Advertisement

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ഖാർഗെയ്ക്ക് തരൂർ എത്രത്തോളം വെല്ലുവിളിയാകും?

October 17, 2022
Google News 3 minutes Read

കോൺഗ്രസിന്റെ അടുത്ത പ്രസിഡന്റ് ആരായിരിക്കും? ഏറെ നാളായി ഉയരുന്ന ഈ ചോദ്യത്തിൻ്റെ ഉത്തരം കണ്ടെത്താൻ കോൺഗ്രസ് ഇന്ന് പോളിംഗ് ബൂത്തിൽ എത്തുകയാണ്. ആകെ രണ്ട് സ്ഥാനാർത്ഥികൾ, ശശി തരൂരും മല്ലികാർജുൻ ഖാർഗെയും. സീതാറാം കേസരിക്ക് ശേഷം ആദ്യമായി ഗാന്ധി-നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരാൾ പാർട്ടിയുടെ അധ്യക്ഷനാകാൻ പോകുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. രാജ്യത്തെ 40 കേന്ദ്രങ്ങളിൽ 68 ബൂത്തുകളിലായി നടക്കുന്ന വോട്ടെടുപ്പിൽ 9,800 വോട്ടർമാർ രണ്ടിലൊരാൾക്ക് വോട്ട് ചെയ്യും.

രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ്. രാഹുൽ ഗാന്ധി ‘ഭാരത് ജോഡോ യാത്ര’ നയിക്കുന്നതിനാൽ അദ്ദേഹത്തിനായും സഹ പദയാത്രികർക്കയും ഒരു പ്രത്യേക പോളിംഗ് സ്റ്റേഷനും സജ്ജീകരിച്ചിട്ടുണ്ട്. ഡൽഹിയിലെ അക്ബർ റോഡിലുള്ള പാർട്ടി ആസ്ഥാനത്ത് ഒക്ടോബർ 19 ബുധനാഴ്ച ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ 22 വർഷത്തിനിടെ ആദ്യമായി അധ്യക്ഷനെ കണ്ടെത്താൻ ഒരു വോട്ടെടുപ്പ് നടക്കുന്നു എന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. നേരത്തെ 1998-ൽ സീതാറാം കേസരിയെ സ്ഥാനത്തുനിന്നും പാർട്ടി പുറത്താക്കി സോണിയാ ഗാന്ധിയെ അധ്യക്ഷയാക്കി. സോണിയാ ഗാന്ധിക്ക് പിന്നാലെ മകൻ രാഹുൽ ഗാന്ധിയും തെരഞ്ഞെടുപ്പില്ലാതെ പാർട്ടി അധ്യക്ഷനായി.

Read Also: പല നേതാക്കളും മറ്റ് രീതിയിൽ സംസാരിച്ചു, എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്: ശശി തരൂർ

ഈ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് മല്ലികാർജുൻ ഖാർഗെയും ശശി തരൂരും രാജ്യത്തുടനീളമെത്തി പ്രവർത്തകരെ നേരിൽ കണ്ട് പിന്തുണ ഉറപ്പിച്ചു. ചട്ടം ലങ്കിച്ച് നേതാക്കൾ പക്ഷം പിടിച്ചപ്പോഴും, പ്രചാരണത്തിൽ സഹകരിക്കാതിരുന്നപ്പോഴും ശശി തരൂർ നിരാശനായി. എന്നാൽ പാർട്ടിയുടെ പല സംസ്ഥാന ഘടകങ്ങളുടെയും തലവന്മാർ തന്നെ കാണാതിരുന്നിട്ടും ഖാർഗെയെ സ്വാഗതം ചെയ്തപ്പോഴും മത്സരത്തിൽ നിന്ന് അദ്ദേഹം പിന്മാറിയില്ല. തരൂരിന് പാർട്ടിയുടെ കേരള ഘടകത്തിൽ തന്നെ വേണ്ടത്ര പിന്തുണ ലഭിച്ചില്ല. പാർട്ടി ഹൈക്കമാൻഡിന്റെ പിന്തുണയുള്ള സ്ഥാനാർത്ഥിയെ മാത്രമേ പിന്തുണയ്ക്കൂ എന്ന് കോൺഗ്രസ് കേരള ഘടകം പ്രമേയം പാസാക്കി.

