Advertisement

ആദ്യ നാല് ബാറ്റർമാർ ചേർന്ന് എടുത്തത് 17.4 ഓവറിൽ 51 റൺസ്; കളി തോറ്റത് 9 റൺസിന്: ഒരു സഞ്ജു സാംസൺ മാസ്റ്റർ ക്ലാസ്

October 7, 2022
Google News 2 minutes Read

സഞ്ജു സാംസൺ എന്ന പേര് 2015 മുതൽ ഇന്ത്യൻ ക്രിക്കറ്റ് ഭൂപടത്തിലുണ്ട്. ഐപിഎലിലെ പ്രകടനങ്ങൾ സഞ്ജുവിന് അക്കൊല്ലം ഇന്ത്യൻ ജഴ്സിയിൽ ഇടം നേടിക്കൊടുത്തു. ആ കളി ഏഴാം നമ്പറിലിറങ്ങി 24 പന്തിൽ 19 റൺസെടുത്ത് പുറത്തായ സഞ്ജു പിന്നെ ഒരു ടി-20 കളിച്ചത് 5 വർഷങ്ങൾക്ക് ശേഷം. ഏകദിനത്തിൽ അരങ്ങേറാൻ വീണ്ടും ഒരു വർഷം കൂടി കാത്തിരിക്കേണ്ടിവന്നു. നാച്ചുറൽ സ്ട്രോക്ക് പ്ലയറായ ഒരു താരം തൻ്റെ 7 വർഷത്തെ കരിയറിൽ ആകെ കളിച്ചത് വെറും 24 മത്സരങ്ങൾ. അതിൽ 23ഉം അവസാന മൂന്ന് വർഷങ്ങളിൽ. സഞ്ജുവിനോട് സെലക്ടർമാർ ചെയ്തത് നീതീകരിക്കാൻ കഴിയില്ലെന്നത് പകൽ പോലെ വ്യക്തം. (sanju samson south africa)

Read Also: സൗത്ത് ആഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തോൽവി; സഞ്ജു ടോപ്പ് സ്കോറർ

2014 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയതാണ് സഞ്ജുവിന് വാർത്തകളിൽ ഇടം നൽകിയത്. അതിനു മുൻപ് 2013 ടോപ്പ് എൻഡ് അണ്ടർ 19 പരമ്പരയിൽ സഞ്ജു ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു. ആ വർഷം ശ്രീലങ്കക്കെതിരെ നടന്ന അണ്ടർ 19 ടെസ്റ്റ് പരമ്പരയിൽ രണ്ട് അർധസെഞ്ചുറികൾ, അണ്ടർ ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെതിരെ സെഞ്ചുറി. അന്ന് ക്യാപ്റ്റൻ വിജയ് സോൾ 119 പന്തിൽ 100 അടിച്ചപ്പോൾ സഞ്ജുവിന് മൂന്നക്കത്തിലെത്താൻ വേണ്ടിവന്നത് വെറും 86 പന്തുകളായിരുന്നു. കളി ജയിച്ച് ഇന്ത്യക്ക് കിരീടം. പിന്നീടായിരുന്നു ലോകകപ്പ്.

അപ്പോൾ മുതലേ സഞ്ജു ബിസിസിഐക്ക് മുന്നിലുണ്ട്. ദി നെക്സ്റ്റ് ബിഗ് തിങ്ങ് എന്ന ടാഗ് ലൈൻ അന്ന് വീണതാണ്. അനായാസം സിക്സടിക്കാൻ കഴിയുന്ന താരം. അതായിരുന്നു വിശേഷണം. ഒപ്പം 19ആം വയസിൽ, അരങ്ങേറ്റ സീസണിൽ ഐപിഎലിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം. 2014ൽ 19കാരനായ സഞ്ജു ഇന്ത്യ എയുടെ ഓസ്ട്രേലിയൻ ടൂറിൽ തകർത്തടിക്കുന്നത് കണ്ട് ഉന്മത്തനായ ഇയാൻ ബിഷപ്പ് ചെയ്ത ട്വീറ്റ് ഏറെ ശ്രദ്ധേയമാണ്. സഞ്ജു എപ്പോഴും ലൈം ലൈറ്റിൽ ഉണ്ടായിരുന്നു. ഒരു പരിധി വരെ ആഭ്യന്തര ക്രിക്കറ്റിലെ അസ്ഥിരത സഞ്ജുവിന് തിരിച്ചടിയായെങ്കിലും പലപ്പോഴും സെലക്ടർമാർ അയാളെ അവഗണിക്കുകയായിരുന്നു. ഇങ്ങനെ തിരിച്ചടികളിൽ നിന്നാണ് സഞ്ജു ട്രാക്ക് മാറ്റുന്നത്.

