‘നല്ല എക്‌സ്പീരിയന്‍സുണ്ട്, നന്നായി ഓടിച്ചോളാം എന്ന് ഡ്രൈവര്‍ പറഞ്ഞു’; അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ്

പാലക്കാട് വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രതികരണവുമായി രക്ഷിതാവ്. ബസ് വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞാണ് എത്തിയതെന്നും അപ്പോള്‍ തന്നെ അമിത വേഗതയുണ്ടായിരുന്നെന്നും ക്ഷീണിതനായിരുന്നെന്നും അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
‘6.30 ആയപ്പോഴാണ് ബസ് പുറപ്പെട്ടത്. ആ സമയത്ത് ഞാന്‍ ബസിനകത്ത് കയറി നോക്കിയിരുന്നു. വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞെത്തിയതായിരുന്നു ടൂറിസ്‌ററ് ബസ്. ഡ്രൈവര്‍ നല്ലവണ്ണം വിയര്‍ത്ത് കുളിച്ച്, ക്ഷീണിച്ച അവസ്ഥയിലായിരുന്നു. ശ്രദ്ധിച്ച് ഓടിക്കണമെന്ന് പറഞ്ഞപ്പോള്‍, നല്ല എക്‌സ്പീരിയന്‍സുണ്ട്, നന്നായി ഓടിച്ചോളാം എന്നാണ് അയാള്‍ പറഞ്ഞത്. കാസറ്റ് ഇടാന്‍ കുട്ടികള്‍ ചെന്നപ്പോഴും നല്ല സ്പീഡായിരുന്നെന്നാണ് അറിഞ്ഞത്. കുട്ടികളും പറഞ്ഞിരുന്നു, ചേട്ടാ നല്ല സ്പീഡാണ്. പതുക്കെ പോയാല്‍ മതിയെന്ന്’. രക്ഷിതാവ് പറഞ്ഞു.
അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളടക്കം 9 പേരാണ് മരിച്ചത്. ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത് എറണാകുളം ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Story Highlights: parent responding in vadakkancherry bus accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here