Advertisement

ഒരു പതിറ്റാണ്ടിലേറെയായി സിനിമാ രംഗത്ത്; ഒടുവിൽ ആ സ്വപ്‌നവും പൂവണിയുന്നു; സ്വതന്ത്ര സംവിധായകനായി സുധീഷ് രാമചന്ദ്രൻ

October 4, 2022
Google News 2 minutes Read
sudheesh ramachandran ini utharam director

കാണുന്നവരിൽ ഒരുപാട് ചോദ്യം അവശേഷിപ്പിച്ചാണ് ‘ഇനി ഉത്തരം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നത്. സാധാരണ ക്രൈം ത്രില്ലർ ചിത്രങ്ങളിൽ കൊലപാതകിക്ക് വേണ്ടി അലയുമ്പോൾ, ഇവിടെ കൊല ചെയ്തുവെന്നവകാശപ്പെട്ട് പ്രധാന കഥാപാത്രം തന്നെ എത്തുകയാണ്…പല ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനായാണ് പിന്നീടുള്ള തെരച്ചിൽ… ഈ ഉത്തരങ്ങളുടെ കണ്ടെത്തലാണ് സിനിമ….ദൃശ്യം, 12th മാൻ എന്നിങ്ങനെ മലയാളികളെ ത്രില്ലടിപ്പിച്ച ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രൻ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രത്തിൽ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയാണ്… ( sudheesh ramachandran ini utharam director )

സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായിരുന്ന സുധീഷ് രാമചന്ദ്രൻ. ചെറുപ്പം മുതലേ സിനിമാ മോഹമുണ്ടായിരുന്ന സുധീഷ് ഒരു പതിറ്റാണ്ടോളമായി സിനിമാ മേഖലയിൽ പ്രവർത്തിച്ചുവരികയാണ്. 2004 ൽ പുറത്തിറങ്ങിയ മസനഗുഡി മന്നാഡിയാർ സ്പീക്കിംഗ് എന്ന ചിത്രത്തിൻ അസിസ്റ്റന്റ് ഡയറക്ടറായാണ് സുധീഷ് സിനിമാ ലോകത്തേക്ക് രംഗപ്രവേശനം ചെയ്യുന്നത്. പിന്നീട് നിരവധി സംവിധായകർക്കൊപ്പം സുധീഷ് പ്രവർത്തിച്ചിട്ടുണ്ട്. സിനിമയിൽ നിന്ന് ഒരിടവേളയെടുത്ത സുധീഷ് ദൃശ്യത്തിൽ ജീത്തു ജോസഫിന്റെ അസിസ്റ്റന്റായി സിനിമയിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.

Read Also: ഒരു ചോദ്യത്തിൽ നിന്ന് ഉണ്ടായ ‘ഇനി ഉത്തരം’; ത്രില്ലടിപ്പിക്കാൻ രഞ്ജിത്തും ഉണ്ണിയും

sudheesh ramachandran ini utharam director

ത്രില്ലർ സിനിമയോട് വളരെ പ്രിയമുള്ള വ്യക്തിയാണ് സുധീഷ്. എന്നാൽ അക്കാരണം കൊണ്ടല്ല ആദ്യം ചിത്രവും ത്രില്ലറായത്. ആദ്യം ഒരു ഫീൽ ഗുഡ് സിനിമ ചെയ്യാനായിരുന്നു സുധീഷിന്റെ പദ്ധതി. അതിനിടെയാണ് ഇനി ഉത്തരം എന്ന സിനിമയുടെ തിരക്കഥയുമായി തിരക്കഥാകൃത്തുക്കളായ രഞ്ജിത്തും ഉണ്ണിയും സമീപിക്കുന്നത്. കഥയിഷ്ടപ്പെട്ടതോടെ സിനിമയോട് ഒകെ പറയുകയായിരുന്നു.

ആദ്യ സിനിമയിൽ നേരിടേണ്ടി വരുന്ന പല വെല്ലുവിളികളും തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്ന് സുധീഷ് വളരെ സന്തോഷത്തോടെ ട്വന്റിഫോറിനോട് പറഞ്ഞു. ഛായാഗ്രഹകൻ രവിചന്ദ്രൻ, എഡിറ്റർ ജിതിൻ ഡി.കെ, അഭിനേതാക്കളായ അപർണ, ഷാജോൺ, സിദ്ദീഷ് തുടങ്ങി ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ളവരെല്ലാം മുൻപ് പല സിനിമകളിലും ഒപ്പം പ്രവർത്തിച്ചവരായിരുന്നതിനാൽ അപരിചിതത്വമോ മറ്റ് പ്രശ്‌നങ്ങളോ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്ന് സംവിധായകൻ പറഞ്ഞു.

sudheesh ramachandran ini utharam director

മലയോര മേഖല കേന്ദ്രീകരിച്ചാണ് ഇനി ഉത്തരം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ സീനും അതി സുന്ദരമാണെന്ന് സുധീഷ് പറയുന്നു. വിഷ്വൽ ബ്യൂട്ടിയും ഒപ്പം ഹിഷാമിന്റെ സംഗീതവും ചേർന്ന് പകരം വയ്ക്കാനാകാത്ത തീയേറ്റർ എക്‌സ്പീരിയൻസാകും ഇനി ഉത്തരം പ്രേക്ഷകർക്ക് സമ്മാനിക്കുക. അതുകൊണ്ട് തന്നെയാണ് ചിത്രം ഒടിടിയിൽ ഇറക്കാതെ തീയേറ്ററിൽ ഇറക്കിയതെന്നും സംവിധായകൻ ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

ഗുരു ജീത്തു ജോസഫ് സിനിമയിറങ്ങുന്ന ദിവസം ഒപ്പമില്ലാത്തതാണ് സുധീഷിന്റെ ആകെയുള്ള വിഷമം. യു.കെയിലാണ് ജീത്തു ജോസഫ്. എന്നാൽ പ്രീമിയറിന് ജീത്തു ജോസഫിന്റെ ഭാര്യ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Read Also: സസ്പെൻസും ത്രില്ലറും നിറഞ്ഞ് ‘ഇനി ഉത്തരം’: മനസു തുറന്ന് നിർമാതാക്കൾ

sudheesh ramachandran ini utharam director

കൈപമംഗലം അയിരൂർ സ്വദേശിയാണ് സുധീഷ്. ഇപ്പോൾ ഇരിഞ്ഞാലക്കുട ചേലൂർ ആണ് താമസം. അമ്മയും ഭാര്യ ദിവ്യയും രണ്ട് മക്കളുമടങ്ങിയ (ദൃശ്യ, ശ്രവ്യ) കുടുംബമാണ് സുധീഷിന്റേത്. പൂർണ പിന്തുണയേകി വീട്ടുകാർ ഒപ്പം നിൽക്കുന്നത് വലിയ ധൈര്യമാണ് പകരുന്നതെന്ന് സുധീഷ് ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

Story Highlights: sudheesh ramachandran ini utharam director

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here