Advertisement

മലയാലപ്പുഴയിലെ ദുർമന്ത്രവാദം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

October 14, 2022
2 minutes Read
malayalappuzha witchcraft accused arrest

മലയാലപ്പുഴയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ മന്ത്രവാദത്തിനിരയാക്കിയ കേസിൽ പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മന്ത്രവാദിനി ശോഭന എന്ന വാസന്തി, ഇവരുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കെതിരെ 420, 508 വകുപ്പുകൾ പ്രകാരമാണ് കേസ്. (malayalappuzha witchcraft accused arrest)

Read Also: നരബലി പോലുള്ള അനാചാരങ്ങൾ; നിയമനിർമ്മാണത്തെ കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കെ.എൻ ബാല​ഗോപാൽ

പ്രതികൾ മന്ത്രവാദത്തിനിരയാക്കിയ കുട്ടിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടി മാനസിക ബുദ്ധിമുട്ടിനു ചികിത്സ തേടുന്നയാളാണെന്ന് പൊലീസ് പറയുന്നു. മന്ത്രവാദ ചികിത്സയ്ക്കായി 20,000 രൂപയാണ് ഇവർ ഈടാക്കിയതെന്നും പൊലീസ് കണ്ടെത്തി. ഇവർക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ചാൽ മറ്റ് വകുപ്പുകൾ കൂടി ചുമത്തും. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കും. സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്തുവരണം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പൊതുബോധം ശക്തിപ്പെടണമെന്നും മന്ത്രി പറഞ്ഞു.

ലയാലപ്പുഴയിലെ വാസന്തി മഠത്തിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയത്. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങൾ ട്വന്റിഫോർ പുറത്തുവിട്ടിരുന്നു. ട്വന്റി ഫോർ വാർത്തയ്ക്ക് പിന്നാലെ വാസന്തി മഠത്തിലേക്ക് യുവജന സംഘടനകൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധം ശക്തമായതോടെ മലയാലപ്പുഴ സി ഐയുടെ നേതൃത്വത്തിൽ മന്ത്രവാദിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നാടിന് തന്നെ സമാധാനക്കേട് ഉണ്ടാക്കിയാണ് മന്ത്രവാദ കേന്ദ്രം പ്രവർത്തിച്ചു വന്നിരുന്നത്. കുട്ടികളെപ്പോലും ഇരകളാക്കുന്ന തരത്തിലുള്ള മന്ത്രവാദം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് ട്വന്റി ഫോർ സംഘമെത്തി മന്ത്രവാദത്തിന്റെ വിവിധ ദൃശ്യങ്ങൾ പകർത്തിയത്. ആ ദൃശ്യങ്ങളാണ് ട്വന്റിഫോർ പുറത്തുവിട്ടത്. പിന്നാലെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രാഗത്തുവരികയായിരുന്നു. യുവജന സംഘടനകളെത്തി മന്ത്രവാദകേന്ദ്രം തല്ലിപ്പൊളിക്കുകയും മന്ത്രവാദിയെയും സഹായിയെയും തടഞ്ഞുവയ്ക്കുകയും ചെയ്തു.

Read Also: കുട്ടികളെ ഉപയോഗിച്ചുള്ള മന്ത്രവാദം പ്രത്യേക സംഘം അന്വേഷിക്കും; ട്വന്റിഫോർ ബിഗ് ഇംപാക്ട്

വാർത്ത അറിഞ്ഞപ്പോൾ പൊലീസ് എത്തുകയും നാട്ടുകാരുടെ അവശ്യപ്രകാരം മന്ത്രവാദിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മന്ത്രവാദിനിയെയും സഹായിയെയും നാട്ടുകാർക്കിടയിലൂടെയാണ് അറസ്റ്റ് ചെയ്‌ത്‌ കൊണ്ടുപോയത്. വലിയ ഭീഷണിയാണ് മന്ത്രവാദിനി നാട്ടുകാർക്ക് ഉയർത്തിയിരുന്നത്. ഇവരെ എതിർക്കുന്ന നാട്ടുകാരെയൊക്കെ ഭീഷണിപ്പെടുത്തുക, മന്ത്രവാദത്തിലൂടെ കൊല്ലുമെന്ന് പറയുക, വീടിനുമുൻപിൽ പൂവ് ഇടുക, നാട്ടുകാരെ ഭീഷണിപ്പെടുത്താൻ ഗുണ്ടകളെ ഉപയോഗിക്കുക തുടങ്ങിയവയൊക്കെ ഇവർ ചെയ്തിരുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണത്തിന് വരുമ്പോൾ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയാണെന്ന് നാട്ടുകാർ പറഞ്ഞു.

Story Highlights: malayalappuzha witchcraft accused arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top