ലോകഫുട്ബോളിന്റെ നെറുകയിൽ കരിം ബെൻസെമ

കഴിഞ്ഞ കുറേക്കാലമായി മെസി, റൊണാൾഡോ ദ്വയത്തിൽ ചുറ്റിപ്പറ്റി നിൽക്കുകയായിരുന്നു ഫുട്ബോൾ ലോകം. എന്നാൽ ഇന്ന് കരിം ബെൻസെമയെന്ന മുപ്പത്തിനാലുകാരൻ അവരെ പിന്തള്ളി, ലോക ഫുട്ബോളിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ്. റയൽമാഡ്രിഡ് ജഴ്സിയിൽ ബെൻസെമ മിന്നിത്തിളങ്ങിയ സീസണാണ് കടന്നുപോയത്. ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും ടോപ് സ്കോറർ. അങ്ങനെ ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം എല്ലാവരും പ്രതീക്ഷിച്ചതുപോലെ കരീം ബെൻസെമയ്ക്ക് തന്നെ ലഭിച്ചു. ( Karim benzema at the top of world football ).
എതിരാളികളെ ബഹുദൂരം പിന്നിലാക്കി യൂറോപ്പിലെ മികച്ച താരമെന്ന നേട്ടവും ബെൻസെമ സ്വന്തമാക്കിയിരുന്നു .2019ൽ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരെ തെരഞ്ഞെടുത്തപ്പോൾ തൊണ്ണൂറ്റി മൂന്നാം സ്ഥാനത്തായിരുന്നു താരം. എന്നാൽ ഇന്ന് ലോക ഫുട്ബോളിൽ പകരം വയ്ക്കാൻ ആളില്ലാത്ത സ്ട്രൈക്കർ ആരെന്ന ചോദ്യത്തിന് ഒരുത്തരം മാത്രം. കരിം ബെൻസെമ.

2009ൽ ലിയോണിൽ നിന്നാണ് ബെൻസെമ റയൽമാഡ്രിഡിൽ എത്തുന്നത്. 2011 മുതലാണ് താരം റയലിൽ തിളങ്ങാൻ തുടങ്ങിയത്. ആ സീസണിൽ 32 ഗോളുകൾ സ്വന്തമാക്കി. എന്നാൽ പിന്നീട് ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്നതാണ് കണ്ടത്. റയൽ മാഡ്രിഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സുവർണകാലഘട്ടത്തിലും കളിക്കളത്തിൽ എന്നും നിഴലുപോലെ ബെൻസെമയുണ്ടായിരുന്നു. റൊണാൾഡോ നേടിയ ഗോളുകളിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയത് ബെൻസെമയായിരിക്കും.
2018ൽ റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറുമ്പോൾ ബെൻസെമയുടെ അക്കൗണ്ടിൽ വെറും 5 ഗോളുകൾ മാത്രം. എന്നാൽ അയാളുടെ പ്രതിഭയെന്താണെന്ന് ഫുട്ബോൾ ലോകം കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് എല്ലാ സീസണിലും 20ൽ കൂടുതൽ ഗോൾ നേടി ബെൻസെമ. റയൽ മാഡ്രിഡിന്റെ വിജയങ്ങളിൽ നെടുംതൂണായി
ഇന്നും അയാളുണ്ട്.
ലോകോത്തോര താരങ്ങൾ ടീമിൽ വിരാജിക്കുമ്പോൾ ഇവനെന്ത് കാര്യമെന്ന് ചോദിച്ചവർ ഏറെയാണ്. ട്രാൻസ്ഫറുകൾ വരുമ്പോൾ ഇവനേയും കളഞ്ഞേക്കെന്ന് പറഞ്ഞവരും നിരവധി. എന്നാൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ
കളിച്ച്, കഠിനാധ്വാനം ചെയ്ത് , വിമർശിച്ചവരേയും പരിഹസിച്ചവരേയും കൊണ്ട് ഇവൻ ടീമിലില്ലാതെ പറ്റില്ലെന്ന് പറയിപ്പിച്ചു ബെൻസെമ. സമയം വൈകിയല്ലോ എന്ന ചോദ്യത്തിനും പ്രസക്തിയില്ല. അയാളുടെ ഗോളുകളാണ് അതിനുത്തരം.
