ഗവർണറുടെ നിലപാടാണ് ശരി, മുഖ്യമന്ത്രി മന്ത്രിമാരെ കൊണ്ട് ഗവർണറെ വിരട്ടാൻ നോക്കുന്നു; വി.മുരളീധരൻ

സർക്കാരിനെതിരായ ഗവർണറുടെ ട്വീറ്റിൽ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണർ ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കുന്നു. ഗവർണർ നിർവഹിക്കുന്നത് അദ്ദേഹത്തിന്റെ ചുമതലയാണ്. ബന്ധു നിയമന നീക്കം ഗവർണർ തടഞ്ഞു.ഗവർണറെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചു. ഗവർണറുടെ നിലപാടാണ് ശരിയെന്നും വി മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരെ കൊണ്ട് ഗവർണറെ വിരട്ടാൻ നോക്കുന്നു. അതിൽ നിന്ന് മുഖ്യമന്ത്രി പിൻമാറണം. രാജ്ഭവനെ അധിക്ഷേപിക്കുന്നത് നിർത്തണം. ഗവർണറുടെ പദവിയുടെ വില ഇടിച്ച് കാണിക്കുന്നു. മന്ത്രിമാർ ഭരണഘടനയെ അനുസരിക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.
മന്ത്രിമാർ ഗവർണർക്കെതിരെ ആക്ഷേപം ഉന്നയിച്ചാൽ, ഗവർണർ സ്ഥാനത്തിന്റെ അന്തസ് കുറച്ച് കാണിക്കുന്ന രീതിയിൽ പെരുമാറിയാൽ മന്ത്രി സ്ഥാനം അടക്കം പിൻവലിക്കുമെന്നാണ് ഗവർണർ ട്വിറ്റിലൂടെ പറഞ്ഞത്. മന്ത്രിമാരും മുഖ്യമന്ത്രിയും ഗവർണറോട് ഉപദേശിക്കുന്ന രീതിയിൽ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നാണ് ഭരണഘടനയടക്കം സൂചിപ്പിച്ച് ഗവർണർ ട്വീറ്റ് ചെയ്തത്. അസാധാരണമായ രീതിയിലുള്ള ട്വീറ്റാണ് രാജ് ഭവനിൽ നിന്നുമുണ്ടായത്.
Read Also: അന്തസിന് കളങ്കം വരുത്തിയാൽ നടപടി, മന്ത്രിമാരുടെ പദവി റദ്ദാക്കാൻ മടിക്കില്ല; ഭീഷണിയുമായി ഗവർണർ
സർക്കാരും ഗവർണറും തമ്മിലെ ഭിന്നത രൂക്ഷമായിരിക്കെയാണ് ആരിഫ് മുഹമ്മദ് ഖാൻറെ മുന്നറിയിപ്പ്. ഗവർണർ ആർഎസ്എസ് പാളയത്തിൽ നിന്നും വരുന്നു, രാജ്ഭവനും ഭരണഘടന പാലിക്കണം എന്നതടക്കമുള്ള സമീപകാലത്തെ മന്ത്രി ആർ ബിന്ദുവിൻറെ പ്രസ്താവനകളടക്കമാണ് ഗവർണറെ ചൊടിപ്പിച്ചത്. സർവകലാശാല നിയമഭദേഗതി ബിൽ ഒപ്പിടാതിരുന്ന ഗവർണറെ നേരത്തെ മന്ത്രി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസാധാരണ നടപടി.
Story Highlights: V. Muraleedharan Reacts Governor Arif Mohammad Khan’s Statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here