Advertisement

ഇലന്തൂരിലെ നരബലി; പ്രതികളെ കാണണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ആളൂരും പൊലീസുമായി തർക്കം

October 12, 2022
Google News 2 minutes Read
Human Sacrifice; BA Aloor's Argument with police in court

ഇലന്തൂരിലെ നരബലിയിൽ പ്രതികൾക്കായി ഹാജരാക്കുമെന്ന് അഡ്വക്കേറ്റ് ആളൂർ അറിയിച്ചതിന് പിന്നാലെ കോടതിക്കുള്ളിൽ ആളൂരും പൊലീസുമായി തർക്കം. പ്രതികളെ കാണാൻ അനുവദിക്കണമെന്നായിരുന്നു ആളൂരിന്റെ ആവശ്യം. മജിസ്‌ട്രേറ്റിന്റെ അനുമതി വേണമെന്ന് എ സി പി ജയകുമാർ വ്യക്തമാക്കിയതോടെയാണ് സംഭവം തർക്കത്തിലേക്കെത്തിയത്. പ്രതികളെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ അപേക്ഷ തയാറാക്കുകയാണ്. ഭീഷണി വേണ്ടെന്ന് അഭിഭാഷകനോട് എ സി പിയും, എ സി പിക്കെതിരെ നടപടി വേണമെന്ന് അഭിഭാഷകനും ആവശ്യപ്പെട്ടു.

ഭ​ഗവൽ സിം​ഗ്, ലൈല, ഷാഫി എന്നീ മൂന്ന് പ്രതികൾക്കുവേണ്ടിയും താൻ ഹാജരാകുമെന്നാണ് ആളൂർ അറിയിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ആളൂരും എത്തിയത്. പ്രതികൾ ശരീരഭാഗങ്ങൾ പാകം ചെയ്ത് ഭക്ഷിച്ചുവെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. നരബലിയുടെ ലക്ഷ്യം പൂർത്തിയാക്കാൻ ഇരകളുടെ ശരീരഭാഗങ്ങൾ ഭക്ഷിക്കണമെന്ന് ഷാഫി ഭഗവൽ സിംഗിനേയും ഭാര്യ ലൈലയേയും ബോധ്യപ്പെടുത്തി. ലൈല നേരിട്ടാണ് ശരീരഭാഗങ്ങൾ പാകം ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഏറ്റവും ക്രൂരമായി കൊലപാതകത്തിൽ പങ്കെടുത്തത് ലൈലയാണ്. ഇന്നലെ തെളിവെടുപ്പിനായി ലൈലയെ ഇലന്തൂരിലെ വീട്ടിലെത്തിച്ചപ്പോഴാണ് കൊലപാതകത്തെ കുറിച്ച് പ്രതി പൊലീസിനോട് വിശദീകരിച്ചത്. വീടിന് സമീപത്തുള്ള കല്ലിൽ വച്ച് കൈകൾ അറുത്ത് മാറ്റിയതും മറ്റും ലൈല വിശദീകരിച്ചു.

Read Also: ഇലന്തൂരിലെ നരബലി; മൂന്ന് പ്രതികൾക്കായും ഹാജരാകുമെന്ന് അഡ്വ. ആളൂർ

റോസ്ലിന്റെ തലയ്ക്കടിച്ചത് ഷാഫിയാണ്. ശേഷം കട്ടിലിൽ കിടത്തി കഴുത്തറുത്തത് ലൈലയാണ്. ഈ കൊലപാതകത്തിന് ശേഷം ദോഷങ്ങൾ മാറാത്തതുകൊണ്ടാണ് പത്മത്തേയും കൊലപ്പെടുത്തിയത്. പത്മത്തിന്റേയും കഴുത്തറുത്ത് കത്തികൊണ്ട് സ്വകാര്യഭാഗത്ത് കത്തി കുത്തിയിറക്കി ചോര വീട്ടിൽ വീഴ്ത്തുകയായിരുന്നു. ശേഷം പദ്മത്തിന്റെ മൃതദേഹം 56 കഷ്ണങ്ങളാക്കിയാണ് പറമ്പിൽ കുഴിച്ചിട്ടത്. രണ്ട് കുഴിയിലായാണ് ശരീരഭാഗങ്ങൾ നിക്ഷേപിച്ചത്.

പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിയുടെ പിന്നാമ്പുറക്കഥകൾ ഞെട്ടിക്കുന്നതാണ്. ഷിഹാബ് എന്ന മുഹമ്മദ് ഷാഫിയാണ് കൃത്യത്തിന്റെ മുഖ്യസൂത്രധരൻ എന്ന് പൊലീസ് പറയുന്നു. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പദ്മയേയും റോസ്ലിനെയും റഷീദ് ഭഗവൽ സിംഗിന്റെ വീട്ടിലെത്തിച്ചത്. പിന്നീട് നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്.

പെരുമ്പാവൂർ സ്വദേശിയായ ഷാഫി എന്ന റഷീദ് ആണ് നരബലിയുടെ മുഖ്യസൂത്രധാരൻ എന്ന് പൊലീസ് പറയുന്നു . ശ്രീദേവി എന്ന വ്യാജ പ്രൊഫൈൽ ഉപയോഗിച്ചാണ് റഷീദ് ഭഗവൽ സിംഗിനെ ബന്ധപ്പെട്ടത്. വലിയ സിദ്ധൻ എന്ന് പറഞ്ഞ് റഷീദ് തന്റെ നമ്പർ ഭഗവൽ സിങ്ങിന് നൽകി. ദമ്പതികൾ പൂർണമായും ഷാഫി പറയുന്ന മനോനിലയിൽ എത്തി.

എല്ലാം ഷാഫിയുടെ ബുദ്ധിയാണ്. ബലി നൽകാൻ ഷാഫി ആദ്യം ചതിച്ചു കൊണ്ടുവന്നത് റോസ്ലിയെയാണ്. സിനിമയിൽ അഭിനയിച്ചാൽ പത്തു ലക്ഷം രൂപ നൽകാം എന്ന് റോസ്ലിയോട് പറഞ്ഞു. തിരുവല്ലയിലെ ഭഗവൽ സിംഗിന്റെ വീട്ടിൽ എത്തിച്ച ശേഷം റോസ്‌ലിനെ കട്ടിലിൽ കിടത്തി. ഭഗവൽ സിംഗ് ചുറ്റിക കൊണ്ട് തലക്കടിച്ച് അർധ ബോധാവസ്ഥയിലാക്കി. സിംഗിന്റെ ഭാര്യ ലൈല കഴുത്തറുത്ത് ചോര വീഴ്ത്തി. റോസ്ലിന്റെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിവേല്പ്പിച്ചും ചോര വീഴ്ത്തി മുറിയിൽ തളിച്ചും ഭാഗ്യത്തിനായി പ്രാർത്ഥിച്ചു.

റോസ്ലിയെ ബലി നൽകിയിട്ടും സാമ്പത്തികമായി വിജയിക്കാത്തതിനാൽ റഷീദിനെ വീണ്ടും ഭഗവൽ – ലൈല ദമ്പതികൾ ബന്ധപ്പെട്ടു. ശാപം കാരണം പൂജ വിജയിച്ചില്ല എന്ന് പറഞ്ഞ് റഷീദ് മറ്റൊരു നരബലി കൂടി നടത്തണം എന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ തന്നെ ആണ് കൊച്ചിയിൽ നിന്ന് പത്മയെ കൊണ്ടുവന്നത്. സമാനവിധത്തിൽ തന്നെ പത്മയേയും കൊലപ്പെടുത്തി. പദ്മയുടെ ഫോൺ കോളുകളിൽ നിന്നാണ് ഷാഫിയെക്കുറിച്ച് വിവരം ലഭിച്ചത്. പദ്മയെ കാണാതായ കേസിലെ അന്വേഷണമാണ് റോസ്ലിയേയും സമാന വിധത്തിൽ കൊല ചെയ്ത സംഭവത്തിലേക്ക് പൊലീസിനെ എത്തിച്ചത്.

Story Highlights: Human Sacrifice; BA Aloor’s Argument with police in court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here