Advertisement

അമിതാഭ് ബച്ചൻ, മുപ്പതാം വയസിൽ പന്ത്രണ്ട് ഫ്ലോപ്പുകളും രണ്ട് ഹിറ്റുകളും; പിന്നീട് നടന്നത് ചരിത്രം

October 11, 2022
Google News 2 minutes Read
Amitabh Bachchan turns 80 today

തന്റെ മുപ്പതാം വയസ്സിൽ പന്ത്രണ്ട് ഫ്ലോപ്പുകളും രണ്ട് ഹിറ്റുകളും മാത്രമുള്ള ഒരു “പരാജയപ്പെട്ട പുതുമുഖം” ആയിരുന്നു ബച്ചൻ. അക്കാലത്തു തന്നെയാണ് സിനിമാ രംഗത്തു പിടിച്ചുനിൽക്കാനുള്ള തീവ്രശ്രമം അദ്ദേഹത്തിന്റെ ഭാ​ഗത്തുനിന്നുണ്ടാകുന്നതും. 1982 ജൂലൈ 26 ന് ബാംഗ്ലൂരിലെ യൂണിവേഴ്സിറ്റി കാമ്പസിൽ കൂലി എന്ന സിനിമയുടെ ചിത്രീകരണത്തിൽ, പുനീത് ഇസ്സാറുമൊത്തുള്ള സംഘട്ടന രംഗത്തിനിടെ ബച്ചന് ആന്തരികാവയവത്തിൽ മാരകമായി പരിക്കേറ്റു. അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്ന ഈ പരിക്കിനെത്തുടർന്ന് അദ്ദേഹം മാസങ്ങളോളം ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞു. ( Amitabh Bachchan turns 80 today ).

വളരെക്കാലത്തെ ചികിത്സയ്ക്കുശേഷം സുഖം പ്രാപിച്ച അദ്ദേഹത്തെവച്ച് ആ വർഷം അവസാനം സിനിമാ ചിത്രീകരണം പുനരാരംഭിച്ചു. ഈ ചിത്രം 1983 ൽ പുറത്തിറങ്ങുകയും ബച്ചന്റെ അപകടത്തെക്കുറിച്ച് വലിയ പ്രചാരം ലഭിക്കുകയും ചെയ്തതിനാൽ ബോക്സ് ഓഫീസിൽ മികച്ച വിജയമായി. ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും ഇതായിരുന്നു. പിന്നീട് അദ്ദേഹത്തിന് മയസ്തീനിയ ഗ്രാവിസ് എന്ന രോഗം കണ്ടെത്തി. അസുഖം അദ്ദേഹത്തെ മാനസികമായും ശാരീരികമായും ദുർബലനാക്കുകയും സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലെത്തിക്കുകയും ചെയ്തു. ഈ സമയത്ത് മാനസികമായി ഏറെ തകർന്നിരുന്ന അദ്ദേഹം ഓരോ റിലീസിന് മുമ്പും “യെ ഫിലിം ടു ഫ്ലോപ്പ് ഹോഗി!” (“ഈ സിനിമ പരാജയപ്പെടും”) എന്ന് പറയുമായിരുന്നു.

1984 മുതൽ 1987 വരെയുള്ള കാലഘട്ടത്തിലെ രാഷ്ട്രീയ പ്രവേശനത്തിനുശേഷം, 1988 ൽ ബച്ചൻ സിനിമകളിലേക്ക് മടങ്ങിയെത്തുകയും, ഷഹെൻഷ എന്ന ചിത്രത്തിലെ ടൈറ്റിൽ റോളിൽ അഭിനയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ തിരിച്ചുവരവു ചിത്രമായ ഷഹെൻഷായുടെ വിജയത്തിനുശേഷം പുറത്തിറങ്ങിയ ജാദൂഗർ, തൂഫാൻ, മേം ആസാദ് ഹൂം (1989 ൽ പുറത്തിറങ്ങിയവ) തുടങ്ങിയ ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ അമ്പേ പരാജയപ്പെട്ടതിനാൽ അദ്ദേഹത്തിന്റെ താരശക്തി ക്ഷയിച്ചു തുടങ്ങിയിരുന്നു.

ഈ കാലഘട്ടത്തിലെ വിജയ ചിത്രങ്ങളായ ആജ് കാ അർജുൻ (1990), ഹം (1991) എന്നിവയിലൂടെ തന്റെ മൂന്നാമത്തെ മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം അദ്ദേഹം സ്വന്തമാക്കി. ഈ ചിത്രങ്ങൾ വിജയിച്ചെങ്കിലും തുടർന്നെത്തിയ സിനിമകളെല്ലാം പരാജയപ്പെടുകയായിരുന്നു. 1992 ൽ നിരൂപക പ്രശംസ നേടിയ ഖുദാ ഗവാ എന്ന ഇതിഹാസ ചിത്രം പുരത്തിറങ്ങിയതിനുശേഷം ബച്ചൻ സിനിമാരംഗത്തുനിന്ന് അഞ്ച് വർഷത്തേക്ക് വിരമിക്കൽ നടത്തി. ബോക്സോഫീസ് പരാജയമായ ഇൻസാനിയത്ത് (1994) വൈകി റിലീസ് ചെയ്തതൊഴിച്ചാൽ അടുത്ത അഞ്ചുവർഷക്കാലം ബച്ചൻ പുതിയ റിലീസുകളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല.

