ചൈനയുടെ വാതിലുകൾ ലോകത്തിനായി തുറന്നിരിക്കുന്നു; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി

വിദേശ നിക്ഷേപത്തിൽ കൂടുതൽ ശ്രദ്ധ നൽകുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന്റെ ആദ്യ വാർത്താ സമ്മേളനത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു. ചൈനയുടെ വാതിലുകൾ ലോകത്തിനായി തുറന്നുകിടക്കുകയാണെന്ന് വാർത്താസമ്മേളനത്തിൽ ഉദ്യോഗസ്ഥർ വിശദീകരിച്ചു. ( first press conference of the Chinese Communist Party Congress ).
ചൈനീസ് പാർട്ടി കോൺഗ്രസിന്റെ ആദ്യ വാർത്താ സമ്മേളനത്തിലാണ് പാർട്ടി പ്രതിനിധികളായ ഉദ്യോഗസ്ഥർ ചൈനയുടെ വികസന കാഴ്ചപ്പാടുകൾ പങ്കുവച്ചത്. വിദേശ നിക്ഷേപത്തിൽ രാജ്യം വലിയ നേട്ടം കൈവരിച്ചെന്നും ആദ്യ എട്ടുമാസത്തിനുള്ളിൽ 124 ബില്യൺ ഡോളർ വിദേശ നിക്ഷേപം ഉപയോഗിച്ചെന്നും നാഷണൽ ഡെവലപ്മെന്റ് ആൻഡ് റിഫോം കമ്മീഷൻ ഡപ്യൂട്ടി ഡയറക്ടർ ഷാവോ ഷെനിൻ പറഞ്ഞു. ലോകത്തിനാകെ മാതൃകയാകുന്നതാണ് ചൈനയുടെ വികസനമെന്നും ഷാവോ കൂട്ടിച്ചേർത്തു.
Read Also: ഇരുപതാം ചൈനീസ് പാർട്ടി കോൺഗ്രസ് ഇന്ന്; ഷി ജിൻ പിംഗ് മൂന്നാം തവണയും തുടരും
ചൈന എങ്ങനെയാണ് പുതിയ വികസന മാതൃക വളർത്തുക, ആധുനികവൽക്കരണത്തിലേക്കുള്ള ചൈനീസ് പാത എങ്ങനെ, ചൈനീസ് സോഷ്യലിസത്തിൽ അധിഷ്ഠിതമായ പുനരുജ്ജീവനം എങ്ങനെ സാധ്യമാക്കും തുടങ്ങിയ കാര്യങ്ങളും ഉദ്യോഗസ്ഥർ വിശദീകരിച്ചു. കാർഷിക, ഊർജ മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങളും വാർത്താ സമ്മേളനത്തിൽ അതാത് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
അതേസമയം രാജ്യത്തിന്റെ പുനരുജ്ജീവനത്തിൽ പങ്കുചേരാനും ഒന്നിച്ചുനിൽക്കാനും ജനങ്ങളോട് പ്രസിഡന്റ് ഷി ജിൻപിങ് ആഹ്വാനം ചെയ്തു. ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ മേഖലയിലെ പ്രതിനിധികളുമായി തിങ്കളാഴ്ച നടത്തിയ ചർച്ചയിലാണ് ഷീ ഇക്കാര്യം ആവശ്യപ്പെട്ടത്. പീപ്പിൾസ് ഗ്രേറ്റ് ഹാളിൽ തുടരുന്ന പാർട്ടി കോൺഗ്രസിൽ വിവിധ വിഷയങ്ങളിലെ പ്രതിനിധി സമ്മേളന ചർച്ചകൾ തുടരുകയാണ്. ഈ മാസം 22നാണ് സമ്മേളനം കൊടിയിറങ്ങുക.
Story Highlights: first press conference of the Chinese Communist Party Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here