ഒടുവിൽ വോട്ട് രേഖപ്പെടുത്തുന്നതിലെ അപാകതകൾ വരെ തരൂർ ചൂണ്ടിക്കാട്ടി. “ബാലറ്റ് പേപ്പറിൽ രണ്ട് സ്ഥാനാർത്ഥികളുടെ പേരുകൾ ഉണ്ടായിരിക്കും. ഇഷ്ടമുള്ള സ്ഥാനാർത്ഥിയുടെ മുന്നിലുള്ള ബോക്സിൽ ‘ടിക്ക്’ ഇടാം. ഇതല്ലാതെ മറ്റേതെങ്കിലും അടയാളമോ നമ്പറോ മാർക്ക് ചെയ്താൽ വോട്ട് അസാധുവാക്കും” – പരാതിയ്ക്ക് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി വോട്ടർമാർക്ക് നിർദ്ദേശം നൽകി.

Read Also: തരൂരിന് ആയിരത്തോളം വോട്ട് ലഭിക്കുമെന്ന വിലയിരുത്തൽ; തടയാൻ നേതാക്കൾ; ഇന്നും ഖാർ​ഗെയ്ക്കായി പ്രചാരണം

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ മല്ലികാർജുൻ ഖാർഗെ

എൺപതുകാരനായ ഖാർഗെ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ്. അധ്യക്ഷ സ്ഥാനത്തേക്കുള്ള ഗാന്ധി കുടുംബത്തിന്റെ സ്ഥാനാർത്ഥി ഖാർഗെയാണെന്ന് പലരും വിശ്വസിക്കുന്നു. കർണാടകയിലെ കലബുറഗി ജില്ലയിലെ ഒരു സാധാരണ പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ നിന്ന് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്കുള്ള ഖാർഗെയുടെ യാത്ര ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു. 1972-ൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച ഖാർഗെ കർണാടകയിലെ കലബുറഗി ജില്ലയിലെ ഗുർമിത്കൽ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ഒമ്പത് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനുശേഷം അദ്ദേഹത്തെ കന്നഡ ഭാഷയിൽ ‘സോൾ എലഡെ സർദാർ’ എന്ന് വിളിച്ചിരുന്നു, അതായത് ‘തെരഞ്ഞെടുപ്പിലെ അപരാജിതൻ’. 2009ൽ ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഖാർഗെ കേന്ദ്രത്തിൽ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിൽ മന്ത്രിയായി.

അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഭരണഘടന (371 (ജെ)) ഭേദഗതിക്കായി പ്രചാരണം നടന്നത്. ഇതുമൂലം ഹൈദരാബാദ്, കർണാടക മേഖലയിലെ ജനങ്ങൾക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം ലഭിച്ചു. 2014ൽ ലോക്‌സഭാ പ്രതിപക്ഷ നേതാവായിരുന്ന അദ്ദേഹം 2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. വിനയത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അറിയാവുന്ന കൗശലക്കാരനായ രാഷ്ട്രീയക്കാരനാണ് ഖാർഗെ. ദക്ഷിണേന്ത്യയിലെ ദളിത് നേതാവ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നതിലൂടെ, ഒരു സാധാരണ പ്രവർത്തകന് പോലും പ്രസിഡന്റ് സ്ഥാനത്തെത്താൻ കഴിയുമെന്ന സന്ദേശം പ്രവർത്തകർക്ക് നൽകാനും കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്ന് വിശകലന വിദഗ്ധർ കരുതുന്നു.

Read Also: ‘സ്ഥാനത്തിരിക്കുന്നവര്‍ വിലക്ക് ലംഘിക്കരുത്’; ഖാര്‍ഗെയ്ക്ക് വോട്ടുചെയ്യുമെന്ന കെ സുധാകരന്റെ പ്രസ്താവന ശരിയായില്ലെന്ന് എം കെ രാഘവന്‍

ശശി തരൂരിന് എത്രത്തോളം വെല്ലുവിളി നൽകാൻ കഴിയും?