Read Also: ബാലൺ ഡി ഓർ പുരസ്കാരം കരീം ബെൻസെമയ്ക്ക്
ചാമ്പ്യൻസ് ലീഗിന്റെ ആദ്യ ക്വാർട്ടറിൽ ചെൽസിയെ അവരുടെ തട്ടകത്തിൽ ചെന്ന് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തറപറ്റിച്ചു റയൽ മാഡ്രിഡ്. റയലിന് തുണയായത് ബെൻസെമയുടെ ഹാട്രിക് പ്രകടനമാണ്. തുടർച്ചയായി 2 മത്സരങ്ങളിൽ ലോകോത്തര ടീമുകൾക്കെതിരേയും ഹാട്രിക് നേട്ടം. ഏത് ഗോൾകീപ്പർമാർക്കും പേടിസ്വപ്നമാണ് കരിം ബെൻസെമയെന്ന സ്ട്രൈക്കർ.
മത്സരത്തിന്റെ അവസാന നിമിഷം വരേയും കരുതിയിരിക്കേണ്ട താരമാണയാൾ എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ബെൻസെമയ്ക്ക് പകരം മറ്റാരുമില്ലെന്ന് സാക്ഷാൽ സിനദിൻ സിദാൻ പറഞ്ഞതും വെറുതയല്ലെന്ന് വ്യക്തം.
ബ്രസീലിയൻ താരം റൊണാൾഡോയാണ് തന്റെ ഹീറോയെന്ന് ബെൻസെമ പലവട്ടം പറഞ്ഞിട്ടുണ്ട്. “ഫുട്ബോൾ കളിച്ചുതുടങ്ങിയ കാലം മുതൽ ആരാധനാ മൂർത്തിയാണ് റൊണാൾഡോ. അദ്ദേഹത്തിന്റെ വിഡിയോകൾ എപ്പോഴും കാണും. അനുകരിക്കാൻ ശ്രമിക്കും. ഒരിക്കലും അത് എളുപ്പമായിരുന്നില്ല. എന്നാൽ ഫുട്ബോളിൽ
മുന്നോട്ടുള്ള കുതിപ്പിന് അദ്ദേഹം ചെലുത്തിയ സ്വാധീനം വളരെ വലുതാണ്”. റൊണാൾഡോയെപ്പറ്റി ചോദിച്ചപ്പോഴുള്ള ബെൻസെമയുടെ പ്രതികരണം ഇപ്രകാരമായിരുന്നു.

തന്റെ കരിയറിൽ എന്നും കടപ്പാടോടെ ബെൻസെമ ഓർക്കുന്നത് സഹതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ തന്നെയാണ്. “സീസണിൽ അൻപതിനടുത്ത് ഗോൾ നേടുന്ന താരത്തിനൊപ്പം കളിക്കുക എന്നത് ചെറിയ കാര്യമല്ല. അയാളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ഫുട്ബോളിൽ വലിയ ലക്ഷ്യങ്ങൾ ഉണ്ടെന്ന് പഠിപ്പിച്ചത് അദ്ദേഹമാണ്. എന്റെ കരിയർ ഇത്രയും രാകിമിനുക്കിയതിൽ ക്രിസ്റ്റ്യാനോയുടെ പങ്ക്
നിസ്തുലമാണ് “. ബെൻസെമ മനസ് തുറന്നു.
1987 ഡിസംബർ 19ന് ഫ്രാൻസിലാണ് കരിം മൊസ്തഫ ബെൻസെമ ജനിച്ചത്. അൾജീരിയയിൽ നിന്ന് ഫ്രാൻസിൽ എത്തിയവരായിരുന്നു മാതാപിതാക്കൾ. പ്രാദേശിക ക്ലബുകളിൽ ചെറുപ്രായത്തിൽ തന്നെ കളിച്ചുതുടങ്ങി.
