനോദിനി ടൗൺ ഹാളിൽ എത്തിയത്. എന്നാൽ കോടിയേരിയെ കണ്ട മാത്രയിൽ തന്നെ സങ്കടം അടക്കിപ്പിടിക്കാനാകാതെ ഭാര്യ പൊട്ടിക്കരഞ്ഞു. എന്റെ പൊന്ന് ബാലേട്ടാ, എന്നെ ഒന്ന് നോക്കു എന്ന് ഉറക്കെ വിനോദിനി നിലവിളച്ചപ്പോൾ സഖാക്കളുടെയും സഹപ്രവർത്തകരുടെയുമെല്ലാം കണ്ണുകൾ നിറഞ്ഞൊഴുകി. ആർത്തു വിളിച്ച മുദ്രവാക്യങ്ങളുടെ ശബ്ദം പോലും ഇടറി. അമ്മയെ മകൻ ബിനീഷ് കോടിയേരി ചേർത്തു പിടിച്ചെങ്കിലും വിഷമം താങ്ങാനാകാതെ വിനോദിനി തളർന്നു വീണു. തുടർന്ന് മകനും പാർട്ടി പ്രവർത്തകരും ചേർന്ന് വിനോദിനിയെ അവിടെ നിന്നും മാറ്റുകയായിരുന്നു.
എയര്‍ ആംബുലന്‍സില്‍ ചെന്നൈ വിമാനത്താവളത്തിൽനിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം തലശേരി ടൗൺ ഹാളിലേക്ക് വിലാപയാത്രയായാണ് എത്തിച്ചത്. കണ്ണൂരിന്റെ പാതയോരങ്ങളില്‍ പ്രിയസഖാവിനെ കാത്ത് ആയിരങ്ങളാണ് അണിനിരന്നത്. മുഷ്ടിചുരുട്ടി മുദ്രവാക്യങ്ങളുയര്‍ത്തി അവര്‍ കോടിയേരിയുടെ ഭൗതിക ശരീരത്തെ വരവേറ്റു. മട്ടന്നൂരും കൂത്തുപറമ്പും കതിരൂരും കോടിയേരിക്ക് വികാരനിര്‍ഭരമായിരുന്നു യാത്രയയപ്പ്. നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി എന്നിവിടങ്ങളില്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ഉച്ചയ്ക്ക് 12.54 ഓട് കൂടിയാണ് കോടിയേരിയുടെ മൃതദേഹം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് ചെന്നൈയില്‍ നിന്ന് കണ്ണൂരിലെത്തിയത്. കോടിയേരിയുടെ ഭാര്യ വിനോദിനി മകന്‍ ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു. വിമാനത്താവളത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തില്‍മൃതദേഹം ഏറ്റുവാങ്ങി. തലശേരിയിലേക്കുള്ള വിലാപ യാത്രയില്‍ ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ 14 കേന്ദ്രങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തി. തുടർന്ന് 3.15ഓടെ മൃതദേഹം തലശേരി ടൗൺഹാളിൽ എത്തിക്കുകയായിരുന്നു. രാത്രി പത്ത് വരെ തലശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തലശേരി ടൗൺ ഹാളിലെ പൊതുദർശനത്തിനുശേഷം മൃതദേഹം തിങ്കളാഴ്ച രാവിലെ 10നു കോടിയേരിയിലെ വീട്ടിൽ എത്തിക്കും.
തിങ്കളാഴ്ച രാവിലെ 11 മുതൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിനു വയ്ക്കും. ശേഷം വൈകിട്ട് 3നു കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിക്കും. ആദരസൂചകമായി തിങ്കളാഴ്ച തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളിലും മാഹിയിലും ഹര്‍ത്താല്‍ ആചരിക്കും.
ഇന്നും നാളെയും സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരു നോക്കു കാണാൻ പാർട്ടി പ്രവർത്തകർ കണ്ണുരേക്കെത്തും. കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കാൻ സിപിഐഎം ആഹ്വാനം ചെയ്തിട്ടുണ്ട്.
അര്‍ബുദരോഗബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കോടിയേരി അന്തരിച്ചത്. പാൻക്രിയാസിലെ അർബുദരോഗം മൂർഛിച്ചതിനെത്തുടർന്ന് സംസ്ഥാന സെക്രട്ടറിപദമൊഴിഞ്ഞ് ഓഗസ്റ്റ് 29നാണ് ആശുപത്രിയിൽ പ്രവേശിച്ചത്. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു.
Story Highlights: kodiyeri balakrishnan cremation pinarayi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here