Read Also: ആദ്യം നൽകിയിരുന്ന പേര് അമിതാഭ് ബച്ചൻ എന്നായിരുന്നില്ല; ബോളിവുഡിന്റെ ബിഗ് ബിയെ കുറിച്ച് അധികമാർക്കുമറിയാത്ത 11 കാര്യങ്ങൾ

1996 ൽ അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ് (എബിസിഎൽ) എന്ന കമ്പനി സ്ഥാപിച്ചുകൊണ്ട് ബച്ചൻ തന്റെ താൽക്കാലിക വിരമിക്കൽ കാലയളവിൽ ഒരു നിർമ്മാതാവായി മാറി. ഇന്ത്യയിലെ വിനോദ വ്യവസായത്തിന്റെ മുഴുവൻ ക്രോസ് സെക്ഷനും ഉൾക്കൊള്ളുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും തങ്ങളിലൂടെ അവതരിപ്പിക്കുക എന്നതായിരുന്നു എബിസിഎല്ലിന്റെ തന്ത്രം. മുഖ്യധാരാ വാണിജ്യ ചലച്ചിത്ര നിർമ്മാണം വിതരണം, ഓഡിയോ കാസറ്റുകൾ, വീഡിയോ ഡിസ്കുകൾ, ടെലിവിഷൻ സോഫ്റ്റ്വെയറിന്റെ നിർമ്മാണവും അവയുടെ വിപണനവും, സെലിബ്രിറ്റി, ഇവന്റ് മാനേജ്മെന്റ് എന്നിവയായിരുന്നു എബിസിഎല്ലിന്റെ മുഖ്യ പ്രവർത്തനങ്ങൾ. 1996 ൽ കമ്പനി ആരംഭിച്ചയുടനെ, ആദ്യമായി നിർമ്മിച്ച ചിത്രം തെരേ മേരെ സപ്നെ ആയിരുന്നു. തരക്കേടില്ലാത്ത വിജയം നേടിയ ഈ ചിത്രത്തിലൂടെയാണ് അർഷാദ് വാർസി, തെന്നിന്ത്യൻ ചലച്ചിത്ര താരം സിമ്രാൻ തുടങ്ങിയ അഭിനേതാക്കളുടെ ബോളിവുഡ് അഭിനയജീവിതം ആരംഭിക്കുന്നത്.

1997 ൽ എബിസിഎൽ നിർമ്മിച്ച മൃത്യുദാദ എന്ന ചിത്രത്തിലൂടെ ബച്ചൻ അഭിനയരംഗത്തേക്ക് തിരിച്ചുവരാനുള്ള ശ്രമം ആരംഭിച്ചു. ആക്ഷൻ ഹീറോ എന്ന നിലയിലുള്ള ഇമേജ് തിരികെക്കൊണ്ടുവരാൻ ഈ ചിത്രത്തിലൂടെ ശ്രമിച്ചുവെങ്കിലും സാമ്പത്തികമായി പരാജയപ്പെടുകയായിരുന്നു. 1996 ൽ ബാംഗ്ലൂരിൽ സംഘടിപ്പിക്കപ്പെട്ട മിസ്സ് വേൾഡ് സൗന്ദര്യമത്സരത്തിന്റെ പ്രധാന സ്പോൺസറായിരുന്നു എബിസിഎൽ എങ്കിലും ദശലക്ഷങ്ങൾ നഷ്ടപ്പെടാനായിരുന്നു അവരുടെ വിധി. സംഭവത്തിനുശേഷം എബി‌സി‌എല്ലിനെയും അവരുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളെയും ചുറ്റിപ്പറ്റിയുള്ള വീഴ്ചകളും നിയമപോരാട്ടങ്ങളും 1997ൽ കമ്പനിയെ സാമ്പത്തികമായി തകർത്തു. ഇതിനെ ഭരണപരമായി പരാജയപ്പെട്ട ഒരു കമ്പനിയായി ഇന്ത്യൻ ഇൻഡസ്ട്രീസ് ബോർഡ് പിന്നീട് പ്രഖ്യാപിച്ചു.

