നഷ്ടമായത് പ്രായോഗിക രാഷ്ട്രീയത്തിന്റെ പകരംവക്കാനില്ലാത്ത നേതാവിനെ; വി. മുരളീധരൻ

രാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതുസ്വീകാര്യനായിരുന്നു എക്കാലവും കോടിയേരി ബാലകൃഷ്ണനെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ അനുസ്മരിച്ചു. കർക്കാശ്യക്കാരനായ കമ്മ്യൂണിസ്റ്റായിരിക്കുമ്പോഴും നിറഞ്ഞ ചിരിയോടെയേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. പ്രായോഗിക രാഷ്ട്രീയത്തിന്റെ പകരംവക്കാനില്ലാത്ത നേതാവിന് അന്ത്യാഞ്ജലി. കുടുംബത്തിൻറെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവെ എട്ട് മണിയോടെയായിരുന്നു മരണം. പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേൽക്കാതെ നയിച്ച നേതാവാണ് കോടിയേരി. എൽഡിഎഫിന് തുടർഭരണം ലഭിച്ചതിനു പിന്നിൽ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്നവും നേതൃശേഷിയുമുണ്ട്. ആറരവർഷം പാർട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി.
ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും നാടിനാവശ്യമുള്ള വികസന, ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിന്ന് കോടിയേരി നയിച്ചു. ആരോഗ്യപരമായ ബുദ്ധിമുട്ടുള്ളപ്പോഴും പാർട്ടി കാര്യങ്ങൾക്ക് മുൻഗണന നൽകാനായിരുന്നു കോടിയേരിയുടെ ശ്രദ്ധ.
പതിനാറാംവയസിലാണ് കോടിയേരി പാർട്ടി അംഗത്വത്തിലേക്കെത്തുന്നത്. പതിനെട്ടാം വയസിൽ ലോക്കൽ സെക്രട്ടറി. ഇതിനിടയിൽ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതൃതലങ്ങളിലും പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം കണ്ണൂർ സെൻട്രൽ ജയിലിൽ മിസാ തടവുകാരൻ. ജയിലിൽ പിണറായി വിജയനും എം.പി.വീരേന്ദ്രകുമാറും ഉൾപ്പെടെ ഒട്ടേറെപ്പേർ. പൊലീസ് മർദനത്തിൽ അവശനായ പിണറായിയെ സഹായിക്കാൻ നിയുക്തനായത് കൂട്ടത്തിൽ ഇളയവനായ ബാലകൃഷ്ണനായിരുന്നു.
Story Highlights: V. Muraleedharan remembers Kodiyeri balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here