Advertisement

കോടിയേരിയെ അവസാനമായി ഒരുനോക്ക് കാണാന്‍ സഖാവ് പുഷ്പനെത്തി; തലശേരിയില്‍ വൈകാരിക നിമിഷങ്ങള്‍

October 2, 2022
Google News 3 minutes Read

പ്രിയ സഖാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ സഖാവ് പുഷ്പനെത്തി. കോടിയേരിക്ക് നേരെ ശയ്യാവലംബിയായ പുഷ്പനെ ഉയര്‍ത്തി നിര്‍ത്തിയ വൈകാരിക നിമിഷങ്ങള്‍ക്ക് തലശേരി സാക്ഷിയായി. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എക്കാലവും വലിയ വികാരമായ സഖാവ് പുഷ്പന്‍ കോടിയേരിക്ക് വികാര നിര്‍ഭരമായ ആദരം അര്‍പ്പിച്ചപ്പോള്‍ ടൗണ്‍ ഹാളിലുണ്ടായിരുന്ന പലരുടേയും കണ്ണുകള്‍ ഈറനണിഞ്ഞു. (pushpan came to see kodiyeri for the last time)

ഭൗതീകശരീരം തലശേരി ടൗണ്‍ ഹാളില്‍ എത്തിച്ചപ്പോള്‍ വികാര നിര്‍ഭരമായ നിമിഷത്തിനാണ് ടൗണ്‍ ഹാള്‍ സാക്ഷ്യം വഹിച്ചത്. മൃതദേഹം ടൗണ്‍ ഹാളില്‍ എത്തിച്ചതിന് പിന്നാലെയാണ് കോടിയേരിയുടെ ഭാര്യ വിനോദിനി ടൗണ്‍ ഹാളില്‍ എത്തിയത്. എന്നാല്‍ കോടിയേരിയെ കണ്ട മാത്രയില്‍ തന്നെ സങ്കടം അടക്കിപ്പിടിക്കാനാകാതെ ഭാര്യ പൊട്ടിക്കരഞ്ഞു. എന്റെ പൊന്ന് ബാലേട്ടാ, എന്നെ ഒന്ന് നോക്കു എന്ന് ഉറക്കെ വിനോദിനി നിലവിളച്ചപ്പോള്‍ സഖാക്കളുടെയും സഹപ്രവര്‍ത്തകരുടെയുമെല്ലാം കണ്ണുകള്‍ നിറഞ്ഞൊഴുകി. ആര്‍ത്തു വിളിച്ച മുദ്രവാക്യങ്ങളുടെ ശബ്ദം പോലും ഇടറി. അമ്മയെ മകന്‍ ബിനീഷ് കോടിയേരി ചേര്‍ത്തു പിടിച്ചെങ്കിലും വിഷമം താങ്ങാനാകാതെ വിനോദിനി തളര്‍ന്നു വീണു. തുടര്‍ന്ന് മകനും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് വിനോദിനിയെ അവിടെ നിന്നും മാറ്റുകയായിരുന്നു.

Read Also: എന്റെ പൊന്ന് ബാലേട്ടാ…! പൊട്ടിക്കരഞ്ഞ് ഭാര്യ വിനോദിനി; ചേര്‍ത്തു പിടിച്ച് മകൻ

എയര്‍ ആംബുലന്‍സില്‍ ചെന്നൈ വിമാനത്താവളത്തില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം തലശേരി ടൗണ്‍ ഹാളിലേക്ക് വിലാപയാത്രയായാണ് എത്തിച്ചത്. കണ്ണൂരിന്റെ പാതയോരങ്ങളില്‍ പ്രിയസഖാവിനെ കാത്ത് ആയിരങ്ങളാണ് അണിനിരന്നത്. മുഷ്ടിചുരുട്ടി മുദ്രവാക്യങ്ങളുയര്‍ത്തി അവര്‍ കോടിയേരിയുടെ ഭൗതിക ശരീരത്തെ വരവേറ്റു. മട്ടന്നൂരും കൂത്തുപറമ്പും കതിരൂരും കോടിയേരിക്ക് വികാരനിര്‍ഭരമായിരുന്നു യാത്രയയപ്പ്. നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി എന്നിവിടങ്ങളില്‍ അന്തിമോപചാരം അര്‍പ്പിച്ചു.

ഉച്ചയ്ക്ക് 12.54 ഓട് കൂടിയാണ് കോടിയേരിയുടെ മൃതദേഹം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് ചെന്നൈയില്‍ നിന്ന് കണ്ണൂരിലെത്തിയത്. കോടിയേരിയുടെ ഭാര്യ വിനോദിനി മകന്‍ ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു. വിമാനത്താവളത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തില്‍മൃതദേഹം ഏറ്റുവാങ്ങി. തലശേരിയിലേക്കുള്ള വിലാപ യാത്രയില്‍ ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ 14 കേന്ദ്രങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തി. തുടര്‍ന്ന് 3.15ഓടെ മൃതദേഹം തലശേരി ടൗണ്‍ഹാളില്‍ എത്തിക്കുകയായിരുന്നു. രാത്രി പത്ത് വരെ തലശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തലശേരി ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം തിങ്കളാഴ്ച രാവിലെ 10നു കോടിയേരിയിലെ വീട്ടില്‍ എത്തിക്കും.

Story Highlights: pushpan came to see kodiyeri for the last time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here