എതിരാളിയുടെ ഗോൾവലയിലേക്ക് പന്തുമായി കുതിക്കുന്ന ബെൻസെമയെ കൂട്ടുകാർ “കോകോ” എന്നാണ് വിളിച്ചിരുന്നത്. ഫ്രാൻസിന്റെ അണ്ടർ-16 ടീമിൽ ഇടംപിടിച്ചതോടെ ബെൻസെമയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
കരിയറിൽ ഉയർച്ചകൾ താണ്ടുമ്പോഴും വിവാദങ്ങൾ ബെൻസെമയെ വിട്ടൊഴിഞ്ഞിരുന്നില്ല. 2006ൽ ഒരു അഭിമുഖത്തിനിടെ അൾജീരിയൻ ടീമിൽ കളിക്കാൻ ആഗ്രഹിക്കുന്നെന്ന് പറഞ്ഞത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. തന്റെ മാതാപിതാക്കളുടെ രാജ്യമായതുകൊണ്ടുതന്നെ അൾജീരിയയ്ക്ക് എന്നും ഹൃദയത്തിലാണ് സ്ഥാനമെന്നും അവസരം കിട്ടിയാൽ കളിക്കുമെന്നും ബെൻസെമ പറഞ്ഞത് ഫ്രാൻസ് ആരാധകരെ ചൊടിപ്പിച്ചു. ഫ്രാൻസിന്റെ ദേശീയഗാനം ആലപിക്കാൻ ബെൻസെമയ്ക്ക് മടിയാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആക്രമണം അഴിച്ചുവിടുകയും ചെയ്തു.
2015ൽ സെക്സ് ടേപ്പ് വിവാദത്തിലും ബെൻസെമ കുടുങ്ങി. ഫ്രഞ്ച് ഫുട്ബോൾ താരം മാത്യു വെൽബുനയ്ക്ക് എതിരെ ഒരു സെക്സ് ടേപ്പ് ഇറങ്ങിയിരുന്നു. ഇത് താരത്തെ ബ്ലാക്ക് മെയിൽ ചെയ്യാൻ ബെൻസെമ ഉൾപ്പെടെയുള്ളവർ ചെയ്തതാണെന്നായിരുന്നു കേസ്. ബെൻസെമയ്ക്കും മറ്റ് നാല് പേർക്കും പാരിസിലെ കോടതി ഒരു വർഷത്തെ സസ്പെൻഡഡ് തടവും ആറരക്കോടി രൂപയോളം രൂപ പിഴയും വിധിച്ചു. ഇതിൽ അപ്പീലടക്കമുള്ള നിയമ നടപടികൾ തുടരുകയാണ്.

ക്ലബ് ഫുട്ബോളിൽ മിന്നിത്തിളങ്ങുമ്പോഴും ദേശീയ ടീമിനായി കാര്യമായ നേട്ടമുണ്ടാക്കാൻ ബെൻസെമയ്ക്ക് കഴിഞ്ഞിട്ടില്ല. സെക്സ് ടേപ്പ് വിവാദത്തിൽ 5 വർഷം ഫ്രാൻസ് ടീമിൽ നിന്ന് പുറത്താവുകയും ചെയ്തു. രണ്ട് വർഷം മുമ്പാണ് ദേശീയ ടീമിൽ താരം തിരിച്ചെത്തിയത്. തന്റെ കരിയറിന് മുകളിൽ കരിനിഴൽ വീഴ്ത്തിയ പ്രതിസന്ധി ഘട്ടത്തെ, ആത്മവിശ്വാസത്തോടെ കരിം ബെൻസെമ അതിജീവിച്ചത് കാണാതെ പോകാനാകില്ല.
ഇത്തവണ ബാലൺ ദിയോർ പ്രിയ കൂട്ടുകാരൻ ബെൻസെമയ്ക്ക് സ്വന്തമെന്ന് ലയണൽ മെസി മാസങ്ങൾക്ക് മുമ്പുതന്നെ പറഞ്ഞിരുന്നു. മെസിയെ മിശിഹായെന്ന് വാഴ്ത്തുമ്പോഴും, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വേണ്ടി ആർപ്പുവിളികൾ ഉയരുമ്പോഴും, ഫുട്ബോൾ മൈതാനങ്ങളിൽ ബെൻസെമയും ഉണ്ടായിരുന്നു. അയാളൊഴുക്കിയ വിയർപ്പും അംഗീകരിക്കപ്പെടുകയാണ്. തോൽക്കാൻ മനസ്സില്ലാത്തവന്റെ നേട്ടത്തിന് കയ്യടിച്ചേ മതിയാകൂ. മലബാറിലെ റയൽ മാഡ്രിഡ് ആരാധകർ പറയുംപോലെ നമ്മുടെ കരീം ഇക്കയുടെ കളികൾ ഇനിയും കാണാനിരിക്കുന്നതേയുള്ളൂ.
Story Highlights: Karim benzema at the top of world football
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here