2020ലും 21ലും ഓസ്ട്രേലിയക്കും ശ്രീലങ്കയ്ക്കുമെതിരെ ചില ഭേദപ്പെട്ട ടി-20 ഇന്നിംഗ്സുകൾ. വന്ന ഉടനെ വലിച്ചടിക്കുക എന്നതായിരുന്നു ശൈലി. 2022 ആണ് തലവര മാറ്റിയത്. ഫെബ്രുവരിയിൽ ശ്രീലങ്കക്കെതിരെ 39 റൺസിൽ തുടങ്ങിയ പ്രകടനം 18, 77, 30 നോട്ടൗട്ട്, 15 എന്നിങ്ങനെ തുടരുന്നു. 5 ഇന്നിംഗ്സ്, 44.75 ശരാശരി, 158.4 സ്ട്രൈക്ക് റേറ്റ്, 179 റൺസ്. ഏകദിനത്തിൽ കുറേക്കൂടി മികച്ച പ്രകടനങ്ങളാണ്. 2021ൽ ശ്രീലങ്കക്കെതിരെ 46 റൺസെടുത്താണ് സഞ്ജു കരിയർ ആരംഭിക്കുന്നത്. പിന്നീട് ഒരു 54, ഒരു 43 നോട്ടൗട്ട് ഒടുവിൽ കരിയർ ബെസ്റ്റ് 86 നോട്ടൗട്ട്. ആകെ 8 ഇന്നിംഗ്സ്. 2 ഫിഫ്റ്റി. 65.5 ശരാശരിയും 110.55 സ്ട്രൈക്ക് റേറ്റും. ആകെ 262 റൺസ്. ഒരു ഫിനോമിനൽ കരിയർ ആരംഭിക്കുന്നു എന്ന തോന്നൽ.

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ ആദ്യ നാല് മുൻനിര ബാറ്റർമാർ ചേർന്ന് എടുത്തത് 106 പന്തിൽ 51 റൺസാണ്. 6നു മുകളിൽ റൺ നിരക്ക് വേണ്ട ഒരു മത്സരത്തിൽ പകുതി പോലും സൂക്ഷിക്കാനാവാതെ പ്രഷർ മൗണ്ടിങ്ങ് ബാറ്റിംഗ്. അതിൽ ബാറ്റർമാരെ പൂർണമായും തെറ്റുപറയാനാവില്ല. പിച്ച് ബൗളിംഗിന് അനുകൂലമായിരുന്നു. എങ്കിലും 42 പന്തുകൾ നേരിട്ട് ഇൻ്റൻ്റ് പോലും കാണിക്കാതെ 19 റൺസെടുത്ത് മടങ്ങിയ ഋതുരാജ് ഗെയ്ക്വാദിൻ്റെ അപ്രോച്ച് മോശമായിരുന്നു എന്ന് തന്നെ പറയണം. ആദ്യ കളി എന്ന പരിഗണനയിൽ ഋതുവിനെ മാറ്റിനിർത്താം.

