‘വിവാദഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നു’; വയലാര്‍ അവാര്‍ഡ് ജേതാവ് എസ് ഹരീഷ്

പുരസ്‌കാര നേട്ടത്തില്‍ സന്തോഷമെന്ന് വയലാര്‍ അവാര്‍ഡ് ജേതാവ് എസ് ഹരീഷ്. ‘മീശ’ നോവലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആഴ്ചകള്‍ മാത്രം ശേഷിക്കുന്ന ഒന്നായിരുന്നു. വിവാദഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്ക് വയലാര്‍ പുരസ്‌കാരം സമര്‍പ്പിക്കുന്നെന്ന് എസ് ഹരീഷ് ട്വന്റിഫോറിനോട് പ്രതികരിച്ചു.
‘വയലാര്‍ രാമവര്‍മയുടെ പേരിലുള്ള അവാര്‍ഡെന്ന നിലയില്‍ വലിയ സന്തോഷമുണ്ട്. മലയാളത്തിലെ തന്നെ ഏറ്റവുമധികം അറിയപ്പെടുന്ന അവാര്‍ഡ് കൂടിയാണ്. നോവല്‍ ഇംഗ്ലീഷ് പരിഭാഷയിലേക്ക് മാറ്റിയപ്പോഴും ഏറെ ഗുണമുണ്ടായിയിരുന്നു. ജയശ്രീ കളത്തിലായിരുന്നു പരിഭാഷ. പരിഭാഷയ്ക്ക് തന്നെ ജെസിബി ജൂറി അടക്കം മികച്ച പ്രതികരണങ്ങളാണ് നല്‍കിയത്. അതുകൊണ്ട് തന്നെ ഇംഗ്ലീഷിലും നല്ല വായനക്കാരുണ്ടായിരുന്നു.
വിവാദങ്ങള്‍ കുറച്ചുകാലത്തേക്ക് മാത്രമായിരുന്നു നിന്നിരുന്നത്. പുസ്തകം നീണ്ട കാലയളവോളം ജനങ്ങള്‍ വായിക്കുന്നുണ്ട്. കഥാപാത്രങ്ങള്‍ക്ക് ജീവിതമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എഴുത്തുകാരനാണ് അവരെ സൃഷ്ടിക്കുന്നതെങ്കിലും അവരുടെ ജീവിതത്തെ മാറിനിന്ന് നോക്കിക്കാണണം. നമ്മുടെ രാഷ്ട്രീയം കഥാപാത്രങ്ങള്‍ക്ക് കൊടുക്കരുത്.
സോഷ്യല്‍ മിഡിയ വഴി ആക്രമണങ്ങള്‍ ഉണ്ടാകുമെന്നൊക്കെ പിന്നീടാണ് മനസിലാക്കുന്നത്. ഇതൊന്ന് ഓഫാക്കിയിരുന്നാല്‍ പ്രശ്‌നം തീരുമെന്നൊക്കെ ഓര്‍ത്തു. പക്ഷേ അതെല്ലാം കുറച്ചുകാലത്തേക്കെ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് കൂടെ നിന്നവര്‍ക്ക് വേണ്ടി ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു’. എസ് ഹരീഷ് പറഞ്ഞു.
‘മീശ’ കൂടാതെ മികവുറ്റ നിരവധി ചെറുകഥകളും ഹരീഷിന്റേതായുണ്ട്. മീശ, അപ്പന്‍, രസവിദ്യയുടെ ചരിത്രം മുതലായവയാണ് ഹരീഷിന്റെ പ്രധാന കൃതികള്‍. ഹരീഷിന്റെ മീശ നോവലിന് 2019ല്‍ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2022ല്‍ ജെസിബി പുരസ്‌കാരം മീശയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ലഭിച്ചിരുന്നു.
എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ അവലംബിച്ചാണ് ലിജോ ജോസ് പെല്ലിശ്ശേരി ജല്ലിക്കെട്ട് എന്ന ചലച്ചിത്രം ഒരുക്കിയത്. ഈ ചിത്രം ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങളും നേടുകയും ചെയ്തിട്ടുണ്ട്.
Story Highlights: s hareesh about vayalar award and meesha novel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here