‘ജനസംഖ്യാനിയന്ത്രണത്തിൻ്റെ ആവശ്യമില്ല’; മോഹൻ ഭാഗവതിനെ തള്ളി അസദുദ്ദീൻ ഒവൈസി

ഇന്ത്യയിൽ ജനസംഖ്യാ നിയന്ത്രണ നിയമം ആവശ്യമാണെന്ന ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിനെ തള്ളി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഒരുപോലത്തെ ഡിഎൻഎ ആണെങ്കിൽ അവിടെ എവിടെയാണ് അസന്തുലിതാവസ്ഥ എന്ന് അദ്ദേഹം ചോദിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഒവൈസിയുടെ അഭിപ്രായ പ്രകടനം. (Asaduddin Owaisi Mohan Bhagwat)
Read Also: ‘ജനസംഖ്യാ നിയന്ത്രണ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാക്കണം’: മോഹൻ ഭാഗവത്
“ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഒരുപോലത്തെ ഡിഎൻഎ ആണെങ്കിൽ അവിടെ എവിടെയാണ് അസന്തുലിതം? റീപ്ലേസ്‌മെൻ്റ് നിരക്ക് നമ്മൾ കരസ്ഥമാക്കിക്കഴിഞ്ഞതിനാൽ ജനസംഖ്യാനിയന്ത്രണത്തിൻ്റെ ആവശ്യമില്ല. പ്രായമേറുന്നവരുടെ ജനസംഖ്യയും അവരെ ശുശ്രൂഷിക്കാൻ യുവാക്കൾക്ക് തൊഴിൽ ഇല്ലാത്തതുമാണ് പ്രശ്നം. ഫെർടിലിറ്റി നിരക്കിൽ മുസ്ലിങ്ങൾക്ക് ഗണ്യമായ കുറവുണ്ടാവുന്നുണ്ട്.”- ഒവൈസ് ട്വീറ്റ് ചെയ്തു.
ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മതപരമായ അസന്തുലിതാവസ്ഥ, നിർബന്ധിത മതപരിവർത്തനം തുടങ്ങിയവ മൂലം രാജ്യം വിഭജിക്കപ്പെടും എന്നായിരുന്നു മോഹൻ ഭാഗവതിൻ്റെ വാദം. ജനസംഖ്യാ നിയന്ത്രണത്തിനൊപ്പം മതാടിസ്ഥാനത്തിലുള്ള സന്തുലിതാവസ്ഥ പ്രധാനമാണെന്നും അത് അവഗണിക്കാനാവില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.
‘വിപുലമായ ആലോചനകൾക്ക് ശേഷമാണ് ജനസംഖ്യാ നയം തയ്യാറാക്കേണ്ടത്. അത് എല്ലാവർക്കും ഒരുപോലെ ബാധകമാക്കണം. ജനസംഖ്യ കൂടുന്തോറും ഭാരം കൂടുമെന്നത് സത്യമാണ്. ജനസംഖ്യ ശരിയായി ഉപയോഗിച്ചാൽ അത് ഒരു വിഭവമായി മാറും. 50 വർഷത്തിനുശേഷം നമ്മുടെ രാജ്യത്തിന് എത്ര പേർക്ക് ഭക്ഷണം നൽകാൻ കഴിയുമെന്നും നാം പരിഗണിക്കേണ്ടതുണ്ട്. അതിനാൽ ജനസംഖ്യയുടെ സമഗ്രമായ നയം ഉണ്ടാക്കണം.’ – മോഹൻ ഭാഗവത് പറഞ്ഞു.
‘ശക്തിയാണ് സമാധാനത്തിന്റെ അടിസ്ഥാനം. നമ്മൾ സ്ത്രീകളെ തുല്യമായി കാണുകയും അവർക്ക് സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം നൽകി അവരെ ശാക്തീകരിക്കുകയും വേണം. പുരുഷന്മാർക്ക് ചെയ്യാൻ കഴിയാത്ത എല്ലാ ജോലികളും മാതൃശക്തിക്ക് ചെയ്യാൻ കഴിയും. അതിനാൽ അവരെ പ്രബുദ്ധരാക്കുക, ശാക്തീകരിക്കുക, അവർക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം നൽകുക, ജോലികളിൽ തുല്യ പങ്കാളിത്തം നൽകുക’ – ഭഗവത് കൂട്ടിച്ചേർത്തു.
Read Also: ‘മാംസം കഴിക്കുന്നത് നിയന്ത്രിച്ചാൽ കൂടുതൽ ഫോക്കസ് കിട്ടും’: മുന്നറിയിപ്പുമായി മോഹന്‍ ഭാഗവത്
മുഹമ്മദ് നബിയെക്കുറിച്ചുള്ള പ്രസ്താവനകളിൽ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട വിവാദത്തെക്കുറിച്ചും വിജയദശമി ദിനത്തിൽ നടത്തിയ പ്രസംഗത്തിൽ ആർഎസ്എസ് മേധാവി പ്രതികരിച്ചു. ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്തരുതെന്നും, ഇത് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവാദ പ്രസ്താവനകൾ നടത്തിയവർക്കുള്ള സന്ദേശമായാണ് അദ്ദേഹത്തിന്റെ പരാമർശം വിലയിരുത്തപ്പെടുന്നത്. നാഗ്പൂരിൽ നടന്ന വിജയദശമി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹൻ ഭഗവത്.
Story Highlights: Population Control Asaduddin Owaisi Mohan Bhagwat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here