ഓപ്പറേഷൻ ഫോക്കസ് 3; ഇന്ന് 1050 കേസുകൾ, 30 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ഓപ്പറേഷൻ ഫോക്കസ് ത്രീയുമായി ബന്ധപ്പെട്ട് ഇന്ന് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1050 കേസുകൾ. 74 ബസുകളുടെ ഫിറ്റ്നസാണ് റദ്ദാക്കിയത്. 30 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും 14.54 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ആലപ്പുഴയിൽ 61 ടൂറിസ്റ്റ് ബസുകൾക്കെതിരെ കേസെടുക്കുകയും 62000 രൂപ പിഴ ചുമത്തുകയും ചെയ്തു. വേഗപ്പൂട്ടില്ലാത്ത വാഹനത്തിന്റെ ഫിറ്റ്നസ് ക്യാൻസൽ ചെയ്തു.ആലപ്പുഴയിൽ 5 താലൂക്കുകളിലായിരുന്നു പരിശോധന നടത്തിയത്. ( Operation Focus 3; Today 1050 cases, 30 drivers license suspended ).
എറണാകുളത്ത് സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവത്തിന് പിന്നാലെ ഫോർട്ട് കൊച്ചിയിലും പൊലീസ് മിന്നൽ പരിശോധന നടത്തി. 30 ഓളം പ്രൈവറ്റ് ബസ്സുകളിലാണ് പരിശോധന നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർ പിടിയിലായി. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇതിനൊപ്പം ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Also: ഓപ്പറേഷൻ ഫോക്കസ് 3 തുടരുന്നു; ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 1,279 കേസുകൾ
എറണാകുളം തോപ്പുംപടിയിൽ സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ബസ് ഡ്രൈവർ അനസിനെതിരെയാണ് കേസെടുത്തത്. ബസുകളുടെ മത്സര ഓട്ടത്തിൽ നഷ്ടമാകുന്നത് നിരപരാധികളുടെ ജീവനെന്ന് മരിച്ച ലോറൻസിന്റെ മകൾ അന്ന പറഞ്ഞു. അപകടം വരുത്തിയ ബസ് കോൺഗ്രസ് നേതാവായ തൃക്കാക്കര നഗരസഭാംഗം പി.എം അബ്ദുവിന്റേത് ആണ്. ഇടച്ചിറ വാർഡ് മെമ്പർ കൂടിയാണ് പി.എം അബ്ദു.
കൊച്ചി തോപ്പുംപടി കൊച്ചുപള്ളിക്കു സമീപം ശനിയാഴ്ച വൈകിട്ടാണ് അപകടം. പ്രവാസിയായ ഇടക്കൊച്ചി സ്വദേശി ലോറൻസ് വർഗീസ് ആണ് അപകടത്തിൽ മരിച്ചത്. ബൈക്ക് റോഡരികിൽ പാർക്ക് ചെയ്ത ശേഷം സമീപത്തെ കടയിലേക്ക് കയറുന്നതിനിടെ അമിതവേഗതയിൽ എത്തിയ ബസ് ലോറൻസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ തോപ്പുംപടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബസ് ഡ്രൈവർ അനസിനെതിരെ നരഹത്യാ വകുപ്പ് പ്രകാരമാണ് കേസ്. കാക്കനാട് – ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ഷാന എന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ശേഷം ഒളിൽ പോയ ഡ്രൈവർ അനസിനായി അന്വേഷണം ഊർജ്ജതമാക്കിയിട്ടുണ്ട്. ബസ് ഉടമക്ക് എതിരെ നടപടി വേണമെന്നും ഒരാൾക്കും ഇനി ഇങ്ങനെ ഒരു അവസ്ഥയുണ്ടാകരുതെന്നും മരിച്ച ലോറൻസിന്റെ മകൾ അന്ന ആവശ്യപ്പെട്ടു.
Story Highlights: Operation Focus 3; Today 1050 cases, 30 drivers license suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here