37 പന്തിൽ 20 റൺസെടുത്ത ഇഷാൻ കിഷൻ പുറത്താവുന്നത് 17.4 ഓവറിലാണ്. സ്കോർബോർഡിൽ 51 റൺസ്, നാല് വിക്കറ്റ്. ബാക്കി 22.2 ഓവറിൽ വേണ്ടത് 199 റൺസ്. സഞ്ജു തൻ്റെ ഇന്നിംഗ്സ് തുറക്കുന്നത് തബ്രൈസ് ഷംസിയെ നിലം തൊടാതെ ഡീപ് മിഡ്‌വിക്കറ്റിലെത്തിച്ചാണ്. പിന്നീട് ശ്രേയാസ് അയ്യർ അനായാസം സ്കോർ ചെയ്യുമ്പോൾ സഞ്ജു സ്ട്രൈക്ക് കൈമാറി. ഫിഫ്റ്റിക്ക് പിന്നാലെ ശ്രേയാസ് പുറത്തായതിനു പിന്നാലെയാണ് സഞ്ജു സെക്കൻഡ് ഫിഡിൽ റോളിൽ നിന്ന് ഗിയർ മാറ്റുന്നത്. അപ്പോഴും വളരെ കാൽക്കുലേറ്റഡ് ആൻഡ് കാം ഹെഡ്. വെയിൻ പാർനൽ എറിഞ്ഞ 33ആം ഓവറിൽ രണ്ട് ബൗണ്ടറി നേടിയാണ് സഞ്ജു ഫിനിഷിങ്ങിൻ്റെ ആദ്യ പടി ചവിട്ടുന്നത്. 35ആം ഓവറിൽ എങ്കിഡിക്കെതിരെ നേടിയ സിക്സർ, അടുത്ത ഓവറിൽ ഷംസിക്കെതിരെ നേടിയ രണ്ട് ബൗണ്ടറികൾ. ഇതിനിടെ 49 പന്തുകളിൽ സഞ്ജു തൻ്റെ രണ്ടാം ഏകദിന ഫിഫ്റ്റി തികച്ചു. ആഘോഷങ്ങളില്ല.

Read Also: ഇനി ലോകകപ്പ്; ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് തിരിച്ചു

38ആം ഓവറാണ് കളി മാറ്റിയത്. എങ്കിഡി എറിഞ്ഞ ഓവറിൽ താക്കൂർ പുറത്ത്. ഇതോടെ കളി വിജയിപ്പിക്കുക എന്ന ഉത്തരവാദിത്തം പൂർണമായും സഞ്ജുവിലായി. രണ്ട് ഓവറിൽ ജയിക്കാൻ 37 റൺസ്. റബാഡ എറിഞ്ഞ ഓവറിൽ സഞ്ജു ഒരു പന്ത് പോലും ഫേസ് ചെയ്തില്ല. ഓവറിൽ പിറന്നത് 7 റൺസ്. അവസാന ഓവറിൽ വിജയിക്കാൻ 30 റൺസ്. ഷംസിയെ സിക്സർ പായിച്ച് തുടങ്ങിയ സഞ്ജു ഓവറിൽ മൂന്ന് ബൗണ്ടറികൾ കൂടി അടിച്ച് ആകെ 20 റൺസെടുത്തു. കളി തോറ്റത് 9 റൺസിന്.

39ആം ഓവറിൽ സഞ്ജു മൂന്ന് പന്തെങ്കിലും ഫേസ് ചെയ്തിരുന്നെങ്കിൽ ഇന്ത്യ വിജയിച്ചേനെ. ഓവറിൽ ആവേഷ് ഖാനോട് സ്ട്രൈക്ക് ആവശ്യപ്പെടാത്തതും മൂന്നാം പന്തിൽ ഡബിൾ ഓടിയതും ഗെയിം അവേർനസല്ല എന്നൊക്കെ പറയണെങ്കിൽ പറയാം. പക്ഷേ, 17.4 ഓവറിൽ 51 റൺസിനു നാല് വിക്കറ്റ് എന്ന നിലയിൽ നിന്ന് ഇന്ത്യയെ 9 റൺസ് മാത്രം അകലെ എത്തിച്ച ഇന്നിംഗ്സ് സമീപകാലത്തെ ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്സ് എന്നു തന്നെ പറയണം.

Story Highlights: sanju samson 86 not out south africa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here