Advertisement

സൗത്ത് ആഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തോൽവി; സഞ്ജു ടോപ്പ് സ്കോറർ

October 6, 2022
Google News 3 minutes Read
India lost against South Africa; Sanju top scorer

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക ഡേവിഡ് മില്ലറിന്റെയും (75*), ഹെന്റിച്ച് ക്ലാസന്റെയും (74) കരുത്തിൽ 40 ഓവറില്‍ 249 റണ്‍സാണ് നേടിയത്. എന്നാൽ 250 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 40 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഏകദിനത്തിലെ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോറാണ് ലഖ്‌നൗവില്‍ പിറന്നത്. ശ്രേയസ് അയ്യര്‍ (50), ഷാര്‍ദുല്‍ ഠാക്കൂര്‍ (33) മികച്ച പ്രകടനം പുറത്തെടുത്തു. ( India lost against South Africa; Sanju top scorer ).

കളി കൈവിട്ടു പോവുമ്പോഴും അവസാനനിമിഷം വരെയും സഞ്ജു പൊരുതിയെന്നത് ശ്രദ്ധേയമാണ്. 63 പന്തില്‍ 86 റണ്‍സ് നേടിയാണ് സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓഗസ്റ്റില്‍ നടന്ന ഏകദിന പരമ്പരയില്‍ 51 റണ്‍സുമായി സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. ഇന്ന് മോശം തുടക്കമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ശുഭ്മാന്‍ ഗില്‍ (3), ശിഖര്‍ ധവാന്‍ (4) എന്നിവരെ ഇന്ത്യക്ക് നഷ്ടമായി. തുടര്‍ന്ന് ക്രീസിലെത്തിയ റിതുരാജ് ഗെയ്കവാദ് 42 പന്തുകൾ നേരിട്ട് 19 റൺസും ഇഷാന്‍ കിഷന്‍ 37 പന്തുകൾ നേരിട്ട് 20 റൺസുമാണ് നേടിയത്. ഇരുവരും മടങ്ങിയതോടെ ഇന്ത്യ നാലിന് 51 എന്ന പരിതാപകരമായ നിലയിലായി.

പിന്നീടെത്തിയ സഞ്ജു- ശ്രേയസ് സഖ്യമാണ് 67 റണ്‍സ് കൂട്ടിചേര്‍ത്ത് വിജയപ്രതീക്ഷ നൽകിയത്. എട്ട് ബൗണ്ടറികള്‍ ഉൾപ്പടെ 37 പന്തുകളില്‍ നിന്നാണ് ശ്രേയസ് 50 റണ്‍സെടുത്തത്. സഞ്ജുവിനൊപ്പം 93 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ പിന്നീടെത്തിയ ഠാക്കൂറിനായി. 31 പന്തുകള്‍ നേരിട്ട ഠാക്കൂര്‍ അഞ്ച് ബൗണ്ടറികള്‍ നേടി. പന്തില്‍ കുല്‍ദീപ് യാദവും (0) മടങ്ങി. അവസാന രണ്ട് ഓവറില്‍ 37 റണ്‍സാണ് ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 39-ാം ഓവറില്‍ സഞ്ജുവിന് സ്‌ട്രൈക്ക് കിട്ടിയില്ല. അവസാന ഓവറില്‍ ഷംസിയുടെ ആദ്യ മൂന്ന് പന്തില്‍ സഞ്ജു 14 റണ്‍സ് നേടി വിജയപ്രതീക്ഷയുണർത്തി. എന്നാല്‍ നാലാം പന്തില്‍ റണ്‍സെടുക്കാനായില്ല. അഞ്ചാം പന്ത് ഫോര്‍. അവസാന പന്തില്‍ ഒരു റണ്‍സ്. 20 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. നാലാം പന്തില്‍ ആവേശ് ഉയര്‍ത്തിയടിച്ച പന്തില്‍ ക്യാച്ച് നഷ്ടമായപ്പോള്‍ രണ്ട് റണ്‍ ഓടിയെടുത്ത സഞ്ജു സ്ട്രൈക്ക് നേടാന്‍ ശ്രമിക്കാത്തത്തതിനെ കമന്‍റേറ്റര്‍മാര്‍ എടുത്തുപറഞ്ഞിരുന്നു.

നാട്ടില്‍ ആദ്യമായി ഏകദിനം കളിക്കാനിറങ്ങിയ സഞ്ജു ആറാമനായാണ് ക്രീസിലെത്തിയത്. ഷംസിയെ സിക്സിന് പറത്തിയാണ് സഞ്ജു റണ്‍വേട്ട തുടങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട തുടക്കമായിരുന്നു ആദ്യ ബാറ്റിങ്ങിൽ ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ 49 റണ്‍സാണ് ജന്നെമന്‍ മലാന്‍- ഡി കോക്ക് സഖ്യം കൂട്ടിചേര്‍ത്തത്. മലാനെ പുറത്താക്കി ഠാക്കൂറാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. ഇതിന് പിന്നാലെ എയ്ഡന്‍ മാര്‍ക്രം (0), തെംബ ബവൂമ (8) എന്നിവര്‍ പെട്ടന്ന് മടങ്ങി. ഇതിന് ശേഷം ക്ലാസനൊപ്പം 39 റണ്‍സ് കൂട്ടിചേര്‍ത്തതിന് ശേഷമാണ് ഡി കോക്ക് കൂടാരം കയറിയത്. തുടർന്നെത്തിയ ഡേവിഡ് ക്ലാസനൊപ്പം ചേർന്ന് സ്കോർ വോ​ഗത്തിൽ ഉയർത്തി. 139 റണ്‍സാണ് ഇരുവരും ചേർന്ന് കൂട്ടിചേര്‍ത്തത്. ആറ് ഫോറും രണ്ട് സിക്‌സും ഉൾപ്പടെ 65 പന്തില്‍ നിന്ന് 74 റണ്‍സാണ് ക്ലാസന്‍ നേടിയത്.

Story Highlights: India lost against South Africa; Sanju top scorer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here