അമിത് ഷായുടെ വസതിയിൽ പാമ്പ് കയറി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ പാമ്പ് കയറി. പാമ്പിനെ കണ്ടതോടെ ആഭ്യന്തരമന്ത്രിയുടെ വസതിയിൽ പരിഭ്രാന്തി പരന്നു. വിവരമറിഞ്ഞെത്തിയ വൈൽഡ് ലൈഫ് എസ്ഒഎസ് സംഘം ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയതെന്ന് പിടിഐയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
വ്യാഴാഴ്ച രാവിലെ ആഭ്യന്തരമന്ത്രിയുടെ വസതിയിൽ പരിഭ്രാന്തി പരത്തി പാമ്പ് പുറത്തേക്ക് വന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ വൈൽഡ് ലൈഫ് എസ്ഒഎസ് സംഘത്തെ വിവരമറിയിച്ചു. സംഘം സ്ഥലത്തെത്തിയപ്പോൾ സെക്യൂരിറ്റിക്ക് വേണ്ടിയുള്ള മുറിയിലെ മരപ്പലകകൾക്കിടയിൽ പാമ്പ് ഒളിച്ചിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് സംഘം പാമ്പിനെ പുറത്തെടുത്തത്.
പിടികൂടിയ പാമ്പിന് അഞ്ചടിയോളം നീളമുണ്ടെന്നും ചെക്കർഡ് കീൽബാക്ക് ഇനത്തിൽപ്പെട്ടതാണെന്നും സംഘടന പറയുന്നു. ഈ ഇനത്തിൽപ്പെട്ട പാമ്പുകൾ വിഷമുള്ളവയല്ല. കായലുകൾ, നദികൾ, കുളങ്ങൾ, അഴുക്കുചാലുകൾ, കൃഷിഭൂമികൾ, കിണറുകൾ തുടങ്ങിയ ജലാശയങ്ങളിലാണ് ചെക്കർഡ് കീൽബാക്ക് പ്രധാനമായും കാണപ്പെടുന്നത്. വന്യജീവി (സംരക്ഷണം) നിയമം, 1972 ലെ ഷെഡ്യൂൾ II പ്രകാരം ഈ ഇനം സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
Story Highlights: 5-Foot Checkered Keelback Snake Spotted At Amit Shah’s Residence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here