‘ഞങ്ങൾ 3 വിവാഹം കഴിക്കും, നിങ്ങൾ വിവാഹിതരായ ശേഷം മറ്റ് സ്ത്രീകളുമായി ബന്ധം പുലർത്തും’; എഐഎംഐഎം നേതാവിൻ്റെ പ്രസ്താവന വിവാദത്തിൽ

അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) യുപി അധ്യക്ഷൻ ഷൗക്കത്ത് അലിയുടെ പ്രസ്താവന വിവാദത്തിൽ. ഇതര മതസ്ഥരെയും സന്യാസിമാരെയും സ്ത്രീകളെയും കുറിച്ചുള്ള അലിയുടെ പ്രസ്താവനയാണ് വൻ വിവാദമായത്. പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിന് ഷൗക്കത്ത് അലി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച രാത്രി സംഭാലിലെ ചൗധരി സറായിയിൽ നടന്ന പരിപാടിയിലാണ് ഷൗക്കത്ത് അലിയുടെ വിവാദ പ്രസ്താവന. “ഞങ്ങൾ മൂന്ന് വിവാഹം കഴിക്കുമെന്ന് ആളുകൾ പറയാറുണ്ട്. നമ്മൾ മൂന്ന് വിവാഹം ചെയ്താലും സമൂഹത്തിൽ മൂന്ന് ഭാര്യമാർക്കും ബഹുമാനം നൽകുന്നു. എന്നാൽ നിങ്ങൾ വിവാഹിതരായ ശേഷം മറ്റ് മൂന്ന് സ്ത്രീകളുമായി ബന്ധം പുലർത്തും. നിങ്ങൾ ഭാര്യയെയോ മറ്റ് സ്ത്രീകളെയോ ബഹുമാനിക്കുന്നില്ല. ഞങ്ങളുടെ എല്ലാ കുട്ടികളുടെയും പേരുകൾ റേഷൻ കാർഡിൽ ചേർക്കുന്നു” – മറ്റ് മതങ്ങളെ പരിഹസിച്ചുകൊണ്ട് ഷൗക്കത്ത് അലി പറഞ്ഞു.
മസ്ജിദുകൾ, മദ്രസകൾ, മുസ്ലീങ്ങൾ എന്നിവയെയാണ് ബിജെപി ഇപ്പോൾ ലക്ഷ്യമിടുന്നത്. ഗ്യാൻവാപി പള്ളിയിലെ ജലധാരയെ ശിവലിംഗമായി കണക്കാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സർവേ നടത്തി മദ്രസകളെ ലക്ഷ്യം വച്ചാണ് ബി.ജെ.പി മസ്ജിദുകൾക്കെതിരെ തർക്കം ഉന്നയിക്കുന്നത്. ആരുടെയും ഇഷ്ടപ്രകാരമല്ല, ഭരണഘടനയനുസരിച്ചായിരിക്കും ഈ രാജ്യം നയിക്കേണ്ടത്. രാജ്യത്ത് ആര് എന്ത് ധരിക്കണമെന്ന് ഭരണഘടന തീരുമാനിക്കുക, ഹിന്ദുത്വമല്ല. എന്നാൽ ഇത്തരം വിഷയങ്ങൾ ഉന്നയിച്ച് രാജ്യത്തെ തകർക്കാനാണ് ഭാരതീയ ജനതാ പാർട്ടി ശ്രമിക്കുന്നതെന്നും അലി ആരോപിച്ചു.
ഷൗക്കത്ത് അലിയുടെ പ്രസ്താവന ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നും പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി സംഭാൽ കോട്വാലിയിലെ ബിജെപി യുവമോർച്ച പ്രവർത്തകൻ അക്ഷിത് അഗർവാൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പരിപാടിക്കിടെ അനുവദനീയമായതിലും കൂടുതൽ ആളുകൾ തടിച്ചുകൂടിയതായും ആക്ഷേപമുണ്ട്. ഷൗക്കത്ത് അലി, അസദ് അബ്ദുള്ള, ചൗധരി മുഷിർ ഖാൻ എന്നിവരെയാണ് പ്രതികളാക്കിയിരിക്കുന്നത്. ഷൗക്കത്ത് അലിക്കെതിരെ ഐപിസി 153 എ, 295 എ, 188 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Story Highlights: “You Marry Once, But Keep 3…”: AIMIM Leader Charged For Remarks On Hindus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here