ഗാംഗുലി ഒഴിയുന്നു; ബിസിസിഐ പ്രസിഡൻ്റായി റോജർ ബിന്നി എത്തുമെന്ന് റിപ്പോർട്ട്

ബിസിസിഐ പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് സൗരവ് ഗാംഗുലി ഒഴിയുന്നു എന്ന് റിപ്പോർട്ട്. പകരം ഇന്ത്യയുടെ മുൻ താരം റോജർ ബിന്നി പ്രസിഡൻ്റ് സ്ഥാനത്തെത്തുമെന്നാണ് റിപ്പോർട്ട്. ഗാംഗുലി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ ആവുമെന്നും റിപ്പോർട്ടുകളുണ്ട്. ജയ് ഷാ ബിസിസിഐ ജനറൽ സെക്രട്ടറിയായി തുടരും. ഈ മാസം 18നു നടക്കുന്ന വാർഷിക സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. (sourav ganguly roger binny)
Read Also: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്; ഇന്ത്യക്ക് ജയം അനിവാര്യം
നിലവിൽ കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷനായ റോജർ ബിന്നി ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നിയുടെ പിതാവാണ്. ബിസിസിഐ സെലക്ഷൻ കമ്മറ്റി അംഗമായും റോജർ ബിന്നി പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന്. റാഞ്ചി ജെഎസ് സിഎ ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിൽ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. പരുക്കേറ്റ് പുറത്തായ ദീപക് ചഹാറിനു പകരം വാഷിംഗ്ടൺ സുന്ദറെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ 8 റൺസിനു തോറ്റ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്.
ലക്നൗവിൽ നടന്ന ആദ്യ മത്സരത്തിൽ ടോപ്പ് ഓർഡറിൻ്റെ മെല്ലെപ്പോക്കാണ് ഇന്ത്യയെ ചതിച്ചത്. ബൗളിംഗ് പിച്ചിൽ ദക്ഷിണാഫ്രിക്കൻ പേസ് ത്രയം പ്രതീക്ഷിച്ചതുപോലെ തകർത്തെറിഞ്ഞെങ്കിലും ധവാനും ഗില്ലും അലക്ഷ്യമായി ഷോട്ട് കളിച്ച് പുറത്തായതും ഋതുരാജും കിഷനും അനാവശ്യമായി പ്രതിരോധത്തിലേക്ക് വലിഞ്ഞതും ഇന്ത്യക്ക് വലിയ തിരിച്ചടിയായി. അർധസെഞ്ചുറികളുമായി ശ്രേയാസ് അയ്യരും സഞ്ജു സാംസണും നടത്തിയ രക്ഷാപ്രവർത്തനം മതിയാവുമായിരുന്നില്ല. 39ആം ഓവറിൽ സഞ്ജുവിന് സ്ട്രൈക്ക് കിട്ടാത്തതും ഇന്ത്യയുടെ പരാജയത്തിലേക്ക് വഴിതെളിച്ചു.
ആദ്യ കളിയെന്ന പരിഗണന നൽകി ഋതുരാജ് ടീമിൽ തുടർന്നേക്കും. ഗില്ലും തുടരും. കിഷനു പകരം പാടിദാറോ ത്രിപാഠിയോ കളിക്കാനിടയുണ്ട്. ബിഷ്ണോയ് നിരാശപ്പെടുത്തിയെങ്കിലും ആദ്യ കളിയെന്ന പരിഗണന നൽകി ഇന്ന് കൂടി അവസരം നൽകിയേക്കും. ബാറ്റിംഗ് കൂടുതൽ കരുത്തുറ്റതാക്കാൻ തീരുമാനിച്ചാൽ ബിഷ്ണോയ്ക്ക് പകരം സുന്ദർ ടീമിലെത്തും.
പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലാത്ത ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റൻ ടെംബ ബാവുമയുടെ ഫോമാണ് ഏറ്റവും വലിയ പ്രശ്നം. കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയ തബ്രൈസ് ഷംസിക്ക് പകരം മാർക്കോ യാൻസൻ കളിച്ചേക്കും.
Story Highlights: sourav ganguly bcci roger binny
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here