രോഹിത് ആരാധകനെ കോലി ആരാധകൻ ബാറ്റ് കൊണ്ട് അടിച്ച് കൊന്നു: കോലിയെ അറസ്റ്റ് ചെയ്യണമെന്ന് നെറ്റിസൺസ്

ക്രിക്കറ്റിനോടുള്ള ആളുകളുടെ ആവേശം ഒരിക്കലും കുറഞ്ഞിട്ടില്ല. ഇന്ത്യൻ ടീം ആരാധകർ ചിലപ്പോൾ സുരക്ഷാ വലയം തകർത്ത് മൈതാനത്ത് എത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇഷ്ട താരത്തെ ദേഹത്ത് ടാറ്റൂ ചെയ്യുന്ന ആരാധകരും ഏറെയാണ്. ആരാധകർ തമ്മിൽ തർക്കിക്കുന്നതും, പിന്നീട് ഇന്ത്യയെന്ന ഒറ്റ വികാരത്തിൽ ഒന്നാകുന്നതും പതിവ് കാഴ്ചയാണ്. എന്നാൽ ഇതിൽ നിന്നും വിപരീതമായി ഞെട്ടിക്കുന്ന ഒരു വാർത്തയാണ് തമിഴ്‌നാട്ടിൽ നിന്നും പുറത്തുവരുന്നത്.
തമിഴ്‌നാട്ടിലെ അരിയാൽപൂർ ജില്ലയിൽ വിരാട് കോലിയുടെ ആരാധകൻ രോഹിത് ശർമ്മയുടെ ആരാധകനെ കൊലപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ‘ആജ് തക്കിൽ’ പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം പി വിഘ്നേശ്(24) എന്നയാളാണ് കൊല്ലപ്പെട്ടത്. രോഹിതിന്റെയും മുംബൈ ഇന്ത്യൻസിന്റെയും ആരാധകനാണ് അദ്ദേഹം. കോലി ആരാധകനായ എസ് ധരംരാജാണ്(21) കേസിലെ പ്രതി. ഒക്‌ടോബർ 11 നാണ് സംഭവം.
ധർമരാജും വിഘ്‌നേഷും മല്ലൂരിനടുത്തുള്ള സിഡ്‌കോ ഇൻഡസ്‌ട്രിയൽ എസ്‌റ്റേറ്റിലേക്ക് ക്രിക്കറ്റ് കളിയ്ക്കാൻ പോയതായി റിപ്പോർട്ടിൽ പറയുന്നു. കളി കഴിഞ്ഞ് ഇരുവരും മദ്യപിക്കാൻ തുടങ്ങി. ഇതിനിടെ ഇരുവരും തമ്മിൽ ക്രിക്കറ്റിനെ ചൊല്ലി തർക്കം തുടങ്ങി. പിന്നാലെ വിഘ്നേഷ് ആർസിബിയെ കളിയാക്കി. ഇതിൽ പ്രകോപിതനായ ധർമ്മരാജ് വിഘ്നേശിനെ ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. ധർമ്മരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രോഹിത് ശർമ്മയുടെ ആരാധകൻ കൊല്ലപ്പെട്ടെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
കൊലപാതക വാർത്തയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള പ്രതികരണങ്ങളാണ് കണ്ടത്. ട്വിറ്ററിൽ കോലിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. ‘#ArrestKohli’ എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആയി തുടങ്ങി. ഇതിനെതിരെ കോലി ആരാധകരും രംഗത്തുവന്നു.
Story Highlights: kohli fan murdered rohit sharma fan in tamilnadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here