തൻ്റെ ഇംഗ്ലീഷ് പദപ്രയോഗം കൊണ്ടും, നിലപാട് കൊണ്ടും മാധ്യമ തലക്കെട്ടുകളിൽ നിറഞ്ഞുനിൽക്കുന്ന സാർവത്രിക പൗരനാണ് ശശി തരൂർ. ഈ തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഖാർഗെയെ പരാജയപ്പെടുത്താൻ തരൂരിന് കഴിഞ്ഞേക്കില്ല, എന്നാൽ കോൺഗ്രസ് നേതാക്കളുടെ മുൻനിരയിൽ തന്നെ നിർത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
കോൺഗ്രസ് പാർട്ടിയുടെ നേതാവ് എന്നതിലുപരി, 66 കാരനായ ശശി തരൂരിന് സ്വന്തമായൊരു വ്യക്തിത്വമുണ്ട്. ഇംഗ്ലീഷ് ഭാഷയിലും ഫാഷനിലും വിനയാന്വിത സ്വഭാവത്തിലുടെയും നേടിയെടുത്തതാണ് ഈ വ്യക്തിത്വം. വിദഗ്ദ്ധനായ ഒരു നയതന്ത്രജ്ഞനും എഴുത്തുകാരനും കൂടിയാണ് അദ്ദേഹം.

കോൺഗ്രസിന്റെ ജി-23ന്റെ ഭാഗമായിരുന്നു ശശി തരൂർ:

ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽ പഠിച്ച തരൂർ രാജ്യത്തെ ചുരുക്കം ചില ബുദ്ധിജീവികളിൽ ഒരാളാണ്. വിദേശത്ത് പഠിച്ച അദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ ഐക്യരാഷ്ട്രസഭയിൽ ചേർന്നു. യുഎന്നിന്റെ അണ്ടർ സെക്രട്ടറി ജനറലായി. സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഇന്ത്യ അദ്ദേഹത്തെ പിന്തുണച്ചെങ്കിലും വിജയിക്കാനായില്ല. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തോട് യോജിപ്പുള്ള അദ്ദേഹം ഈ പാർട്ടിയിൽ ചേരാൻ തീരുമാനിച്ചു. നയതന്ത്രത്തിലെ തന്റെ മഹത്തായ ജീവിതത്തിനിടയിൽ, 10 വയസ്സ് മുതൽ ഉണ്ടായിരുന്ന പുസ്തകരചനാ ശീലം അദ്ദേഹം തുടർന്നു. രണ്ട് ഡസനിലധികം പുസ്തകങ്ങൾ രചിച്ച അദ്ദേഹം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ഫിക്ഷൻ, നോൺ ഫിക്ഷൻ, രാഷ്ട്രീയം, മതം എന്നിവയെക്കുറിച്ച് അദ്ദേഹം പുസ്തകം എഴുതിയിട്ടുണ്ട്.

കോൺഗ്രസിൽ ചേർന്ന അദ്ദേഹത്തിന് സോണിയ ഗാന്ധി തിരുവനന്തപുരത്ത് നിന്ന് പാർട്ടി ടിക്കറ്റ് നൽകി. കേരളത്തിൽ തിരുവനന്തപുരത്ത് നിന്ന് തുടർച്ചയായി മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച തരൂരിന് പാർട്ടിയുടെ കേരള ഘടകത്തിൽ തന്നെ വേണ്ടത്ര പിന്തുണ ലഭിച്ചില്ല. പാർട്ടി നേതാക്കളിൽ നിന്ന് തനിക്ക് പ്രതീക്ഷിച്ച പിന്തുണ ലഭിക്കുന്നില്ലെന്ന് ഖാർഗെയെ വെല്ലുവിളിക്കുന്ന തരൂർ പലപ്പോഴായി പറഞ്ഞു. സെപ്റ്റംബറിൽ കന്യാകുമാരിയിൽ നിന്ന് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചപ്പോൾ ശശി തരൂർ അവിടെയും മുന്നിലായിരുന്നു. “ഖർഗെ സാഹിബ് ഒരു മുതിർന്ന നേതാവാണ്, അദ്ദേഹം വിജയിച്ചാൽ, ഞങ്ങൾ എല്ലാവരും അദ്ദേഹത്തോടൊപ്പം സഹകരിച്ച് പ്രവർത്തിക്കും. പാർട്ടി ഞങ്ങളുടെ വീടും കുടുംബവുമാണ്” – തെരഞ്ഞെടുപ്പിന് മുമ്പ് ശശി തരൂർ ലഖ്‌നൗവിൽ പറഞ്ഞു.

Story Highlights: shashi tharoor vs mallikarjun kharge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here