‘എഡിറ്റർ സംവിധായകനാകുമ്പോൾ’; തീയറ്റര്‍ അനുഭവം ആവശ്യപ്പെടുന്ന സിനിമയാണ് വിചിത്രമെന്ന് അച്ചു വിജയന്‍

ഷൈന്‍ ടോം ചാക്കോ നായകനാകുന്ന വിചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. വിചിത്രം എന്ന ചിത്രത്തിന്റെ സംവിധായകനായ അച്ചു വിജയന്‍ സിനിമാരംഗത്തെ പുതിയ സാധ്യതകള്‍ തേടുകയാണ്. ഇപ്പോഴിതാ താന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകൾ ട്വന്റി ഫോറിനോട് പങ്കുവയ്ക്കുകയാണ് അച്ചു വിജയന്‍.
ആദ്യ സംവിധാനം, എങ്ങനെയാണ് ‘വിചിത്രം’ ത്തിലേക്കുള്ള വരവ് ?
കുറച്ച് വർഷമായി മറ്റൊരു പ്രൊജക്ടിന്റെ പുറകെയായിരുന്നു. പക്ഷെ കൊവിഡ് കാരണം അത് നടന്നില്ല. അതിനുശേഷമാണ് ജോയ് പ്രൊഡക്ഷൻസിന്റെ ആലോചനകൾ വന്നത്. അങ്ങനെയാണ് പുതിയ തിരക്കഥകൾ കേൾക്കുന്നതും, അങ്ങനെ കേട്ടതിൽ ഒന്നാണ് വിചിത്രം. രണ്ടര മാസത്തോളം എടുത്താണ് പ്രീ-പ്രൊഡക്ഷൻ ഉൾപ്പെടെ പൂർത്തിയാക്കിയത്.
തുടക്കം സ്‌പോട്ട് എഡിറ്ററായി, സംവിധായകനിലേക്കുള്ള മാറ്റം എങ്ങനെയായിരുന്നു?
പരസ്യങ്ങൾ ചെയ്താണ് തുടക്കം. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലാണ് സ്‌പോട്ട് എഡിറ്ററായി ആദ്യം വർക്ക് ചെയ്തത്. സംവിധാനം ഇഷ്ടമുള്ളത് കൊണ്ടാണ് എഡിറ്റിംഗ് തെരഞ്ഞെടുത്തത്. സിനിമയിലേക്കുള്ള വഴിയായിരുന്നു എഡിറ്റിംഗ് മേഖല.
ചിത്രത്തിലെ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ്?
ഷൈന്‍ ടോം ചാക്കോ നേരത്തെതന്നെ ചിത്രത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു. ഷൈന്‍ ചേട്ടന് കഥയറിയാം. ഏകദേശം കഥ പൂർത്തിയായപ്പോഴാണ് ഞാൻ ചിത്രത്തിന്റെ ഭാഗമാകുന്നത്. ബാലു വർഗീസിനെ എനിക്ക് നേരത്തെ പരിചയമുണ്ട്. സിനിമയിലെ ഇരട്ടകളെ ഓഡിഷൻ ചെയ്ത് എടുത്തുതാണ്. വിഷ്ണു സ്ക്രീൻടെസ്റ്റിലൂടെ സിനിമയിലെത്തിയതാണ്. മറ്റൊരു കഥാപാത്രം ജോളി ചിറയത്ത് ആണ്. വളരെ പ്രാധാന്യമുള്ള വേഷമാണ് അവർ ചെയ്യുന്നത്.
വിചിത്രം എന്ന പേരിന് പിന്നിൽ ?
വിചിത്രം എന്ന പേര് ഒരു വര്‍ക്കിങ് ടൈറ്റില്‍ ആയിരുന്നു. തിരക്കഥ പറയുമ്പോള്‍ സൂചിപ്പിച്ചിരുന്ന തത്ക്കാലമുള്ള പേരാണ്. ഷൂട്ടിംഗ് തുടങ്ങിയിട്ടും ഇതിലും നല്ളൊരു പേര് ലഭിക്കാത്തതുകൊണ്ട് വിചിത്രം ഫൈനൽ പേരായി മാറിയത്.
പേരുപോലെ തന്നെയാണോ ചിത്രവും ‘വിചിത്ര’മാണോ ?
തിയറ്റര്‍ അനുഭവം ആവശ്യപ്പെടുന്ന സിനിമയാണ് വിചിത്രം. ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങിലാണ് ഏറ്റവും കൂടുതൽ വർക്ക് ചെയ്തത്. തിയറ്ററിലായിരിക്കും ചിത്രത്തിന്റെ ബെസ്റ്റ് സൗണ്ട് എക്‌സ്‌പീരിയൻസ് ചെയ്യാൻ കഴിയുക. തിരക്കഥ ആവശ്യപ്പെടുന്ന എല്ലാം ചിത്രത്തിലുണ്ട്. ഉറപ്പായും വിചിത്രം ഒരു മികച്ച തിയറ്റർ അനുഭവമായിരിക്കും.
Story Highlights: Vichithram Movie Director Achu Vijayan Interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here