തന്റെ അഭിനയജീവിതം പുനരുജ്ജീവിപ്പിക്കാൻ ബച്ചൻ വീണ്ടും ശ്രമിക്കുകയും ഒടുവിൽ ബഡെ മിയാൻ ചോട്ടെ മിയാൻ (1998), മേജർ സാബ് (1998) എന്നീ ചിത്രങ്ങൾ മികച്ച വാണിജ്യവിജയം നേടുകയും ചെയ്തു. സൂര്യവംശം (1999) എന്ന ചിത്രത്തിന് നല്ല പ്രതികരണവും ലഭിച്ചു. എന്നാൽ ലാൽ ബാദ്ഷാ (1999), ഹിന്ദുസ്ഥാൻ കി കസം (1999) എന്നിവ ബോക്സ് ഓഫീസ് പരാജയങ്ങളായിരുന്നു. 2000 ൽ ആദിത്യ ചോപ്ര സംവിധാനം നിർവ്വഹിച്ച യാഷ് ചോപ്രയുടെ ബോക്സ് ഓഫീസ് ഹിറ്റായ മൊഹബ്ബത്തേൻ എന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ പ്രത്യക്ഷപ്പെട്ടു. ഷാരൂഖ് ഖാന്റെ കഥാപാത്രത്തിന് എതിരാളിയായ പ്രായമുള്ള കഥാപാത്രമായി അദ്ദേഹം അഭിനയിച്ചു.

സഞ്ജയ് ലീല ബൻസാലിയുടെ ബ്ലാക്ക് (2005) ആയിരുന്നു ബച്ചനെ അദ്ദേഹത്തിന്റെ തിരിച്ചുവരിവിൽ ഏറെ സഹായിച്ച പ്രോജക്ട്. ബധിരയും അന്ധയുമായ ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന വൃദ്ധനായ അധ്യാപകനായി ബച്ചൻ ഈ ചിത്രത്തിൽ അഭിനയിച്ചു. മികച്ച നടനുള്ള രണ്ടാമത്തെ ദേശീയ ചലച്ചിത്ര അവാർഡും മികച്ച നടനുള്ള തന്റെ നാലാമത്തെ ഫിലിം ഫെയർ പുരസ്കാരവും രണ്ടാമത്തെ ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡും അദ്ദേഹത്തിന് ഈ ചിത്രത്തിലൂടെ ലഭിച്ചു.

2005 ലും 2006 ലും മകൻ അഭിഷേക് ബച്ചനോടൊപ്പം ബണ്ടി ഔർ ബബ്ലി (2005), സർക്കാർ (2005), കഭി അൽവിദ നാ കെഹ്ന (2006) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. അവയെല്ലാംതന്നെ ബോക്സോഫീസിൽ തകർപ്പൻ വിജയങ്ങളായിരുന്നു. 2006 ലും 2007 ന്റെ തുടക്കത്തിലും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ബാബൂൾ (2006), ഏകലവ്യ, നിഷബ്ദ് (2007) എന്നിവയിലെ പ്രകടനങ്ങൾ മികച്ച നിരൂപക പ്രശംസ നേടി.

2010ൽ മേജർ രവി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ കാണ്ഡഹാർ എന്ന മലയാളചിത്രത്തിലും അഭിനയിച്ചു. ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 814 ന്റെ ഹൈജാക്കിംഗ് സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചത്. ഈ ചിത്രത്തിന്റെ പ്രതിഫലം ബച്ചൻ നിരസിച്ചിരുന്നു. തന്റെ കമ്പനിയായ എബിസിഎല്ലിന്റെ പരാജയം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ പഴയ സുഹൃത്തായ അമർ സിംഗ് അദ്ദേഹത്തെ സഹായിച്ചിരുന്നു. അതിനുശേഷം അമർ സിംഗ് പ്രതിനിധീകരിച്ചിരുന്ന രാഷ്ട്രീയ പാർട്ടിയായ സമാജ്‌വാദി പാർട്ടിയെ ബച്ചൻ പിന്തുണയ്ക്കാൻ തുടങ്ങി. ജയ ബച്ചൻ സമാജ്‌വാദി പാർട്ടിയിൽ ചേരുകയും രാജ്യസഭയിൽ എംപിയായി പാർട്ടിയെ പ്രതിനിധീകരിക്കുകയും ചെയ്തു.

പരസ്യങ്ങളിലും രാഷ്ട്രീയ പ്രചാരണങ്ങളിലും പ്രത്യക്ഷപ്പെടുന്നതുൾപ്പെടെ സമാജ്‌വാദി പാർട്ടിക്ക് വേണ്ടി ബച്ചൻ തുടർന്നും സഹായ സഹകരണങ്ങൾ ചെയ്തു. അഭിനയത്തിന്റെ പ്രഭാവകാലത്ത് സ്റ്റാർ‌ഡസ്റ്റും മറ്റ് ചില സിനിമാ മാസികകളും ബച്ചനെതിരെ 15 വർഷത്തെ പത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നു. പ്രതിരോധമെന്ന നിലയിൽ, 1989 അവസാനം വരെ മാധ്യമങ്ങൾ തന്റെ സെറ്റുകളിൽ പ്രവേശിക്കുന്നത് അദ്ദേഹം വിലക്കിയിരുന്നു.

Story Highlights: Amitabh Bachchan turns 80 today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here